|    Oct 23 Mon, 2017 11:48 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജിഎസ്ടി പരിധി 20 ലക്ഷത്തിനു മുകളില്‍

Published : 24th September 2016 | Posted By: SMR

കെ   എ   സലിം

ന്യൂഡല്‍ഹി: 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള വ്യവസായസ്ഥാപനങ്ങളുടെ ചരക്കുസേവന നികുതി (ജിഎസ്ടി)യില്‍ നിന്ന് ഒഴിവാക്കാന്‍ ചരക്കുസേവന നികുതി കൗണ്‍സിലിന്റെ പ്രഥമ യോഗത്തില്‍ തീരുമാനം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് 10 ലക്ഷമായിരിക്കും. ദിനേന 5500 രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ വരില്ല.
എന്നാല്‍, നികുതിതോത് സംബന്ധിച്ചും ജിഎസ്ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തോത് കണക്കാക്കുന്നതു സംബന്ധിച്ചും യോഗത്തില്‍ തീരുമാനമായില്ല. 50 ലക്ഷം വരെ വിറ്റുവരവുള്ളവര്‍ അനുമാന നികുതി നല്‍കിയാല്‍ മതിയാവും. അതിനു മുകളിലുള്ളവര്‍ പൂര്‍ണനികുതി നല്‍കണം. വിറ്റുവരവിന്റെ ഒരു ശതമാനമായിരിക്കും അനുമാന നികുതി.
കഴിഞ്ഞ ആറു വര്‍ഷത്തെ വളര്‍ച്ചാനിരക്ക് കണക്കാക്കി അതില്‍ നിന്ന് ഏറ്റവും മികച്ച മൂന്നു വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ ഈ തോത് നിശ്ചയിക്കണമെന്ന നിലപാടാണ് യോഗത്തില്‍ കേരളം സ്വീകരിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രത്തിന് അനുകൂല നിലപാടായിരുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വളര്‍ച്ചാനിരക്ക് കണക്കാക്കാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. നികുതി 12 ശതമാനമായിരിക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവച്ചെങ്കിലും ചുരുങ്ങിയത് 20 ശതമാനമെങ്കിലും നികുതി ഏര്‍പ്പെടുത്തണമെന്ന നിലപാടായിരുന്നു കേരളത്തിന്റേത്. ഇക്കാര്യങ്ങളില്‍ അടുത്ത മാസം 17, 18, 19 തിയ്യതികളില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഒന്നര കോടി രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള വ്യാപാരികളില്‍ നിന്ന് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നികുതി പിരിക്കാനും തീരുമാനിച്ചു. അതിനു താഴെയുള്ളവരില്‍ നിന്നു സംസ്ഥാനം നികുതി പിരിച്ചുനല്‍കും. സേവനനികുതി പിരിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് പരിചയക്കുറവുള്ളതിനാല്‍ അത് കേന്ദ്രമാവും തല്‍ക്കാലം പിരിക്കുക. നിലവിലുള്ള എല്ലാ സെസ്സുകളും ജിഎസ്ടിയില്‍ ലയിപ്പിക്കുമെന്നും 30നു നടക്കുന്ന യോഗത്തില്‍ ഇതിന്റെ കരടുചട്ടവും മാതൃകാ നിയമവും ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
സ്റ്റാന്‍ഡേര്‍ഡ് നികുതി 20 ശതമാനമായിരിക്കണമെന്ന നിലപാടാണ് കേരളം  സ്വീകരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക