|    Jul 17 Tue, 2018 1:30 pm
FLASH NEWS

ജിഎസ്ടിയിലെ ആശങ്കകള്‍ തീര്‍ക്കാന്‍ ധനമന്ത്രിയെ കാണും: നഗരസഭ കൗണ്‍സില്‍

Published : 10th August 2017 | Posted By: fsq

 

കൊച്ചി: ജിഎസ്ടി വന്നതോടെ വിനോദ നികുതി ഇനത്തിലുണ്ടാവുന്ന നഷ്ടങ്ങളെല്ലാം  തീര്‍ക്കണമെന്നും പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച ചെയ്യുവാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിനൊടുവില്‍ മേയര്‍ഫണ്ട് വിനിയോഗത്തെക്കുറിച്ച് അന്വേഷിക്കാനും റിപോര്‍ട്ട് സഭയില്‍ വയ്്ക്കാനും തീരുമാനമായി. വാത്തുരുത്തി റെയില്‍വേ മേല്‍പാലം യാഥാര്‍ഥ്യമാക്കാനും തുറമുഖ ട്രസ്റ്റ് ചെയര്‍മാനായി ചര്‍ച്ച ചെയ്യാനും റോറോ സര്‍വീസിനായി മുറിങ് സംവിധാനം അടക്കമുള്ള ജോലികള്‍ നിലവിലെ പദ്ധതി റിപോര്‍ട്ട് (ഡിപിആര്‍) പ്രകാരം നടത്താനും തീരുമാനമായി. ധനകാര്യ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദണ് ജിഎസ്ടി മൂലമുള്ള വരുമാന നഷ്ടവും മറ്റു പ്രശ്‌നങ്ങളും സഭയുടെ മുന്നില്‍ വെച്ചത്. വിനോദ നികുതിയിനത്തില്‍ കോടികളുടെ നഷ്ടമാണ് നഗരസഭയ്്ക്കുണ്ടാവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരാറുകാരുടെ ബില്ലുകളില്‍ സേവനനികുതി ഈടാക്കുന്ന വിഷയയത്തിലും ഇതേ പ്രശ്‌നം ഉയരുന്നുണ്ടെന്ന് വിനോദ് പറഞ്ഞു.ഇക്കാര്യത്തില്‍ കവിത, പത്മ തിയറ്ററുകളിലെ ടിക്കറ്റ് നിരക്ക് ജിഎസ്ടിക്ക് മുമ്പും പിമ്പുമുള്ള വ്യത്യാസം പ്രതിപക്ഷത്തെ വി പി ചന്ദ്രന്‍ വ്യക്തമാക്കി. ജിഎസ്ടിയിലെ ആശയക്കുഴപ്പം മൂലം കരാറുകാര്‍ നഗരസഭ ജോലികള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ഭരണപക്ഷത്തെ ആന്റണി പൈനുതറയും ചൂണ്ടിക്കാണിച്ചു. മേയര്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷണം വേണമെന്നും അത് സെക്രട്ടറിയുടെ ഫണ്ടില്‍ ലയിപ്പിക്കരുതെന്നും ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഇത് മാറ്റിവച്ചതാണെന്നും പിന്നീട് ഇത് പാസായതായി രേഖപ്പെടുത്തിയെന്നും പറഞ്ഞ് വി പി ചന്ദ്രന്‍ രംഗത്തുവന്നത് ബഹളത്തിനിടയാക്കി. മാറ്റിവച്ച അജണ്ട എങ്ങനെ പാസായി എന്നും കൗണ്‍സില്‍ തീരുമാനത്തെ മേയര്‍ മാനിച്ചില്ലെന്നും ചന്ദ്രന്‍ കുറ്റപ്പെടുത്തി.എന്നാല്‍, ലോക്കല്‍ ഫണ്ട് വിഭാഗത്തിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദേശപ്രകാരമാണ് മേയര്‍ ഫണ്ട് സെക്രട്ടറിയുടെ ഫണ്ടില്‍ ലയിപ്പിക്കുന്നതെന്നും സെക്രട്ടറിയുടെ പേരിലാണ് ഫണ്ട് രൂപവല്‍കരിക്കേണ്ടതെന്ന് ലോക്കല്‍ ഫണ്ട് വിഭാഗം നിര്‍ദേശിച്ചിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. കഴിഞ്ഞ കൗണ്‍സിലില്‍ ചിലര്‍ അഭിപ്രായം പറഞ്ഞു എന്നതല്ലാതെ അജണ്ട മാറ്റിവയ്്ക്കാന്‍ തീരുമാനിച്ചിരുന്നില്ല. അങ്ങനെ ആരും രേഖാമൂലവും ആവശ്യപ്പെട്ടില്ല. ഫണ്ട് ദുരുപയോഗം ചെയ്യുകയോ അതില്‍ ക്രമക്കേട് നടക്കുകയോ ഉണ്ടായിട്ടില്ലെന്ന് മേയര്‍ പറഞ്ഞു. എന്നാല്‍, ഫണ്ട് വിനിയോഗത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് മറ്റ് കൗണ്‍സിലര്‍ ശക്തമായി ആവശ്യപ്പെട്ടതോടെ പ്രതിപക്ഷ ബഹളമായി. തുടര്‍ന്ന് ഫണ്ട് വിനിയോഗം സംബന്ധിച്ച നഗരസഭ സെക്രട്ടറി അന്വേഷിക്കുമെന്നും റിപോര്‍ട്ട് സഭയില്‍ വയ്്ക്കുമെന്നും മേയര്‍ അറിയിച്ചു.മാളുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച് മെട്രോളജി വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തും. വാതുരുത്തി റെയില്‍വേ മേല്‍പാലത്തിന് 18 സെന്റ് വിട്ടുനല്‍കുന്നതിന് പകരം റവന്യൂ ഭൂമിയായ രാമന്‍തുരുത്ത് നല്‍കണമെന്ന തുറമുഖ ട്രസ്റ്റിന്റ ആവശ്യം അംഗീകരിക്കരുതെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ ആവശ്യപ്പെട്ടു. തമ്പി സുബ്രഹ്മണ്യമാണ് ഈ വിഷയം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. ആവശ്യം നേടിയെടുക്കാന്‍ സമരം ചെയ്യണമെന്ന ഡെപ്യൂട്ടി മേയറുടെ നിര്‍ദേശത്തെ പ്രതിപക്ഷത്തെ കെ ജെ ആന്റണി പിന്താങ്ങി. സമരത്തിന് താന്‍ മുന്നിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വ്യവസായിക്ക് മാള്‍ നിര്‍മിക്കാന്‍ തുറമുഖ ട്രസ്റ്റ് നടത്തുന്ന ചരട് വലിക്ക് കൂട്ടുനില്‍ക്കരുതെന്ന് കോണ്‍ഗ്രസ് അംഗം കുഞ്ഞച്ചന്‍ നിലപാട് സ്വീകരിച്ചു. ഇതിന് ഭരണ-പ്രതിപക്ഷ പിന്തുണയും ലഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss