|    May 27 Sat, 2017 11:56 am
FLASH NEWS

ജിഎസ്ടി ബില്ല് പാസാക്കി; രാജ്യസഭയില്‍ 203 അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തു

Published : 4th August 2016 | Posted By: SMR

കെ  എ  സലിം

ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ രാജ്യത്തിന്റെ നികുതിഘടനയില്‍ സമഗ്ര മാറ്റമുണ്ടാക്കുന്ന ചരക്കുസേവന നികുതി ബില്ല് (ജിഎസ്ടി) രാജ്യസഭ പാസാക്കി. ഏഴുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കും തുടര്‍ന്നുണ്ടായ വോട്ടിങിനുമിടെ ഇന്നലെ രാത്രിയാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച സുപ്രധാന ബില്ലിന് അംഗീകാരം ലഭിച്ചത്. 203 അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തു. 122ാം ഭരണഘടനാ ഭേദഗതി ബില്ലിനെ കോണ്‍ഗ്രസ്സും അനുകൂലിച്ചു.
എന്നാല്‍, 32 പാര്‍ട്ടികളില്‍ 13 അംഗങ്ങളുള്ള അണ്ണ ഡിഎംകെയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ബില്ല് അവതരിപ്പിച്ച ഘട്ടത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി അണ്ണ ഡിഎംകെ എംപിമാര്‍ സഭയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
ലോക്‌സഭ കഴിഞ്ഞവര്‍ഷം മെയ് ആറിന് പാസാക്കിയ ബില്ലില്‍ ഭേദഗതികള്‍ വരുത്തിയാണു രാജ്യസഭ പരിഗണിച്ചത്. രാജ്യസഭയുടെ സെലക്റ്റ് കമ്മിറ്റി, സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി, കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ കക്ഷികള്‍ തുടങ്ങിയവയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബില്ല് പരിഷ്‌കരിച്ചത്. ഭരണഘടനാ ഭേദഗതിയുടെ തുടര്‍ച്ചയായി വരാനിരിക്കുന്ന ചരക്കുസേവന നികുതി ബില്ല് ധനബില്ലായി അവതരിപ്പിക്കണമെന്നും പരമാവധി നികുതി 18 ശതമാനമാക്കി നിജപ്പെടുത്തണമെന്നുമുള്ള ഉപാധികളോടെ പ്രതിപക്ഷകക്ഷികള്‍ പിന്തുണയ്ക്കുകയായിരുന്നു. ബില്ല് ഭരണഘടനാവിരുദ്ധവും ചരക്കുസേവന നികുതിഘടന തമിഴ്‌നാടിനു സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതാണെന്നുമായിരുന്നു അണ്ണ ഡിഎംകെയുടെ വാദം.
എന്നാല്‍, ബില്ല് ചരിത്രപരമായ ചുവടുവയ്പാണെന്നും നവീനമായ നികുതിപരിഷ്‌കരണമാണ് ഇതെന്നും ധനമന്ത്രി വ്യക്തമാക്കി. ഏകീകൃത നികുതിസംവിധാനം കൊണ്ടുവരാനും നികുതിഘടന പരിഷ്‌കരിക്കാനും ജിഎസ്ടിക്ക് സാധിക്കും.  എല്ലാ കക്ഷികളുമായും കൂടിയാലോചിച്ചാണ് ബില്ല് കൊണ്ടുവന്നത്. അതിനാല്‍ ഭരണഘടനാ ഭേദഗതി ഫെഡറല്‍ സംവിധാനത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന ചില സംസ്ഥാനങ്ങളുടെ പരാതിക്ക് അടിസ്ഥാനമില്ല. ബില്ലിന്‍മേല്‍ അഭിപ്രായ ഏകീകരണമുണ്ടാക്കാന്‍ സഹായിച്ച പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഉന്നതാധികാര സമിതി അംഗങ്ങള്‍, സംസ്ഥാന ധനമന്ത്രിമാര്‍ എന്നിവര്‍ക്കും ധനമന്ത്രി നന്ദി അറിയിച്ചു.
ജിഎസ്ടി ബില്ലിന് വഴിയൊരുക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലാണ് രാജ്യസഭയിലെത്തിയത്.  കഴിഞ്ഞവര്‍ഷം പാസാക്കിയ ബില്ലില്‍ മാറ്റങ്ങള്‍ വരുന്നതിനാല്‍ രാജ്യസഭ പാസാക്കുന്ന ബില്ല് ലോക്‌സഭ വീണ്ടും പാസാക്കണം. കൂടാതെ, രാജ്യത്തെ പകുതി സംസ്ഥാനങ്ങളെങ്കിലും ബില്ല് അംഗീകരിച്ച് പ്രമേയം പാസാക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day