|    Oct 17 Wed, 2018 7:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജിഎസ്ടി: കണക്കുകൂട്ടലുകള്‍ പിഴച്ചതെവിടെ?

Published : 22nd September 2017 | Posted By: fsq

 

നിഖില്‍  ബാലകൃഷ്ണന്‍

നഗരത്തിലെ ഇടത്തരം ഹോട്ടലില്‍ നിന്ന് 1000 രൂപയ്ക്കു ഭക്ഷണം കഴിച്ച കുടുംബം ബില്ല് കണ്ട് അന്തംവിട്ടു. അധികനിരക്ക് 1180 രൂപ. കാഷ്യറോട് കാര്യം തിരക്കിയപ്പോള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ഹോട്ടലാണെന്നും ഭക്ഷണത്തിന് ചരക്ക് സേവന നികുതി കൂടി നല്‍കണമെന്നുമുള്ള മറുപടിയാണു ലഭിച്ചത്. സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് ഒന്നുമറിയാതെ നഷ്ടമായത് അധ്വാനിച്ചുണ്ടാക്കിയ 180 രൂപ. ജനങ്ങളെ നികുതിയുടെ നൂലാമാലകളില്‍നിന്ന് രക്ഷപ്പെടുത്താമെന്നു വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയപ്പോള്‍ കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണ്. ജിഎസ്ടിയുടെ മറവില്‍ ഇത്തരത്തില്‍ പിരിക്കുന്ന പണം എവിടേക്കാണ് എത്തുന്നത്? ആരാണ് ജിഎസ്ടിയുടെ ഗുണഭോക്താക്കള്‍? ഈ ചോദ്യങ്ങള്‍ക്ക് ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് മൂന്നുമാസം തികയുന്ന വേളയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൃത്യമായ മറുപടിയില്ല. നികുതിരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ജിഎസ്ടിയിലൂടെ തുടക്കമാവുമെന്നും വിലവര്‍ധനയില്‍ നട്ടംതിരിയുന്ന രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് സേവന നികുതി ആശ്വാസംപകരുമെന്നുമാണ് കേന്ദ്ര ധനമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍, വിലക്കുറവിന്റെ നേരിയ ആനുകൂല്യംപോലും സാധാരണ ജനങ്ങള്‍ക്കു ലഭിച്ചില്ല. ജിഎസ്ടിയുടെ ചുവടുപിടിച്ച് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും ചെയ്തു. കേരളത്തെ സംബന്ധിച്ചിടത്തോളം ഉറപ്പായും വില കുറയുമെന്ന് ധനമന്ത്രി തോമസ് ഐസക് അക്കമിട്ടു നിരത്തിയ പല ഉല്‍പന്നങ്ങളുടെയും വില കുറഞ്ഞില്ലെന്നു മാത്രമല്ല, കൂടുകയും ചെയ്തു. കൊച്ചിയില്‍ സംഘടിപ്പിച്ച ജിഎസ്ടിയുടെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ ധനമന്ത്രി ഒരുമാസം സംസ്ഥാനം വിലക്കയറ്റത്തിന്റെ പിടിയിലാവുമെന്നും പിന്നീട് കാര്യങ്ങള്‍ വരുതിയിലാവുമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നെയും ഒരുപാട് കൂട്ടിക്കിഴിക്കലുകള്‍. ഒടുവില്‍ കേരളം നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട ഉല്‍പന്നങ്ങളുടെ നികുതി  കുറയ്ക്കാന്‍ സാധിക്കുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചു. അതോടെ ഒടുവിലത്തെ പ്രതീക്ഷയും അസ്തമിച്ചു. ജിഎസ്ടി നടപ്പാക്കിയ ആദ്യനാളുകളില്‍ ആത്മവിശ്വാസത്തോടെ ചാനലുകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ മൗനത്തിലാണ്. ആഗസ്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സിപിഎം എംഎല്‍എമാരുള്‍പ്പെടെ ജിഎസ്ടിയില്‍ തോമസ് ഐസക്കിന്റെ നിലപാടുകളെ വിമര്‍ശിച്ചു രംഗത്തുവന്നതിനും കേരളം സാക്ഷിയായി. ഉല്‍പന്നങ്ങളുടെ വില കൂടിയതിന്റെ ഉത്തരവാദിത്തം ഉല്‍പാദകരിലും വ്യാപാരികളിലുമാണ് തോമസ് ഐസക് അടിച്ചേല്‍പ്പിക്കുന്നത്. അനധികൃതമായി വില കൂട്ടിയ ഇവര്‍ക്കെതിരേ കേന്ദ്രമാണു നടപടി സ്വീകരിക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് നികുതിവരുമാനം കൂടുമെന്ന് ആദ്യഘട്ടത്തില്‍ നടത്തിയ പ്രഖ്യാപനവും തോമസ് ഐസക് തിരിച്ചെടുത്തു. ജിഎസ്ടി വരുമാനം കേന്ദ്രത്തിന്റെ പക്കലാണെന്നും സംസ്ഥാനത്തിന്റെ വിഹിതം ലഭിക്കുമ്പോള്‍ മാത്രമേ വരുമാനത്തെക്കുറിച്ചു പറയാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. പക്ഷേ, അത് എന്ന് എപ്പോള്‍ സംഭവിക്കുമെന്ന ചോദ്യത്തിന് മൗനം മാത്രം മറുപടി. നാളെ: ആരോഗ്യരംഗത്തെ ജിഎസ്ടി സാധാരണക്കാരന് തിരിച്ചടി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss