|    Nov 15 Thu, 2018 7:19 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ജിഎസ്ടി: ആശയും ആശങ്കയും

Published : 8th August 2016 | Posted By: SMR

കെ എ മുഹമ്മദ് ഷമീര്‍

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം ഇന്ത്യയുടെ ചരിത്രത്തില്‍ ഇടംപിടിക്കാവുന്ന ഒരു നികുതി പരിഷ്‌കാരത്തിന് രാജ്യസഭ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അനുമതി നല്‍കിയിരിക്കുന്നു. 2000ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് തന്നെ ചരക്ക് സേവന നികുതിയെ പറ്റി സഭയില്‍ ചര്‍ച്ച നടന്നിരുന്നു. പിന്നീട് 2007ല്‍ ധനമന്ത്രിയായിരുന്ന പി ചിദംബരം മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നൊരു പാഴ്പ്രഖ്യാപനം നടത്തിയെങ്കിലും പ്രണബ് മുഖര്‍ജി ധനമന്ത്രിയായപ്പോഴാണ് ലോക്‌സഭയില്‍ ബില്ല് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍, പലതരം ആശങ്കകളുടെയും അവ്യക്തതകളുടെയും കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളുടെയും അടിയൊഴുക്കില്‍ ബില്ല് യാഥാര്‍ഥ്യമാവാന്‍ ഏകദേശം 16 വര്‍ഷം വേണ്ടിവന്നു.
അണ്ണാ ഡിഎംകെ വോട്ടെടുപ്പിന്റെ സമയത്ത് വിട്ടുനിന്നത് മാറ്റിനിര്‍ത്തിയാല്‍ ചരക്ക് സേവന നികുതി ബില്ല് കക്ഷിഭേദെമന്യേ സമവായത്തില്‍ രൂപംകൊണ്ടെന്നു പറയാവുന്നതാണ്. ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്ന മുഖ്യ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ബില്ലിനോടുള്ള എതിര്‍പ്പ് നേരത്തേ പറഞ്ഞതുപോലെ നയപരമായതായിരുന്നില്ല. മറിച്ച് രാഷ്ട്രീയപരവും വിശദാംശങ്ങളില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്ന ചില ഭേദഗതികളുമായി ബന്ധപ്പെട്ടതുമായിരുന്നു.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ സമവായത്തില്‍ പിറന്നതായതുകൊണ്ടുമാത്രം ഒരു സംവിധാനം ജനങ്ങള്‍ക്കു നല്ലതാണെന്നു വിലയിരുത്താനാവില്ല. പ്രത്യേകിച്ച് നമ്മുടെ ഭൂരിപക്ഷം രാഷ്ട്രീയപ്പാര്‍ട്ടികളും വന്‍കിട കമ്പനികളുടെ കൈയില്‍നിന്ന് കാര്യമായ പാര്‍ട്ടി ഫണ്ട് വാങ്ങുന്നവരായതുകൊണ്ട് ജിഎസ്ടി ബില്ല് രാജ്യത്തെ സാമ്പത്തികവ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് അതു പ്രയോഗത്തില്‍ വന്നശേഷം മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. പക്ഷേ, മറ്റു രാജ്യങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഏറെ ഗുണവും അതിലേറെ ദോഷവും ജിഎസ്ടി കൊണ്ടുവരുന്നുണ്ട്.
രാജ്യത്ത് അസംഖ്യം നികുതികളുണ്ട്. അതിനെല്ലാം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പല നിരക്കുകളുമാണുള്ളത്. വാറ്റ്, കേന്ദ്ര വില്‍പന നികുതി, വാങ്ങല്‍ നികുതി, ആഡംബര നികുതി, പ്രവേശന നികുതി, വിനോദനികുതി (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേത് ഒഴികെ), പരസ്യനികുതി, ലോട്ടറി-ചൂതാട്ട നികുതി, സെസ്സുകളും സര്‍ചാര്‍ജുകളും എന്നിവയാണ് സംസ്ഥാന നികുതികള്‍. ആദായനികുതി, എക്‌സൈസ് തീരുവ, കസ്റ്റംസ് തീരുവ, സേവന നികുതി, സെസ്സുകളും സര്‍ചാര്‍ജുകളും എന്നിവയാണ് പ്രധാന കേന്ദ്രനികുതികള്‍.
രാജ്യത്ത് നിലനില്‍ക്കുന്ന നികുതിസമ്പ്രദായം സങ്കീര്‍ണമാണ്. ഇപ്പോഴുള്ള നികുതിസംവിധാനമനുസരിച്ച് ഉപഭോക്താവ് നികുതിക്കു മുകളില്‍ നികുതി നല്‍കേണ്ടതുണ്ട്. ഒരു വ്യാപാരി സാധനം വാങ്ങുമ്പോള്‍ വില്‍പന നികുതിയും ചേര്‍ത്ത വിലയാണ് നല്‍കുന്നത്. അയാള്‍ അത് മറ്റൊരു വ്യാപാരിക്കു വില്‍ക്കുമ്പോള്‍ വീണ്ടും നികുതി ഈടാക്കും.
മാത്രമല്ല, സംസ്ഥാനങ്ങള്‍ക്കിടയിലുള്ള വ്യാപാരത്തിന് ചുമത്തുന്ന പ്രവേശന നികുതിയും നഗരങ്ങളിലെ ഒക്ട്രോയിയും വ്യാവസായിക വളര്‍ച്ചയെയും നിക്ഷേപങ്ങളുടെ വരവിനെയും തടസ്സപ്പെടുത്തുന്നു.
ഈ വകയൊക്കെ ഇല്ലാതാക്കി അസംഖ്യം പരോക്ഷനികുതികളെ ഏകോപിപ്പിച്ച് ഏകീകൃതമായ ഒരൊറ്റ നികുതിക്കു കീഴില്‍ കൊണ്ടുവരുകയാണ് ചരക്ക് സേവന നികുതി ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിലുള്ള അവസ്ഥയില്‍ വില്‍പനശൃംഖലയിലെ അവസാന കണ്ണിയായ ഉപഭോക്താവിന് ഉല്‍പന്നത്തിന്റെ വിലയ്ക്കു പുറമേ ഒട്ടേറെ നികുതികള്‍ നല്‍കാനുണ്ടാവും. ഈ ഭാരം ജിഎസ്ടിയിലൂടെ കുറയ്ക്കുക എന്നതാണ് വിഭാവനം ചെയ്യപ്പെടുന്നത്. അതിലൂടെ നികുതിക്കു മേല്‍ നികുതി ഒഴിവാകുകയും ഉല്‍പന്നങ്ങളുടെ വില കുറയുകയും ചെയ്യുമെന്നു കരുതപ്പെടുന്നു. ആദ്യത്തില്‍ നികുതി പിരിച്ചെടുക്കുന്നതോടുകൂടി നികുതി വെട്ടിക്കാനുള്ള പ്രവണത കുറയുകയും അതിലൂടെ മുഴുവന്‍ ജനങ്ങളെയും നികുതിക്കു കീഴില്‍ എത്തിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
ജിഎസ്ടിയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നിടങ്ങളില്‍ നികുതി കുറയ്ക്കുകയും വിതരണത്തില്‍ നികുതി കൂട്ടുകയും ചെയ്യും. അതുകൊണ്ടാണ് ഉപഭോക്തൃ സംസ്ഥാനങ്ങളായ കേരളംപോലുള്ളവയ്ക്ക് നേട്ടമുണ്ടാവുന്നതും തമിഴ്‌നാട് പോലുള്ള ഉല്‍പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവര്‍ക്ക് വലിയ നികുതിവരുമാനക്കുറവ് അനുഭവപ്പെടുന്നതും. തമിഴ്‌നാട്, ഉത്തര്‍പ്രദേശ് പോലുള്ള ഉല്‍പാദക സംസ്ഥാനങ്ങളെ നികുതിവരുമാനക്കുറവ് കാര്യമായി ബാധിക്കും. വോട്ടിങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എഐഎഡിഎംകെയെ പ്രേരിപ്പിച്ചതും ഈ ഒരു പ്രശ്‌നം തന്നെയാണ്.
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംനിര്‍ണയാവകാശം ലംഘിക്കുന്നതാണെന്നും സ്ഥിരമായി സംസ്ഥാനത്തിന് വരുമാനനഷ്ടം ഉണ്ടാവുമെന്നുമുള്ള എഐഎഡിഎംകെ അംഗം നവനീത് കൃഷ്ണന്റെ ആരോപണം ശരിയാണ്. ഉല്‍പാദനത്തില്‍ കാര്യമായ നികുതി ലഭിച്ചിരുന്ന സംസ്ഥാനങ്ങള്‍ക്ക് നികുതിവരുമാനം കാര്യമായി കുറയുകയും നികുതിനിരക്ക് എകീകൃതമാക്കുമ്പോള്‍ കൂടുതല്‍ നികുതി നല്‍കിയവര്‍ രക്ഷപ്പെടുകയും കുറഞ്ഞ നികുതി നല്‍കിയവര്‍ കൂടുതല്‍ ഭാരം പേറേണ്ടിയും വരും. ഇതെല്ലാം സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യും. അതുകൊണ്ടുകൂടിയാണ് നഷ്ടപരിഹാരം എന്ന കേന്ദ്രസര്‍ക്കാര്‍ ഫോര്‍മുലയിലെ അഞ്ചുവര്‍ഷം എന്നത് അഞ്ചുവര്‍ഷത്തില്‍ കുറയാത്ത എന്നാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്
മറ്റൊന്ന്, സിഎസ്ടി എടുത്തുകളയുന്നതിലൂടെ നികുതി കുറയ്ക്കാന്‍ പലയിടങ്ങളിലായുള്ള സ്‌റ്റോക്ക് ഡിപ്പോകളുടെ ആവശ്യം കമ്പനികള്‍ക്ക് ഉണ്ടാവില്ല. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ഗതാഗതവും വാണിജ്യവും വര്‍ധിക്കും പക്ഷേ, അന്തിമ വിശകലനത്തില്‍ ഇതും ഗുണം ചെയ്യുന്നത് മൂലധനശക്തികള്‍ക്കായിരിക്കും. ‘ഒരൊറ്റ ഇന്ത്യ, ഒരൊറ്റ നികുതി’യിലൂടെ ഇന്ത്യയെ ഒറ്റ വിപണിയാക്കുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാവുന്നത് വന്‍കിട കമ്പനികള്‍ക്കാണ്. ചെറുകിട സംരംഭകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും. വിപണി പൂര്‍ണമായും ധനശേഷിയുള്ളവരുടെ നിയന്ത്രണത്തിലാവുകയും ചെയ്യും.
കേന്ദ്ര ജിഎസ്ടി, സംസ്ഥാന ജിഎസ്ടി എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ പുതിയ രീതിയില്‍ ഉണ്ടെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നിരക്ക് നിശ്ചയിക്കുന്നതിനോ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ നികുതി ശേഖരിക്കുന്നതിനോ കഴിയില്ല. ദേശീയതലത്തില്‍ എകീകൃതമായി ലഭിക്കുന്ന നികുതിയുടെ ഒരോഹരി സംസ്ഥാനങ്ങള്‍ക്കും ലഭിക്കും. നികുതിപിരിവില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരത്തെ നിയമം ബാധിക്കും. സംസ്ഥാനങ്ങള്‍ക്ക് നികുതിനിരക്കില്‍ മാറ്റം വരുത്താന്‍ കഴിയില്ല.
ജിഎസ്ടി ഒരു പരോക്ഷ നികുതിയാണ്. പരോക്ഷ നികുതികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. പല വികസിത-വികസ്വര രാജ്യങ്ങളിലും പരോക്ഷ നികുതിയുടേതിനെക്കള്‍ കൂടുതലാണ് സമ്പന്നരെയും കോര്‍പറേറ്റുകളെയും ബാധിക്കുന്ന പ്രത്യക്ഷ നികുതി. പക്ഷേ, ഇന്ത്യയില്‍ നേരെ മറിച്ചാണ്. പരോക്ഷ നികുതി, പ്രത്യക്ഷ നികുതി അനുപാതം 65:35. ഏറ്റവും കുറഞ്ഞ ശതമാനം ആദായനികുതി നല്‍കുന്ന രാജ്യങ്ങളില്‍ ഇന്ത്യപെടും. നാലുശതമാനം ജനങ്ങള്‍ മാത്രമേ ആദായനികുതി അടയ്ക്കുന്നുള്ളൂ. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒരുവിധേനെയല്ലെങ്കിലും മറ്റൊരുവിധേനെ പരോക്ഷനികുതിയുടെ ഭാഗമാവുന്നുണ്ട്.
പരോക്ഷ നികുതികള്‍ സാധാരണക്കാരെയാണ് പ്രതികൂലമായി ബാധിക്കുക. പ്രത്യക്ഷനികുതികള്‍ സമ്പന്നരെയും. ഓരോ ബജറ്റിലും പ്രത്യക്ഷനികുതികള്‍ കുറഞ്ഞുവരുന്നുവെന്നതും വരേണ്യവിഭാഗത്തെ ബാധിക്കുന്ന ആദായനികുതിപോലുള്ള നികുതികള്‍ക്ക് അല്‍പ്പംപോലും വര്‍ധന വരുത്താത്തതും ശ്രദ്ധേയമാണ്. ഈ കോര്‍പറേറ്റുകളുടെ താല്‍പര്യസംരക്ഷണം മുന്‍നിര്‍ത്തിയാവാം പ്രതിപക്ഷം ഉയര്‍ത്തിയ പല പ്രശ്‌നങ്ങളോടും അവസാന നിമിഷം ബിജെപി രാജിയായത്.

(അവസാനിക്കുന്നില്ല)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss