|    Oct 21 Sun, 2018 7:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഎസ്ടി പ്രതിസന്ധി : നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് ഗവ. കരാറുകാര്‍

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: കരാര്‍ മേഖലയില്‍ ജിഎസ്ടി നടപ്പാക്കുക വഴി നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും നിലവിലെ അവസ്ഥയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുക അല്ലാതെ മറ്റു പോംവഴി ഇല്ലെന്നും ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര, കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി നാഗരത്‌നന്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന എല്ലാ വിഭാഗം കരാറുകാര്‍ക്കും ജിഎസ്ടിയില്‍ വന്ന മാറ്റത്തിന്റെ ഭാഗമായി 12 ശതമാനം ടാക്‌സ് നിജപ്പെടുത്തിയിരുന്നു. എന്നാല്‍ ഗവ. കരാറുകാരുടെ ലാഭവിഹിതം 10 ശതമാനം മാത്രമാണ് എസ്റ്റിമേറ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ അധികരിച്ച ടാക്‌സ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുമെന്നു സര്‍ക്കാര്‍ ഇതിനകം കരാറുകാരുടെ സംഘടനാ പ്രതിനിധികളുമായുള്ള യോഗങ്ങളിലും മറ്റും പറഞ്ഞിരുന്നെങ്കിലും ഇത് നാളിതുവരെ നടപ്പായിട്ടില്ല. അതോടൊപ്പം ബില്ല് എഴുതി സമര്‍പ്പിക്കുന്നതിനു മുമ്പേ ടാക്‌സ് മുന്‍കൂറായി അടയ്ക്കണമെന്നതും കരാറുകാരന്‍ മാസാമാസം റിട്ടേണ്‍ സമര്‍പ്പിക്കണമെന്നതും ഒട്ടും പ്രായോഗികമല്ല. പൂര്‍ത്തീകരിച്ച പ്രവര്‍ത്തികളുടെ പണം ലഭിക്കുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ഇങ്ങനെ പണം ലഭിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് പലിശ പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണു കരാറുകാര്‍. നിര്‍മാണ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കുന്നതിനും വില വര്‍ധന തടയുന്നതിനും സര്‍ക്കാര്‍ വേണ്ടുന്ന ഇടപെടലുകള്‍ നടത്തുന്നില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ പരിഹാരം കാണാത്തപക്ഷം നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ച് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് എകെജിസിഎ, കെജിസിഎ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss