|    Apr 24 Mon, 2017 5:05 am
FLASH NEWS

ജിഎസ്ടി കൗണ്‍സില്‍ തീരുമാനമാവാതെ പിരിഞ്ഞു

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനമാവാതെ പിരിഞ്ഞു.
നിരക്കുഘടന അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാതെയാണ് നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പേ യോഗം അവസാനിച്ചത്. ജിഎസ്ടി വിഹിതമെടുത്ത് നഷ്ടപരിഹാരം നികത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കേരളം എതിര്‍ത്തു. നഷ്ടപരിഹാരം നികത്താന്‍ സെസ് ഏര്‍പ്പെടുത്താനാവില്ലെന്നും കേരളം കൗണ്‍സിലില്‍ വ്യക്തമാക്കി. നഷ്ടപരിഹാരം നികത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് സംസ്ഥാനം വാദിച്ചു.
50,000 കോടിക്കടുത്താണ് നഷ്ടപരിഹാരം കൊടുക്കേണ്ടിവരുന്നത്. എന്നാല്‍, പുകയിലയിലും കല്‍ക്കരിയിലും ക്ലീന്‍ എനര്‍ജിക്ക് വേണ്ടി ഏര്‍പ്പെടുത്തിയ അധിക സെസ് പൂര്‍ണമായും ഇതിലേക്കു മാറ്റി, ബാക്കി വരുന്ന തുക എങ്ങനെ കണ്ടെത്താമെന്ന കാര്യം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പറയാമെന്ന് കേന്ദ്രം വ്യക്തമാക്കി.
ഒന്നരക്കോടിയില്‍ താഴെ വിറ്റുവരവുള്ളവയുടെ സേവന നികുതി മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കു വേണമെന്ന് കേരളം ആവശ്യപ്പെട്ടു. നികുതി ഏകീകരണ വിഷയത്തിലും തീരുമാനമായിട്ടില്ല.
ആഡംബര നികുതി കുറച്ച് 26 ശതമാനമാക്കുകയും 200ഓളം അവശ്യസാധനങ്ങളുടെ നികുതി അഞ്ചുശതമാനത്തില്‍ നിന്ന് ആറുശതമാനമാക്കി വര്‍ധിപ്പിക്കുകയും ചെയ്തത് സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നമാണെന്നും കേരളം യോഗത്തില്‍ പറഞ്ഞു.
ആഡംബര കാറുകള്‍ക്ക് 48 ശതമാനമാണ് നിലവില്‍ നികുതിയുള്ളത്. ഇത് 26 ശതമാനമായി കുറച്ചുകൊണ്ടാണ് അവശ്യസാധനങ്ങളുടെ നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന നികുതി 30 ശതമാനവും കുറഞ്ഞത് നാലുശതമാനവും മതിയെന്നാണ് കേരളത്തിന്റെ നിലപാട്.
ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും 26, 18, 12, 6 എന്നീ സ്ലാബുകളായി തിരിച്ച് നികുതി പിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനെയും കേരളം ശക്തമായി എതിര്‍ത്തു. അടുത്ത യോഗം നവംബര്‍ മൂന്ന്, നാല്, 9 തിയ്യതികളില്‍ വീണ്ടും ചേരാന്‍ തീരുമാനിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day