കോഴിക്കോട്: ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ജനപ്രതിനിധികളും സംഘടനാ നേതാക്കളും. ഊഹാപോഹങ്ങളുടെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെയും അടിസ്ഥാനത്തിലുള്ള നടപടി പിന്‍വലിക്കണമെന്നും എംഎല്‍എമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍, വിവിധ മത-രാഷ്ട്രീയ സംഘടനാ നേതാക്കള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംഘടിക്കാനും ആശയാവിഷ്കാരത്തിനും ആദര്ശപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍ പെട്ടതാണ്. ഇവ സംരക്ഷിക്കുകയും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യ ഭരണകൂടങ്ങളുടെ ബാധ്യത. മൗലികാവകാശങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യത്തോടെ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധവും ഏകാധിപത്യ പ്രവണതയിലേക്ക് രാജ്യം നീങ്ങുന്നുവെന്നതിന്റെ സൂചനയുമാണ്.
വിയോജിപ്പുകളും വിമര്‍ശനങ്ങളുമാണ് ജനാധിപത്യ വ്യവസ്ഥയുടെ ശക്തി. എതിര്‍ശബ്ദങ്ങളോട് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത ഭരണഘടനാമൂല്യങ്ങളെ ദുര്‍ബലപ്പെടുത്തും. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ അത്തരം നീക്കങ്ങള്‍ ശക്തിപ്പെട്ടുവരുകയാണ്. സാമൂഹിക പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍, നിഷ്പക്ഷ മാധ്യമങ്ങള്‍, പുരോഗമന-ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍, മതപ്രബോധകര്‍, നവസാമൂഹിക മുന്നേറ്റങ്ങള്‍ തുടങ്ങിയവയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ വര്‍ധിച്ചുവരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനെ തുടര്‍ന്ന് ഗ്രീന്‍പീസ്, സബ്രംഗ്, സെന്റര്‍ ഫോര്‍ ഈക്വാലിറ്റി സ്റ്റഡീസ്, ഇന്‍സാഫ്, പീസ് തുടങ്ങിയ സംഘടനകള്‍ക്കെതിരേ ഉണ്ടായ നടപടികള്‍ കൂടുതല്‍ വ്യാപകമാവുകയാണ്.
കാല്‍നൂറ്റാണ്ടു കാലം ത്രിപുരയില്‍ ഭരണകക്ഷിയായിരുന്ന സിപിഎമ്മിനു പോലും ഹിന്ദുത്വശക്തികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷയില്ലെന്നത് ഫാഷിസ്റ്റ് ഏകാധിപത്യ പ്രവണതയുടെ ആഴവും വ്യാപ്തിയുമാണ് വ്യക്തമാക്കുന്നത്. ഇസ്ലാംമത പ്രബോധകര്ക്കെതിരേയുള്ള നീക്കത്തിനു പിന്നാലെ ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏര്‍പ്പെടുത്തിയതും ഇതിന്റെ തുടര്‍ച്ചയാണ്.
ഭരണകൂടത്തിനു ഹിതകരമായത് മാത്രമേ പറയാവൂ എന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ പൗരസമൂഹവും പ്രതിപക്ഷ കക്ഷികളും ജാഗ്രത പുലര്‍ത്തണം. ഊഹാപോഹങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള നടപടികളില്‍ നിന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അടിയന്തരമായി പിന്‍വാങ്ങുകയും പോപുലര്‍ ഫ്രണ്ടിനെതിരായ നിരോധനം പിന്‍വലിക്കുകയും വേണം.
എ പി അനില്‍ കുമാര്‍ എംഎല്‍എ, പി സി ജോര്‍ജ് എംഎല്‍എ, പി ടി എ റഹീം എംഎല്‍എ, വി പി സജീന്ദ്രന് എംഎല്‍എ, പ്രഫ. മുഹമ്മദ് സുലൈമാന്‍ (ദേശീയ പ്രസിഡന്റ്, ഐഎന്‍എല്‍), ഡോ. എ നീലലോഹിത ദാസന് നാടാര്‍ (മുന്‍മന്ത്രി), ഒ അബ്ദുര്‍റഹ്മാന്‍ (ഗ്രൂപ്പ് എഡിറ്റര്‍, മാധ്യമം), ഭാസുരേന്ദ്ര ബാബു (മാധ്യമ നിരീക്ഷകന്), എന്‍ പി ചെക്കുട്ടി (ചീഫ് എഡിറ്റര്‍, തേജസ് ദിനപത്രം), അഡ്വ. കെ പി മുഹമ്മദ് (കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്), എ പൂക്കുഞ്ഞ് (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), പി അബ്ദുല്‍ മജീദ് ഫൈസി (എസ്ഡിപിഐ), എന്‍ കെ അലി (മെക്ക), പ്രഫ. ഇ അബ്ദുല്‍ റഷീദ് (മെക്ക), പ്രഫ. അബ്ദുല്‍ ഖാദര്‍ (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍), രമേശ് നന്മണ്ട (ബഹുജന്‍ സാഹിത്യ അക്കാദമി), ഗോപാല്‍ മേനോന് (ഡോക്യുമെന്ററി സംവിധായകന്), മുസ്തഫ പാലാഴി (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), ഒ പി ഐ കോയ (എന്എസ്സി), കെ കെ ബാബുരാജ് (ദലിത് ചിന്തകന്‍), രൂപേഷ് കുമാര്‍ (ഡോക്യുമെന്ററി സംവിധായകന്), അനൂപ് വി ആര് (രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍), വിളയോടി ശിവന്‍കുട്ടി (എന്‍സിഎച്ച്ആര്‍ഒ), പവിത്രന് കെ എം (ആം ആദ്മി പാര്‍ട്ടി), എം ഹബീബ (എന്‍ഡബ്ല്യൂഎഫ്), വി എച്ച് ഫൈസല്‍ (എന്‍സിപി), ഷംസീര്‍ മണാലത്ത് (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍) തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.