|    Oct 22 Mon, 2018 8:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഎസ്ടി: എഐഎഡിഎംകെ എതിര്‍ത്തു

Published : 4th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ജിഎസ്ടി ബില്ലിനെ തമിഴ്‌നാട് എതിര്‍ത്തതിന്റെ തുടര്‍ച്ചയായി രാജ്യസഭയില്‍ എഐഎഡിഎംകെ ബില്ലിനെ എതിര്‍ത്തു. ബില്ല് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശം ലംഘിക്കുന്നതാണെന്ന് എഐഎഡിഎംകെ അംഗം എ നവനീത് കൃഷ്ണന്‍ ആരോപിച്ചു. തമിഴ്‌നാട് സര്‍ക്കാരിന് ജിഎസ്ടി വരുന്നതോടെ സ്ഥിരമായ വരുമാന നഷ്ടമുണ്ടാകുന്നു.
സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു നിവേദനവും സെലക്ട് കമ്മിറ്റിക്കു വിയോജന കുറിപ്പും നല്‍കിയിരുന്നു. സംസ്ഥാനങ്ങളുടെ ഭരണഘടനാ പരമായ അവകാശം ലംഘിക്കുന്നതാണിത്. ജിഎസ്ടി കൗണ്‍സിലിന്റെ രൂപീകരണവും യുക്തമായിരുന്നില്ല. ഇന്ത്യയുടെ വൈവിധ്യം പരിഗണിക്കാതെയാണിത് രൂപീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടപരിഹാരം എന്നത് അഞ്ചു വര്‍ഷത്തില്‍ കുറയാതെ എന്നാക്കി മാറ്റണമെന്നും എഐഎഡിഎംകെ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നു പി വി അബ്ദുല്‍ വഹാബും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കേരളത്തിനു 3000 കോടിയുടെ നഷ്ടമുണ്ടാക്കുന്നു.  നഷ്ടപരിഹാരം കുറച്ചു കൂടി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പാക്കണമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഭരണഘടനാപരമാണ്. ഭിക്ഷാപാത്രങ്ങളുമായി സംസ്ഥാനങ്ങള്‍ പണത്തിനായി കേന്ദ്രത്തിന്റെ മുമ്പില്‍ കൈ നീട്ടി നില്‍ക്കേണ്ട അവസരമാണോ വരാന്‍ പോവുന്നതെന്നും അദ്ദേഹം ചോദിച്ചു.
24 ശതമാനം നികുതി നിരക്ക് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ധനകാര്യ മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത നല്‍കണം. ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് സിപിഐ നേതാവ് ഡി രാജ പറഞ്ഞു. പരിചിതമല്ലാത്ത സാമ്പത്തിക മേഘലയിലേക്കാണ് ഇതിലൂടെ കടന്നു ചെല്ലുന്നത്. പ്രത്യാഘാതങ്ങള്‍ എന്താണെന്നു കണക്കാക്കാനാവില്ല.
രാജ്യത്തെ സാധാരണക്കാരുടെ താല്‍പര്യങ്ങളില്‍ മനസ്സിരുത്തണം. നികുതി നിരക്ക് നിജപ്പെടുത്തുന്നതു തന്നെയാണു പ്രധാന വിഷയം. നികുതി ദായകരെ പരോക്ഷ നികുതി പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്രത്തിന് ഉറപ്പു നല്‍കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ ഹനിക്കപ്പെടുമോ എന്ന ആശങ്കയുമുണ്ട്. ജിഎസ്ടി കൗണ്‍സില്‍ പൂര്‍ണമായും കേന്ദ്ര താല്‍പര്യത്തിന് അനുസരിച്ചുള്ളതായിരുന്നു. ജിഎസ്ടി ബില്ല് പാസാക്കുകയാണെങ്കില്‍ കേന്ദ്ര ജിഎസ്ടി, സംസ്ഥാന ജിഎസ്ടി, ഐജിഎസ്ടി ബില്ലുകള്‍ കൂടി കൊണ്ടു വരണമെന്നും രാജ ആവശ്യപ്പെട്ടു.
ധനകാര്യ ബില്ലായി മാത്രം ജിഎസ്ടി പാസാക്കരുതെന്ന് സര്‍ക്കാരിനോട് ജെഡിയു നേതാവ് ശരദ് യാദവ് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ രണ്ടു സഭകളും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. പുതിയ നിയമത്തില്‍ പ്രാദേശിക ഭരണകേന്ദ്രങ്ങളുടെ വരുമാനം സംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കോണ്‍ഗ്രസ്സും ബിജെപിയും ജിഎസ്ടി ബില്ലിനെ പിന്തുണയ്ക്കുകയാണോ എതിര്‍ക്കുകയാണോ എന്നു വ്യക്തമല്ലെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ പറഞ്ഞത്. ജിഎസ്ടി പാസാക്കാന്‍ പിന്തുണയ്ക്കുന്ന കാര്യം തന്റെ പാര്‍ട്ടി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ജിഎസ്ടി കൗണ്‍സിലിന്റെ യുക്തിയെ ചോദ്യം ചെയ്താണു സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളും സംസാരിച്ചത്. ജിഎസ്ടി ബില്ല് ഫിനാന്‍സ് ബില്ലായി തന്നെ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്ടി ബില്ല് ഇന്ത്യന്‍ വിപണിയെ ഒന്നാം നിരയിലെത്തിക്കുമെന്ന് ബിജെപി എംപി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
എംപിമാരുടെ ചര്‍ച്ചകള്‍ തീര്‍ന്ന ഉടന്‍ സിപിഎമ്മില്‍ നിന്നു കൂടുതല്‍ അംഗങ്ങള്‍ക്കു സമയം നല്‍കിയതിനെ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയന്‍ ചോദ്യം ചെയ്തു. എഐഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബില്ലിനു പിന്തുണ വ്യക്തമാക്കിയിരുന്നു.
ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലാകുന്ന മുറയ്ക്കു ജിഎസ്ടിക്കായി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമമുണ്ടാക്കാം.
ലോക്‌സഭ കഴിഞ്ഞ വര്‍ഷം മെയ് ആറിനു പാസാക്കിയ ഭരണഘടനാ ഭേദഗതി ബില്ല് പരിഷ്‌കരിച്ച രൂപത്തിലാണു രാജ്യസഭയുടെ പരിഗണനയ്‌ക്കെത്തിയത്. രാജ്യസഭയുടെ സെലക്ട് കമ്മിറ്റി, സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി, കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ കക്ഷികള്‍ തുടങ്ങിയവയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു ബില്ല് പരിഷ്‌കരിച്ചത്. ഉല്‍പാദക സംസ്ഥാനങ്ങള്‍ക്കായി ഒരു ശതമാനം അധിക നികുതി ഈടാക്കില്ല.

ജിഎസ്ടിയിലേക്കു മാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം അഞ്ചുവര്‍ഷത്തേക്കു കേന്ദ്രം നികത്തും. കൗണ്‍സിലിന്റെ ശുപാര്‍ശകളുമായി ബന്ധപ്പെട്ടു കേന്ദ്രവും സംസ്ഥാനവും തമ്മിലോ സംസ്ഥാനങ്ങള്‍ തമ്മിലോ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ കൗണ്‍സില്‍ തന്നെ സംവിധാനമുണ്ടാക്കുമെന്നതുമായിരുന്നു പ്രധാന ഭേദഗതികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss