|    Dec 17 Sun, 2017 9:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം

Published : 1st October 2016 | Posted By: SMR

ന്യൂഡല്‍ഹി: സേവനനികുതി പിരിവ് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. ഒന്നര കോടി രൂപവരെ വരുമാന പരിധിയില്‍ വരുന്ന നികുതി കേന്ദ്രം നേരിട്ട് പിരിച്ചെടുക്കുമെന്നതില്‍ കഴിഞ്ഞ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, ഇന്നലെ പല സംസ്ഥാനങ്ങളും നിലപാട് മാറ്റി. ഇത്തരത്തില്‍ കേന്ദ്രം നികുതി പിരിക്കുകയാണെങ്കില്‍ തന്നെ നിശ്ചിത കാലപരിധി വയ്ക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.
കേരളം, തമിഴ്‌നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് ശക്തമായ എതിര്‍പ്പുമായി ഇന്നലെ നടന്ന യോഗത്തില്‍ രംഗത്തെത്തിയത്. അമ്പത് ലക്ഷം മുതല്‍ ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യവസായങ്ങളുടെ സേവനനികുതി പിരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ബിജെപി ഇതര സംസ്ഥാനങ്ങള്‍ ഈ ആവശ്യത്തെ പിന്തുണച്ചു. അതേസമയം, വ്യവസായങ്ങളുടേയും വളര്‍ച്ചാ നിരക്കിന്റേയും അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ മേഖലകളാക്കി തിരിച്ച് നികുതിയിളവ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന കേരളത്തിന്റെ നിലപാട് യോഗം അംഗീകരിച്ചു. നികുതിയിളവ് പിന്‍വലിക്കുമ്പോഴുണ്ടാവുന്ന നഷ്ടത്തിന് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തിലും യോഗം ധാരണയിലെത്തി.
ഒരു കമ്പനിക്കും ജിഎസ്ടിയിലൂടെ നികുതി ഇളവ് നല്‍കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ആദ്യം നികുതി പിരിച്ചശേഷം യോഗ്യരായ കമ്പനികള്‍ക്ക് ബജറ്റ് നിര്‍ദേശത്തിലൂടെ നികുതി ഇളവ് നല്‍കുന്ന രീതിക്കാണ് അംഗീകാരം നല്‍കിയത്. ഷെയര്‍ റീഫണ്ട്, രജിസ്‌ട്രേഷന്‍ തുടങ്ങിയ അഞ്ച് പ്രധാന വിഷയങ്ങളിലും ജിഎസ്ടിയുമായി ബന്ധപ്പെട്ട് യോഗം ധാരണയിലെത്തി. അടുത്ത മാസം 18ന്  ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടറിതല സമിതിക്ക് രൂപം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss