|    Jul 19 Thu, 2018 3:52 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ജിഎസ്ടിയുടെ രാഷ്ട്രീയചേതം

Published : 5th August 2016 | Posted By: SMR

slug-a-bഏതു നികുതിയും പ്രാഥമികമായി ഭരണകൂടത്തിനു കീശപ്പണം കണ്ടെത്താനുള്ള ഉപാധിയാണ്. പിന്നെ, പൊതുകാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ചെലവുകാശും. ജനാധിപത്യ റിപബ്ലിക്കുകളില്‍ അതിനപ്പുറം പോവുന്നൊരു ഇംഗിതമുണ്ട്. രാജ്യത്തെ സാമ്പത്തികപ്രവര്‍ത്തനത്തില്‍ ഒട്ടൊരു സന്തുലനം കൈവരുത്തി, സമ്പദ്ഘടന പൗരാവലിക്ക് അനുഗുണമാക്കാനുള്ള ഉപാധിയാവുമ്പോഴാണ് നികുതിവ്യവസ്ഥയ്ക്ക് ജനാധിപത്യരാഷ്ട്രീയത്തിന്റേതായ മാനം കിട്ടുക. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും വലിയ നികുതിപരിഷ്‌കാരം എന്നു വാഴ്ത്തപ്പെടുന്ന ജിഎസ്ടി (ചരക്ക് സേവന നികുതി) അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നാട്ടുനടപ്പാവുകയാണ്. അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് പാര്‍ലമെന്റും പൊതുസമൂഹവും വിലയിരുത്തിക്കൊണ്ടിരിക്കുന്നത്.
മൊത്തത്തിലുള്ള നികുതിനിരക്കുകള്‍ ലഘൂകരിച്ച് നികുതിവല വിപുലപ്പെടുത്തുകയാണ് ജിഎസ്ടിയുടെ പ്രഖ്യാപിത ലക്ഷ്യം തന്നെ. മദ്യം, പുകയില, കറന്റ്, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവ ഒഴിച്ചുള്ള ഏതിനം ചരക്കിനും സേവനത്തിനും മേലാണ് ഈ ഏകീകൃത നികുതിവ്യവസ്ഥ കല്‍പിക്കപ്പെടുന്നത്. സാധാരണഗതിയില്‍ നികുതികള്‍ ഈടാക്കുക വില്‍പന അല്ലെങ്കില്‍ കൈമാറ്റത്തിന്മേലാണ്, ‘സപ്ലൈ’ക്ക് മേലല്ല. എന്നാല്‍, നിര്‍ദിഷ്ട ജിഎസ്ടി നിയമത്തില്‍ സപ്ലൈക്ക് മേലാണ് നികുതി. വ്യക്തിഗതമായ സ്വയം സപ്ലൈ അടക്കം എല്ലാതരം സപ്ലൈയും ഈ വ്യവസ്ഥയ്ക്കു കീഴിലാക്കുന്ന നിയമം പക്ഷേ, ‘സപ്ലൈ’ എന്നതിന് നിര്‍വചനം നല്‍കിയിട്ടുമില്ല. വിചിത്രമായ ഈ മൗനം വിചിത്രമായ പല ഭവിഷ്യത്തുകള്‍ക്കും വാതില്‍ തുറക്കുമെന്നതാണ് ഫലിതം. ഉദാഹരണമായി, സ്വതന്ത്രമായ അഭിപ്രായമോ വിദഗ്‌ധോപദേശമോ ‘സപ്ലൈ’ ചെയ്താല്‍ വേണമെങ്കില്‍ അതിന്മേല്‍ നികുതിയടിക്കാം. മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ ഇത് ഭരണകൂടങ്ങള്‍ക്ക് ആയുധമാക്കാം.
ഇനി ചില മേഖലകളെ ജിഎസ്ടിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നത് എന്തിനെന്ന ചോദ്യത്തിനും മൗനമാണു മറുപടി. സംസ്ഥാനങ്ങളുടെ നികുതിവരുമാനം അത്തരം മേഖലകളില്‍ സ്വതന്ത്രമാക്കി വിടുന്നു എന്നാണു നാട്യം. പുതിയ നിയമം ഏകീകൃത വ്യവസ്ഥയുണ്ടാക്കാനാണെങ്കില്‍ ഈ വൈരുധ്യം ആവശ്യമില്ലല്ലോ. പെട്രോളിയം ഉല്‍പന്നങ്ങള്‍, മദ്യം തൊട്ട് റിയല്‍ എസ്റ്റേറ്റ് വരെ ഏറ്റവും ആദായകരമായ കച്ചവടങ്ങളെ ഒഴിവാക്കുന്നതില്‍ ഗോപ്യമായ ഒരു കണക്കുകൂട്ടലുണ്ടെന്നതാണു വസ്തുത. റിയല്‍ എസ്റ്റേറ്റ് പോലെ ഏറ്റവുമധികം കള്ളപ്പണം ഉല്‍പാദിപ്പിക്കുന്ന മേഖലകള്‍ വിട്ടുകളയുന്നതിലെ രാഷ്ട്രീയ താല്‍പര്യം നില്‍ക്കട്ടെ. ആദായമേറെയുള്ള മേഖലകളെ ഒഴിവാക്കുന്നത് ജിഎസ്ടി നിരക്ക് ഉയര്‍ത്തിനിര്‍ത്താനുള്ള തന്ത്രമാണെന്ന് എത്രപേരറിയുന്നു? ഇപ്പോഴത്തെ സാഹചര്യത്തിലുള്ള റവന്യൂ-ന്യൂട്രല്‍ നിരക്ക് 12 ശതമാനമാണ്. എന്നുവച്ചാല്‍, പുതിയ ഏകീകൃത ഏര്‍പ്പാട് വന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിലവിലുള്ള നികുതിവരുമാനങ്ങളിലെ നഷ്ടം റദ്ദാക്കിക്കിട്ടാന്‍ വേണ്ട നിരക്ക്. (കേന്ദ്രത്തിന്റെ അഞ്ചു ശതമാനവും സംസ്ഥാനങ്ങളുടെ ഏഴും കൂട്ടിയുള്ളതാണ് ഇപ്പറഞ്ഞ 12 ശതമാനം). മോദി സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം ഉപദേശിച്ചത് ജിഎസ്ടിക്ക് 15.5 ശതമാനം നിരക്ക് കല്‍പിക്കണമെന്നാണ്. അതായത് റവന്യൂ-ന്യൂട്രല്‍ നിരക്കിനേക്കാള്‍ മൂന്നുശതമാനം അധികം. കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതാവട്ടെ 18 ശതമാനം എന്ന ക്യാപ്പിടണമെന്ന്. എന്നാല്‍, നിരക്കുനിര്‍ണയത്തില്‍ അങ്ങനെ കല്‍പിക്കുന്നത് ജനസഭകളുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാവും. ഭരണഘടനാലംഘനമാവും. അതുകൊണ്ട് സംഗതി പറ്റില്ലെന്നാണ് ഭരണകക്ഷിയുടെ പക്ഷം. ജിഎസ്ടി കൊണ്ടുവരാന്‍ ഭരണഘടന ഭേദഗതി ചെയ്തവര്‍ക്ക് എന്തേ നിരക്ക് നിജപ്പെടുത്തുന്നതിനൊരു ഭരണഘടനാ ഭേദഗതി പറ്റുന്നില്ല? പ്രശ്‌നം സാങ്കേതികമല്ല, ചേതോവികാരസംബന്ധിയാണ്. മേല്‍പ്പറഞ്ഞ വമ്പന്‍ ആദായമേഖലകളെ ഒഴിവാക്കുമ്പോള്‍ ജിഎസ്ടി വഴി സര്‍ക്കാരുകള്‍ക്ക് മേല്‍ത്തരം കീശപ്പണമുണ്ടാക്കാന്‍ നികുതിനിരക്ക് 27 ശതമാനമാക്കണം. ചര്‍ച്ചയ്‌ക്കൊടുവില്‍ 23-25 ശതമാനമാക്കിയെടുക്കലാണ് പ്ലാന്‍. ഓര്‍ക്കണം, ലോകത്തെ ശരാശരി ജിഎസ്ടി/വാറ്റ് നിരക്ക് 16.4 ശതമാനം മാത്രമാണ്. ഏഷ്യ-പസഫിക് രാഷ്ട്രങ്ങളില്‍ ഇത് 10ല്‍ താഴെയുമാണ്. ചുരുക്കിയാല്‍, നികുതി ലഘൂകരണം എന്ന പെരുമ്പറയുടെ മറയില്‍ ഏകീകൃത നികുതിയുടെ നിരക്ക് മറ്റെങ്ങുമില്ലാത്തവണ്ണം ഉയര്‍ത്തിവയ്ക്കുകയാണ് ഉദ്ദേശ്യം.
ജിഎസ്ടി കൗണ്‍സില്‍ എന്നൊരു കേന്ദ്രസ്ഥാപനമായിരിക്കും ഈ വിഷയത്തിലെ പരമാധികാരി. അതില്‍ മൂന്നിലൊന്നു സ്ഥാനം കേന്ദ്രസര്‍ക്കാരിനും മൂന്നില്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കും. ഒറ്റനോട്ടത്തില്‍ മധുരമനോജ്ഞം! പ്രായോഗിക നേരെന്താണ്? വ്യത്യസ്ത താല്‍പര്യക്കാരായ സംസ്ഥാനങ്ങള്‍ തമ്മില്‍ നികുതികാര്യത്തില്‍ തര്‍ക്കങ്ങളാവും കൂടുതലായി അരങ്ങേറുക. ആ ഭിന്നിപ്പില്‍ കേന്ദ്രത്തിനാവും മേല്‍ക്കൈ കൂടുക. എന്നുപറഞ്ഞാല്‍ കേന്ദ്ര ധനമന്ത്രിക്ക് ഒരുതരം വീറ്റോ അധികാരം തരപ്പെടുന്നു. അഥവാ, ജിഎസ്ടിയില്‍ കേന്ദ്രസര്‍ക്കാരിന് ഏകാധിപത്യപരമായ മേല്‍ക്കൈ.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ വീറ്റോശക്തി ഒരു സംസ്ഥാനസര്‍ക്കാരിനും ആശാസ്യമല്ല. ജിഎസ്ടി കൗണ്‍സിലില്‍ സ്വന്തം സാമന്തസംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് കേന്ദ്രം അതിന്റെ വീറ്റോശക്തി പ്രയോജനപ്പെടുത്തും. ഭരിക്കുന്നത് കോണ്‍ഗ്രസ്സോ ബിജെപിയോ ആവട്ടെ, ഇതരകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അവരുടെ ദാക്ഷിണ്യത്തിനു വഴങ്ങേണ്ടിവരും. ഇത് പ്രാദേശിക രാഷ്ട്രീയത്തില്‍ നിര്‍ണായകമാവുകയും ചെയ്യും. ഇവിടെയാണ് പുതിയ നികുതിനിയമം രാജ്യത്തെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ കൊഞ്ഞനം കുത്തുന്നത്. ഓരോ പ്രദേശങ്ങളും കൂടുതല്‍ കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുന്ന ചരിത്രകാലത്താണ് ഇന്ത്യ എത്തിപ്പെട്ടിരിക്കുന്നത്. അതിപ്പോള്‍, കശ്മീരായാലും തെലങ്കാനയായാലും തമിഴകമായാലും രാഷ്ട്രീയം ചലിക്കുന്നത് പ്രാദേശികതയുടെ എന്‍ജിന്‍മേലാണ്. പ്രാദേശികരാഷ്ട്രീയം വാസ്തവത്തില്‍ ദേശീയരാഷ്ട്രീയത്തിന്റെ ഇന്ധനമാണുതാനും. ഫെഡറലിസം നിലനിര്‍ത്താന്‍ കേന്ദ്രത്തെ നിര്‍ബന്ധിതമാക്കാന്‍ ഇതല്ലാതെ ജനായത്തമുറകള്‍ വേറെയില്ലതാനും. സ്വാഭാവികമായും ഫിസ്‌കല്‍ ഫെഡറലിസം കൂട്ടിയെടുക്കുകയാണ് ഇപ്പറഞ്ഞ രാഷ്ട്രീയ കാന്‍വാസില്‍ അഭികാമ്യമായ ജനാധിപത്യ നടപടി. എന്തൊക്കെ സൗകര്യങ്ങളും ഗുണഗണങ്ങളും പാടിയാലും ജിഎസ്ടി ഈ രാഷ്ട്രീയദിശയ്ക്ക് വിപരീതമായ ചലനമാണുണ്ടാക്കുക. സമീപചരിത്രത്തിലെ മികച്ച ഉദാഹരണം നോക്കൂ- ഗ്രീസ്. യൂറോപ്യന്‍ യൂനിയന്റെ ഘടനയ്ക്കു തന്നെ പാരയായത് ഗ്രീസിന്റെ വമ്പന്‍ കടബാധ്യതയാണല്ലോ. വിപണികള്‍ ധരിച്ചത് ഗ്രീസിനു പിന്നില്‍ മൊത്തം യൂറോപ്പുമുണ്ടെന്നാണ്. അതുകൊണ്ട് യവനവായ്പകള്‍ക്കും കടപ്പത്രങ്ങള്‍ക്കും അവര്‍ ഗൗനം കൊടുത്തില്ല. യാതൊരുവിധ സാമ്പത്തിക അച്ചടക്കത്തിനോ ആത്മനിയന്ത്രണത്തിനോ ഗ്രീസും തുനിഞ്ഞില്ല. ഫലം- ഒരു ട്രില്യണ്‍ ഡോളറിന്റെ പാക്കേജ് ഉണ്ടാക്കി താങ്ങിനിര്‍ത്തേണ്ടിവന്നു, യൂറോപ്പിന്. ഇന്ത്യന്‍ സസ്ഥാനങ്ങളുടെ സ്ഥിതി ഏറക്കുറേ സമാനമാണ്. ഫിസ്‌കല്‍ വഴക്കം നഷ്ടപ്പെടുമ്പോള്‍ ഈ പ്രവിശ്യകള്‍ക്ക് രാഷ്ട്രീയമായി സ്വയം നിയന്ത്രിക്കാനും അച്ചടക്കംപാലിക്കാനുമുള്ള രാഷ്ട്രീയശക്തി കുറഞ്ഞുവരും. കാരണം, ധനപരമായി സോള്‍വന്റായിരിക്കാനുള്ള ഉപാധികള്‍ സ്വന്തം കീശയിലല്ല, കേന്ദ്രത്തിന്റെ ദാക്ഷിണ്യത്തിലാണ്. ഫെഡറല്‍ പ്രകൃതം വേണ്ടെന്നുവയ്ക്കാനുള്ള പരുവത്തിലല്ല ഇന്ത്യ- അത്രയ്ക്ക് വിപുലമാണ് അതിന്റെ സമ്പദ്ഘടന. അതുകൊണ്ടാണ് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെ ഘടാഘടിയന്മാര്‍, എന്തിന് വില്‍പന നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കു കൊടുക്കണമെന്ന് ഏകസ്വരത്തില്‍ ചോദിച്ചപ്പോള്‍, കൊടുക്കുക തന്നെ വേണമെന്ന് അംബേദ്കര്‍ ശഠിച്ചത്.
സാമ്പത്തികശാസ്ത്രത്തിന്റെ യുക്തിപ്രകാരം ജിഎസ്ടി നല്ല ആശയമാണ്. എന്നാല്‍, ജനാധിപത്യരാഷ്ട്രീയത്തിന്റെ വിവേകപ്രകാരം അതു മോശം ആശയമാവും. സംസ്ഥാനങ്ങള്‍ക്ക് കൈവീശാനുള്ള ഇടംകിട്ടുന്നില്ലെങ്കില്‍ ഏത് കൊടികെട്ടിയ ആശയവും പാരയാവും, രാജ്യത്തിന്. നല്ല സാമ്പത്തികയുക്തി മോശം രാഷ്ട്രീയം കളിക്കാനുള്ള ന്യായീകരണമല്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss