|    Nov 21 Wed, 2018 8:10 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജിഎസ്ടി ബില്ലിന് അംഗീകാരം നല്‍കുമെന്ന് ഐസക്

Published : 31st August 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിക്കായുള്ള (ജിഎസ്ടി) ഭരണഘടനാ ഭേദഗതി ബില്ലിന് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അംഗീകാരം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതിനിരക്കിന്റെ കാര്യത്തി ല്‍ സമവായമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നികുതിഘടന നടപ്പാക്കുന്നതിനുള്ള സാങ്കേതികസൗകര്യങ്ങള്‍ ഒരുക്കുന്ന ജിഎസ്ടി കമ്പനിയുടെ ചെലവ് കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ചേര്‍ന്നു വഹിക്കാന്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി ഉന്നതാധികാരസമിതി യോഗത്തില്‍ തീരുമാനമായി. കമ്പനിയുടെ ചെലവ് പൂര്‍ണമായും കേന്ദ്രം വഹിക്കണമെന്ന കേരളത്തിന്റെ ആവശ്യം സമിതി തള്ളി.
കമ്പനിയുടെ ചെലവ് നിരീക്ഷിക്കുന്നതിന് അഞ്ചംഗ മന്ത്രിതലസമിതി രൂപീകരിക്കും. തോമസ് ഐസക്കിനെ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. സര്‍ക്കാരിന് 49 ശതമാനവും ഐടി കമ്പനികള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ക്ക് 51 ശതമാനവും കമ്പനിയില്‍ ഓഹരിപങ്കാളിത്തമുണ്ടാവും.
പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ പാസാക്കിയ ജിഎസ്ടി ഭരണഘടനാഭേദഗതി ബില്ലിനാണ് അടുത്തമാസം അവസാനം ചേരുന്ന നിയമസഭാ സമ്മേളനം അംഗീകാരം നല്‍കുക. പാര്‍ലമെന്റ് പാസാക്കിയ ബില്ലിന് രാജ്യത്തെ പകുതി സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്.
സംസ്ഥാനാന്തര നികുതിപങ്കിടല്‍, പരമാവധി പിരിക്കാവുന്ന നികുതിയുടെ പരിധി എന്നീ കാര്യങ്ങളില്‍ കേരളത്തിന് അഭിപ്രായ വ്യത്യാസമുണ്ട്. എതിര്‍പ്പ് ചൂണ്ടിക്കാട്ടി കേരളം കേന്ദ്രത്തിനു കത്തയച്ചിരുന്നു. എന്നാല്‍, ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ജിഎസ്ടി ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് സംസ്ഥാനം അംഗീകാരം നല്‍കുന്നത്.
നികുതിപിരിവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള ജിഎസ്ടി കമ്പനിയുടെ ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സ്വകാര്യ കമ്പനികളെ ഒഴിവാക്കണം. അല്ലെങ്കില്‍ നികുതി വിവരങ്ങള്‍ സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തെ അനുവദിക്കണം എന്നിവയായിരുന്നു കേരളത്തിന്റെ ആവശ്യങ്ങള്‍.
രാജ്യത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ പ്രാപ്യമാക്കാന്‍ സഹായിക്കുന്നവിധം നികുതിഘടനാമാറ്റത്തില്‍ വ്യവസ്ഥകള്‍ ഉണ്ടാവണമെന്ന് ഉന്നതാധികാരസമിതി യോഗത്തില്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ചില്ലറവ്യാപാര മേഖലയില്‍ നടന്നുവരുന്ന ഉദ്യോഗസ്ഥപീഡനങ്ങള്‍, അഴിമതികള്‍ എന്നിവ ഇല്ലാതാക്കാന്‍ ഏകജാലക നികുതി സമ്പ്രദായത്തിലൂടെ വ്യവസ്ഥകള്‍ കൊണ്ടുവരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റും ദേശീയ ജനറല്‍ സെക്രട്ടറിയുമായ മാരിയില്‍ കൃഷ്ണന്‍ നായര്‍ ആവശ്യപ്പെട്ടു.
ദേശീയ എംപവേര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ അമിത് മിത്ര അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ധനമന്ത്രിമാരും വ്യാപാരി പ്രതിനിധികളായി കെവിവിഇഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് പി എ എം ഇബ്രാഹീം, വിജയപ്രകാശ് ജെയിന്‍, ബാലകൃഷ്ണ അഗര്‍വാള്‍ തുടങ്ങിയവരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss