|    Nov 19 Sun, 2017 4:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജിഎസ്ടി : ഇ-വേ ബില്ലിന് അംഗീകാരം

Published : 6th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.  രാജ്യത്ത് ചരക്കുസേവന നികുതി നടപ്പാക്കിയതിന് ശേഷം നടന്ന ആദ്യ സമ്പൂര്‍ണ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി എല്ലാ മേഖലയിലേയും ജിഎസ്ടിയുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചത്. ജിഎസ്ടി ഗുണഫലങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 15 ദിവസത്തിനകം സംസ്ഥാന സ്‌ക്രീനിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ നടന്ന 20ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ചരക്ക് നീക്കം അറിയാന്‍ കഴിയുന്ന ഇ-വേ ബില്ലിന്റെ കാര്യത്തില്‍ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടു. 50,000 രൂപയ്ക്ക് മീതെ മൂല്യമുള്ള എല്ലാ പദ്ധതികള്‍ക്കും ഇ-വേ ബില്ല് നിര്‍ബന്ധമാക്കി. ഇ-വേ ബില്ല് സംവിധാനം ഉടന്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ട്രാക്ടറുകളുടെ ചില യന്ത്ര ഭാഗങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. വസ്ത്ര വ്യാപാര മേഖലയിലെ ചെയ്യുന്ന ജോലിക്കനുസരിച്ച് പ്രതിഫലം പറ്റുന്ന തൊഴിലിന്റെ ജിഎസ്ടി നിരക്ക് ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനത്തില്‍ നിജപ്പെടുത്തി. ജിഎസ്ടിക്കു കീഴിലുള്ള കോണ്‍ട്രാക്ട് ജോലികളുടെ നികുതി 12 ശതമാനമാക്കി.  അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം സപ്തംബര്‍ ഒമ്പതിന് ഹൈദരാബാദില്‍വച്ച് നടക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ജിഎസ്ടിയിലൂടെ നികുതി കുറഞ്ഞ ഉല്‍പന്നങ്ങളുടെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടാന്‍ ലാഭവിരുദ്ധ ചട്ടത്തിന്  ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായില്ല. കൊള്ളലാഭം കൊയ്യുന്നവര്‍ക്കെതിരേ നിയമ നടപടിയടക്കമുള്ളവ ലാഭ വിരുദ്ധ ചട്ടത്തിലുണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക