|    Nov 15 Thu, 2018 3:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജാര്‍ഖണ്ഡിലെ സംഘടനാ നിരോധനം ജനാധിപത്യവിരുദ്ധം: എജെപി

Published : 3rd May 2018 | Posted By: kasim kzm

റാഞ്ചി: നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന 16 സംഘടനകളെ നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് (എജെപി).
സര്‍ക്കാരിതര സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളുമടക്കം പല സംഘടനകളും നിരോധനത്തിന്റെ ഭീഷണിയിലാണ്. സംസ്ഥാനത്ത് 4000ത്തിലധികം ആക്റ്റിവിസ്റ്റുകളെ കുറ്റമെന്തെന്നു പോലും പറയാതെയോ നിസ്സാരമായ വകുപ്പുകള്‍ ചുമത്തിയോ ജയിലിലാക്കിയിരിക്കുകയാണ്. ഇത്രയധികം സംഘടനകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുകയും ജനങ്ങളെ ജയിലിലാക്കുകയും ചെയ്ത മറ്റൊരു സംസ്ഥാനവുമില്ല. ജാര്‍ഖണ്ഡില്‍ ജനാധിപത്യം ഭീഷണിയിലാണെന്നതിന്റെ അപായ സൂചനയാണിത്. നിശ്ശബ്ദരാക്കപ്പെട്ടവര്‍ക്കു വേണ്ടി ഉയരുന്ന ശബ്ദങ്ങളെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചും ഭീഷണികളുയര്‍ത്തിയും പ്രതിപക്ഷ പാര്‍ട്ടികളെപ്പോലും സമ്മര്‍ദ്ദത്തിലാക്കിയും ഞെരിച്ചുകൊല്ലുകയാണു സര്‍ക്കാര്‍. ഗോത്ര വിഭാഗങ്ങള്‍ക്കു മേല്‍ക്കൈയുള്ള സംസ്ഥാനം ഗുജറാത്തിനു ശേഷം ഹിന്ദുത്വശക്തികളുടെ മറ്റൊരു പരീക്ഷണശാലയായി മാറുകയാണ്.
ആള്‍ക്കൂട്ട കൊലകള്‍ വര്‍ധിച്ച തോതില്‍ ജാര്‍ഖണ്ഡില്‍ അരങ്ങേറുമ്പോഴും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതു വിരളമാണ്. വികസനത്തിന്റെയും വ്യവസായവല്‍ക്കരണത്തിന്റെയും മറവില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ ആവാസഭൂമിയില്‍ നിന്ന് ആട്ടിയകറ്റപ്പെടുന്നു. വിദൂര ആദിവാസി ഗ്രാമങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ പോലും നിഷേധിക്കുകയാണ്. പാവപ്പെട്ട തൊഴിലാളികളെ പിഴിഞ്ഞൂറ്റി ഖനിമാഫിയകള്‍ തടിച്ചുകൊഴുക്കുന്നു.
ഈ പശ്ചാത്തലത്തില്‍ സംഘടനകള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം അടിയന്തരമായി നീക്കണമെന്നും മര്‍ദിത ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുംവിധം ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്നും എജെപി ആവശ്യപ്പെടുന്നു. ജയിലുകളില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണം. ദരിദ്രരായ കര്‍ഷകരുടെ ഭൂമി തിരിച്ചേല്‍പ്പിക്കണമെന്നും അധിവാസ പ്രദേശങ്ങളില്‍ നിന്ന് ആദിവാസികളെ തുരത്തി അവരുടെ സംസ്‌കാരം നശിപ്പിക്കുന്നതില്‍ നിന്നു പിന്തിരിയണമെന്നും എജെപി ആവശ്യപ്പെടുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ എജെപി സെക്രട്ടറി ജനറല്‍ ജസ്റ്റിസ് കോല്‍സെ പാട്ടീല്‍, ദേശീയ സെക്രട്ടറി മുഹമ്മദ് ശാഫി, ഡോ. തസ്്‌ലീം റഹ്്മാനി, മൗലാനാ തല്‍ഹ നദ്‌വി സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss