|    Jul 20 Fri, 2018 10:03 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ജാര്‍ഖണ്ഡ്: നിരോധനങ്ങളുടെ നാട്ടില്‍

Published : 10th April 2018 | Posted By: kasim kzm

റെനി ഐലിന്‍
ഡല്‍ഹിയില്‍ നിന്ന് വൈകുന്നേരം റാഞ്ചിയിലേക്ക് വണ്ടി കയറി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ 48ഉം 72ഉം മണിക്കൂറുകള്‍ നീണ്ട ബന്ദിന്റെ കാലഘട്ടം ഞാനോര്‍ത്തു. പ്രത്യേക സംസ്ഥാനത്തിനു വേണ്ടിയുള്ള ഐതിഹാസിക സമരം. ആദിവാസി പോരാട്ടഭൂമിയില്‍ ആദ്യമായി പോവുകയാണ്.
ഖനികളുടെ നാടാണല്ലോ ജാര്‍ഖണ്ഡ്. റെയില്‍വേ സ്‌റ്റേഷനുകള്‍ക്കു സമീപം കല്‍ക്കരിയുടെ വരവുപോക്കുകള്‍ക്കും കയറ്റിറക്കിനും പ്രത്യേക ട്രാക്കും യാര്‍ഡും ഒരുക്കിയിട്ടുണ്ട്. വാഗണുകളുടെ നീളത്തെ തോല്‍പിക്കുന്ന വിധത്തില്‍ ലോറികളുടെ നീണ്ട നിര. ഖനി മാഫിയകള്‍ കൊലപ്പെടുത്തിയ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ വല്‍സ ജോണ്‍ മുതല്‍ കല്‍ക്കരി നിറച്ച ട്രക്കുകള്‍ക്ക് കപ്പം വാങ്ങി കോടീശ്വരന്‍മാരായി രാഷ്ട്രീയത്തിലിറങ്ങിയ ദാദമാര്‍ വരെ എന്റെ മനസ്സിലൂടെ പാഞ്ഞുപോയി.
ആദ്യം കാണാന്‍ പോയത് വര്‍ഷങ്ങളായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജസ്യൂട്ട് പാതിരി ഫാദര്‍ സ്റ്റാന്‍സ് സ്വാമിയെയാണ്. 81കാരനായ ഫാദര്‍ സ്റ്റാന്‍സിനെ അന്വേഷിച്ച് ഞാന്‍ എത്തിയത് ഇന്ത്യന്‍ സായുധസേനയുടെ പട്ടാള ബാരക്കിനു നടുവിലാണ്. ഇത് എങ്ങനെ സംഭവിച്ചുവെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ഞാന്‍ എത്തിയതിനു ശേഷം പട്ടാളം വന്നു കൈയേറിയതാണ്’ എന്നാണ്.
സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടാണ് അദ്ദേഹം ജീവിക്കുന്നത്. ആദിവാസി-ദലിത് വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ സര്‍ക്കാര്‍ ശത്രുവായി. ഫിലിപ്പീന്‍സ്-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ തിരുത്തല്‍ ശക്തിയാവുന്ന സഭ സംഘപരിവാരത്തിനു മുമ്പില്‍ മൗനം പാലിക്കുന്നതിനെതിരേ ലേഖനം എഴുതിയപ്പോള്‍ സഭയുടെ അനിഷ്ടത്തിനും കാരണമായി. ജാര്‍ഖണ്ഡിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം. സംസ്ഥാനത്തെ വിചാരണത്തടവുകാരെ കുറിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് ‘ഡിപ്രൈവ്ഡ് ഓഫ് റൈറ്റ്‌സ് ഓവര്‍ നാച്വറല്‍ റിസോഴ്‌സസ് ഇംപവറിഷ്ഡ് ആദിവാസീസ് ഗെറ്റ് പ്രിസണ്‍.’ ജാര്‍ഖണ്ഡിലെ വിചാരണത്തടവുകാരെക്കുറിച്ചുള്ള 129 പേജ് വരുന്ന റിപോര്‍ട്ടില്‍ നാലായിരം വിചാരണത്തടവുകാരുടെ കാര്യമാണ് പ്രതിപാദിക്കുന്നത്.
സര്‍ക്കാരിന്റെ പ്രധാന വിളവെടുപ്പു മാര്‍ഗമാണ് മാവോവാദം. രാജ്യസുരക്ഷ എന്ന വാളെടുത്തു വീശി ഏതു ഭീകര നിയമവും നടപ്പാക്കി നിരപരാധികളെ തുറുങ്കിലടയ്ക്കുന്ന ‘ദേശീയ രീതി’ തന്നെയാണ് ജാര്‍ഖണ്ഡിലും നടപ്പാക്കുന്നത്. മുന്‍ സൂചിപ്പിച്ച റിപോര്‍ട്ട് പ്രകാരം 18 ജില്ലകളില്‍ നിന്ന് ജാമ്യത്തില്‍ വിട്ടയക്കപ്പെട്ട 102 പേരില്‍ രണ്ടു പേര്‍ മാത്രമാണ് പേരിനെങ്കിലും മാവോവാദ ബന്ധം ഉണ്ടെന്നു പറയുന്നവര്‍. ബാക്കി മുഴുവന്‍ നിരപരാധികളായ ആദിവാസികളാണ്.
സിപിഐ(എംഎല്‍) പ്രവര്‍ത്തകനായ നദീം ഖാന്‍ പറയുന്നു: ”നിങ്ങള്‍ അനീതിയെ ചോദ്യം ചെയ്യുന്ന വ്യക്തിയാണെങ്കില്‍ പ്രഭാതത്തിനു മുമ്പ് നിങ്ങളുടെ അറസ്റ്റ് ഉണ്ടാവും. താങ്കള്‍ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണെങ്കില്‍ നാളെ നിങ്ങളുടെ സംഘടന നിരോധിച്ച് ഓഫിസ് പൂട്ടി സീല്‍ വച്ചതായി കാണാം.”
നിയമവാഴ്ച സംസ്ഥാനത്തുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയേണ്ടിവരും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവ സാമൂഹിക പ്രസ്ഥാനം ഉള്‍പ്പെടെ 14 സംഘടനകളെ നിരോധിച്ച നാട്ടില്‍ എന്തു ജനാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പ്രധാന സംഗതി ഭൂമിയാണ്. അതിനെ കേന്ദ്രബിന്ദുവാക്കിയാണ് രാഷ്ട്രീയവും ഭരണചക്രവും തിരിയുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തകകളെ ക്ഷണിച്ചപ്പോള്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അവര്‍ക്ക് മുമ്പില്‍ വച്ച ഒരൊറ്റ കാര്യം ഇതാണ്: ”നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്തും ഇവിടെ നിന്നു ലഭിക്കും. ഞങ്ങള്‍ അത് തരുന്നതാണ്.”
ഭൂമിയുടെ അവകാശത്തെച്ചൊല്ലി ആദിവാസികളും മാഫിയകളും അവര്‍ക്കൊപ്പം നില്‍ക്കുന്ന ഭരണകൂടവും തമ്മിലുള്ള സമരത്തിനു ശതാബ്ദങ്ങളുടെ പഴക്കമുണ്ട്. ഫാദര്‍ സ്റ്റാന്‍സ് താമസിക്കുന്ന ‘ബഗൈച്ച’യില്‍ 1784 മുതല്‍ ആദിവാസി അവകാശങ്ങള്‍ക്കായി പോരാടി മരിച്ച രക്തസാക്ഷികളുടെ പേരുകള്‍ കല്ലില്‍ കൊത്തിവച്ചിട്ടുണ്ട്. സര്‍ക്കാര്‍വിരുദ്ധ സമരങ്ങളുടെ പ്രധാന ആലോചനാകേന്ദ്രമാണ് ബഗൈച്ച. ആയതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ അവിടെ പ്രവര്‍ത്തിക്കുന്ന ‘വിസ്താപന്‍ വിരോധി ജന്‍ വികാസ് ആന്ദോളന്‍’ എന്ന സംഘടനയെ നിരോധിക്കാന്‍ ശ്രമിക്കുകയും എന്നാല്‍ കോടതിയില്‍ പരാജയപ്പെടുകയും ചെയ്തു.
നിരോധനത്തിനു കാരണങ്ങള്‍ ആവശ്യമില്ലെന്നതുപോലെ തന്നെ വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിനും പ്രത്യേകിച്ച് കാരണമൊന്നും ആവശ്യമില്ല. അതിന് ഉദാഹരണമാണ് ദാമോദര്‍ തുരിയുടെ അറസ്റ്റ്. മസ്ദൂര്‍ സംഘടന്‍ സമിതിയുടെ നിരോധനം വന്നുകഴിഞ്ഞപ്പോള്‍ അതിന്റെ നേതാവെന്നു പറഞ്ഞ് അറസ്റ്റ് ചെയ്തത് ദാമോദര്‍ തുരിയെയാണ്. പക്ഷേ, ദാമോദറാവട്ടെ യഥാര്‍ഥത്തില്‍ പ്രസ്തുത സംഘടനയില്‍ പ്രാഥമികാംഗത്വം പോലുമില്ലാത്ത വ്യക്തിയാണ്. ദാമോദറിന്റെ ഭാര്യ പറയുന്നത് ”സര്‍ക്കാരിന്റെ ചെയ്തികളെ എതിര്‍ത്ത അദ്ദേഹത്തെ വളരെ നേരത്തെത്തന്നെ നോട്ടമിട്ടിരുന്നു” എന്നാണ്.
ജാര്‍ഖണ്ഡില്‍ മാത്രം 24 ലക്ഷം ഏക്കര്‍ ഭൂമി ആദിവാസികളില്‍ നിന്നു തട്ടിയെടുക്കപ്പെടുകയും 19 ലക്ഷം ജനങ്ങള്‍ക്ക് കൃഷിഭൂമി നഷ്ടപ്പെടുകയും ചെയ്തുവെന്ന് ഡല്‍ഹിയിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനത്തില്‍ പറയുന്നു. സേവ്യേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും സമാനമായ മേഖലയില്‍ പഠനം നടത്തി റിപോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഭൂമി തട്ടിയെടുക്കുന്ന രീതികള്‍ വിചിത്രമാണ്.
ഒരിക്കല്‍ 245 ആദിവാസി ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്ന നെയ്തര്‍ഹാട്ട് എന്ന പ്രദേശത്ത് പട്ടാള ട്രക്കുകള്‍ കണി കണ്ടാണ് തദ്ദേശവാസികള്‍ ഉണര്‍ന്നത്. കാരണം ചോദിച്ചപ്പോള്‍ ”ഇന്ത്യന്‍ കരസേനയുടെ പീരങ്കി വെടിവയ്പ് പരിശീലന കേന്ദ്രം ഇവിടെ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു” എന്നായിരുന്നു മറുപടി. കാട്ടുതീയേക്കാള്‍ വേഗത്തില്‍ വാര്‍ത്ത ഗ്രാമങ്ങളില്‍ പടര്‍ന്നുപിടിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും പട്ടാളവണ്ടികള്‍ക്കു മുന്നില്‍ കിടന്നുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു: ”ഞങ്ങളുടെ നെഞ്ചിലൂടെയല്ലാതെ കാട്ടില്‍ ഈ വണ്ടികള്‍ പ്രവേശിക്കില്ല.”
മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥര്‍ പറഞ്ഞു: ”വരൂ, നമുക്ക് സംസാരിക്കാം.”
ഗോത്രനേതാക്കള്‍ തിരിച്ചുചോദിച്ചു: ”ആരോട് സംസാരിച്ചിട്ടാണ് നിങ്ങള്‍ കാടിനകത്ത് കയറിയത്? അതുകൊണ്ട് ഒരു ചര്‍ച്ചയുമില്ല. പുറത്തു പോവുക.” പട്ടാളത്തിന് ആദിവാസി ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടുമടക്കി തിരികെ പോരേണ്ടിവന്നു.
കോയ്ല്‍-കുറോ നദികളില്‍ ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി 5000 ഏക്കര്‍ സ്ഥലത്തെ 132 ആദിവാസി ഗ്രാമങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ജനകീയ സമരത്തിനു മുമ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മിത്തല്‍ കമ്പനിക്ക് പന്ത്രണ്ടായിരം ഏക്കര്‍ ഖനനത്തിനു കൊടുക്കാന്‍ തീരുമാനിച്ചു. ആദിവാസി പോരാട്ടവീര്യത്തിനു മുമ്പില്‍ അവിടെയും ഭരണകൂടവും മുതലാളിമാരും തോറ്റു പിന്‍മാറി. മേല്‍പറഞ്ഞ സമരങ്ങളെല്ലാം നടത്തി വിജയിച്ചത് ആദിവാസി നേതൃത്വത്തിലായിരുന്നു.
ട്രെയിനില്‍ എന്നോടൊപ്പം യാത്ര ചെയ്തിരുന്ന ജാര്‍ഖണ്ഡുകാരനായ യുവാവ് കര്‍ഷക കുടുംബത്തിലാണെങ്കിലും ദാരിദ്ര്യം കാരണം ഡല്‍ഹിയില്‍ മൊബൈല്‍ റിപ്പയറിങിനു പോയി. ഇതിന്റെ മറ്റൊരു ചിത്രം റാഞ്ചി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും നഗരത്തിലെ പ്രധാന ഇടങ്ങളിലും കാണാം. റിക്ഷ വലിക്കുന്ന യുവാക്കളില്‍ അധികവും കുത്തകകള്‍ തട്ടിയെടുത്ത ഭൂമിയുടെ ഉടമകളായിരുന്നു. സ്വന്തം കൃഷിയിടം നഷ്ടപ്പെട്ട ജനത നഗരത്തിലേക്കു ചേക്കേറി; ജീവിക്കാനായി റിക്ഷ വലിക്കുന്നു.
മുസ്‌ലിം സമൂഹം ജാര്‍ഖണ്ഡിന്റെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ച വിഭാഗമാണെങ്കിലും രാഷ്ട്രീയമായി പ്രബല ശക്തിയല്ല. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജംഷഡ്പൂര്‍ നഗരവും ജാര്‍ഖണ്ഡിലാണ്. ഞാന്‍ റാഞ്ചിയില്‍ എത്തുന്നതിനു കഷ്ടിച്ച് ഒരാഴ്ച മുമ്പ് ജംഷഡ്പൂരില്‍ സംഘപരിവാരം കലാപശ്രമം നടത്തിയിരുന്നതായി സുഹൃത്ത് പറഞ്ഞു.
ജാര്‍ഖണ്ഡിലെ മുസ്‌ലിമിന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാന്‍ കഴിയുന്ന വ്യക്തമായ സാക്ഷ്യമാണ് ഹമീദ് (പേര് യഥാര്‍ഥമല്ല) എന്ന വിദ്യാസമ്പന്നനായ യുവാവിന്റെ വിവരണം. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി സംസാരിച്ചുവെങ്കിലും അദ്ദേഹം തന്റെ പേര് പരാമര്‍ശിക്കരുതെന്നും മുസ്‌ലിംകള്‍ക്ക് ഇവിടെ ജീവഭയമുണ്ടെന്നും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു (കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക് ബീഫ്, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ എന്നീ പേരുകളില്‍ പത്തിലധികം പേരെ സംഘപരിവാരം തെരുവിലിട്ട് പകല്‍വെളിച്ചത്തില്‍ കൊന്നിട്ടുണ്ട്).
”മുസ്‌ലിംകള്‍ക്കിടയിലെ എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് ഒരു പൊതുവേദി രൂപീകരിച്ചതാണ് മുസ്‌ലിം ഏകതാ മഞ്ച്. എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമ്പോള്‍ ചെറിയ സമ്മേളനമോ പ്രകടനമോ അത്ര മാത്രമേയുള്ളൂ. പക്ഷേ, അതിനെയും നിരോധിച്ചു എന്നു കേള്‍ക്കുന്നു. സാമൂഹികമായും രാഷ്ട്രീയമായും മുസ്‌ലിംകള്‍ പിന്നാക്കാവസ്ഥയിലാണിവിടെ. പോപുലര്‍ ഫ്രണ്ട് ജാര്‍ഖണ്ഡില്‍ ഒരു അക്രമത്തിനും ആഹ്വാനം ചെയ്തതായി അറിവില്ല. പക്ഷേ, നിരോധിക്കപ്പെട്ടു. ഇവിടെ സര്‍ക്കാരും പോലിസും തമ്മില്‍ ശക്തമായ ഗൂഢാലോചനയുണ്ട്. അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ ആരായാലും, മുസ്‌ലിംകളുടെയോ ആദിവാസികളുടെയോ സംഘടനയായാലും ഇവിടെ നിരോധിക്കപ്പെടും എന്നതാണ് അനുഭവം”- ഹമീദ് പറഞ്ഞു നിര്‍ത്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ തൃദീപ് ഘോഷിനെ കാണാനായി ചെന്നു. തന്റെ പഴയ ഫഌറ്റിലെ പുസ്തകക്കെട്ടുകളുടെ മുന്നില്‍ കൂനിയിരുന്നുകൊണ്ട് തൃദീപ് ദാ സംസാരിച്ചു: ”എന്തുകൊണ്ടാണ് നിരോധിച്ചത്? സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നതുകൊണ്ടാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ പാടില്ല. അതാണ് ജനാധിപത്യം.”
ശരിയാണ്. ഒരുപാട് അറിവും വിദ്യയും സമ്പാദിച്ച ഹമീദ് എന്ന മുസ്‌ലിം ചെറുപ്പക്കാരന്‍ എല്ലാം തുറന്നുപറഞ്ഞുകഴിഞ്ഞ് അവസാനം ‘എനിക്ക് ജീവഭയമുണ്ട്; എന്റെ പേരെഴുതരുത്’ എന്നു കേണപേക്ഷിക്കുമ്പോള്‍ 2002ലെ ഗുജറാത്ത് വംശഹത്യയില്‍ നിന്നു രക്ഷപ്പെട്ട് കണ്ണീരോടുകൂടി കൈകൂപ്പിനില്‍ക്കുന്ന ഖുത്ബുദ്ദീന്‍ അന്‍സാരിയുടെ മുഖം ഓര്‍മ വന്നത് യാദൃച്ഛികമല്ല. ഫാദര്‍ സ്റ്റാന്‍സിന്റെ വാക്കുകള്‍ കൂടി ചേര്‍ത്തുവയ്ക്കുമ്പോള്‍ മാത്രമേ ചിത്രം പൂര്‍ണമാവൂ: ”ഇവിടത്തെ മുസ്‌ലിംകള്‍ ഒരു നിശ്ശബ്ദ സമൂഹമായിരുന്നു. പക്ഷേ, സമീപകാലത്ത് അവര്‍ ഉണരുന്ന സമൂഹമായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതു തടയാനാണ് സര്‍ക്കാരിന്റെ ഈ പീഡന-നിരോധന തന്ത്രങ്ങള്‍.”
ഏതു നിമിഷവും അറസ്റ്റ് ചെയ്യാനായി 1500 പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകനായ ദീപക് പറയുന്നു. അതില്‍ ജമാഅത്തെ ഇസ്‌ലാമിയടക്കം വിവിധ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. പണ്ട് മണിപ്പൂരില്‍ നിന്നു പഠിക്കാനായി ബംഗളൂരുവില്‍ വന്ന വിദ്യാര്‍ഥി ഒരു പത്രപ്രവര്‍ത്തകയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: ”ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടെന്ന കാര്യം ഞാന്‍ ബംഗളൂരുവില്‍ വന്നപ്പോഴാണ് അറിഞ്ഞത്!”
റാഞ്ചിയില്‍ നിന്ന് തിരികെ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ എന്റെ സുഹൃത്ത് അവിടത്തെ പോലിസ് സ്‌റ്റേഷനില്‍ ഒരു പരിപാടി നടത്തുന്നതു സംബന്ധിച്ച് സംസാരിക്കാനായി പോയി. അദ്ദേഹത്തോട് പോലിസ് മേലധികാരി പറഞ്ഞത് ഇങ്ങനെയാണ്: ”നിന്നെയൊക്കെക്കൊണ്ട് ഇപ്പോള്‍ തന്നെ വലിയ ശല്യമാണ്. 2019 ആയാല്‍ ഒന്നുകില്‍ ഡല്‍ഹി വിട്ടുപോയിക്കൊള്ളണം, അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുതന്നെ പോയിക്കൊള്ളുക.”
വെറുപ്പിന്റെ രാഷ്ട്രീയം പടരുകയാണ്. മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ മാത്രമല്ല, ദലിത് ജനതയ്ക്കു നേരെ നടക്കുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും വര്‍ധിക്കുകയാണ്. അടിയന്തരാവസ്ഥാ അനുഭവങ്ങള്‍ ഒരിക്കലും മറക്കരുത്. ആര്‍എസ്എസ്സിന്റെ നൂറാം വാര്‍ഷികം തികയാന്‍ ഏഴു വര്‍ഷം ബാക്കിയില്ല. അതിനു മുമ്പ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ യത്‌നിക്കുകയാണ് ഫാഷിസ്റ്റുകള്‍. ജാര്‍ഖണ്ഡ് ഒരു പരീക്ഷണം മാത്രമാണ്. അത് വ്യാപിക്കാതിരിക്കണമെങ്കില്‍ ജനാധിപത്യ-മതേതരത്വ പോരാട്ടങ്ങള്‍ വിപുലപ്പെടുത്തേണ്ടതുണ്ട്.

വാല്‍ക്കഷണം: റാഞ്ചിയിലെ നഗരത്തിലൂടെ നടക്കുമ്പോള്‍ കടയില്‍ വല്ലാത്ത തിരക്ക്. എന്താ വിശേഷമെന്ന് സുഹൃത്തിനോട് തിരക്കി. രാമനവമി റാലിക്കു വേണ്ടി വാളുകള്‍ വാങ്ങുന്ന തിരക്കാണ്.                  ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss