|    Nov 14 Wed, 2018 5:02 pm
FLASH NEWS

ജാര്‍ഖണ്ഡിലെ ജാംതാര സൈബര്‍ തട്ടിപ്പുകള്‍ക്ക് കുപ്രസിദ്ധം

Published : 3rd March 2018 | Posted By: kasim kzm

മഞ്ചേരി:  ഓണ്‍ലൈന്‍ എടിഎം തട്ടിപ്പ് കേസ് അന്വേഷണത്തില്‍ മഞ്ചേരി പോലിസ് കണ്ടെത്തിയ കാര്യങ്ങള്‍ ഏറെ അല്‍ഭുതപ്പെടുത്തുന്നത്. തട്ടിപ്പില്‍ കഴിഞ്ഞ ദിവസം സ്ത്രീ ഉള്‍പ്പെടെ രണ്ടു പേരെയാണു പോലിസ് അറ്‌സ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ അധികം ജനസംഖ്യയൊന്നുമില്ലാത്ത ഒരു ജില്ലയാണു ജാംതാര. ജാംതാര എന്നതിലേറെ ആളുകള്‍ക്ക് പരിചിതം ഈ ജില്ലയിലെ ഒരു ഗ്രാമ പ്രദേശമായ കര്‍മാതര്‍ ആണ്. വിവിധ രീതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിയ നിരവധി സൈബര്‍ കുറ്റവാളികള്‍ താമസിക്കുന്ന കര്‍മാതറില്‍ ഒരു ഓപറേഷന്‍ ഏറെ ശ്രമകരമായിരുന്നു. ഒരു കാലത്ത് പ്രദേശത്തുകൂടെ യാത്ര ചെയ്യുന്നവരില്‍ നിന്നും മറ്റും കവര്‍ച്ചയും കൊള്ളയും ചെയ്യുന്ന രീതിയില്‍നിന്നു ഓണ്‍ലൈന്‍ തട്ടിപ്പെന്ന പുതിയ രീതിയിലേക്ക് അടുത്തകാലത്താണ് ഇവിടുത്തുകാര്‍ മാറിയത്.
ഒരിക്കല്‍ ചെറിയ മണ്‍ കുടിലുകള്‍ ഉണ്ടായിരുന്ന കര്‍മാതര്‍ മേഖലയില്‍ ഇന്ന് നിരവധി കോണ്‍ക്രീറ്റ് വീടുകളാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. എല്ലാ വീടുകള്‍ക്കും ബാങ്ക് ലോക്കറുകള്‍ പോലെ ഇരുമ്പ് വാതിലുകളും കനമുള്ള ചുമരുകളുമുണ്ട്. മൊത്തം ജനസംഖ്യയില്‍ 80 ശതമാനത്തോളം പേര്‍ വിവിധ സൈബര്‍ കുറ്റകൃത്യങ്ങള്‍ ധനസമ്പാദന മാര്‍ഗങ്ങളായി ചെയ്യുന്നു. ഇവിടെ കൂടുതല്‍ പേരും എടിഎം തട്ടിപ്പാണ് ചെയ്തുവരുന്നത്. വിവിധ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും, ഓണ്‍ലൈന്‍ വാലറ്റ് സേവന ദാതാക്കളില്‍ നിരവധി ഇ വാലറ്റ് അക്കൗണ്ടുകളും തയ്യാറാക്കിയാണ് തട്ടിപ്പ്്. നാലോ അഞ്ചോ പേരുള്ള ചെറു സംഘങ്ങളായി പ്രദേശത്തെ തണല്‍ മരച്ചുവടുകളിലിരുന്നുകൊണ്ടാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. പല പല നമ്പറുകളിലേക്ക് വിളിച്ച് വിവിധ ബാങ്കുകളുടെ ഹെഡ് ഓഫിസില്‍ നിന്നാണെന്നും വെരിഫിക്കേഷനാണെന്നും അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാനാണെന്നും മറ്റും പറഞ്ഞ് സൂത്രത്തില്‍ എടിഎ കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചറിയും. ശേഷം ഇതു വിശ്വസിക്കുന്നയാളുകള്‍ ഒടിപി നമ്പറും കൂടി നല്‍കുന്നതോടെ പണം ഇ വാലറ്റിലേക്കെത്തുകയും തുടര്‍ന്ന് ഇവര്‍ ഈ പണം തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയം ചെയ്യുന്നു.
കാര്യമായി യാതൊരു ജോലികളും ഇല്ലാത്ത ഇവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ ലക്ഷക്കണക്കിനു രൂപയാണ് ഓരോ ആഴ്ചയിലും വരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. എന്‍ എം അബ്ദുല്ല ബാബു, എസ്എ മുഹമ്മദ് ഷാക്കിര്‍ എന്നിവരുള്‍പ്പെടുന്ന പോലിസ് സംഘം ഒരു വര്‍ഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ ഓണ്‍ലൈന്‍ കേസാണിത്. കഴിഞ്ഞ ദിവസം എടിഎം തട്ടിപ്പ് കേസില്‍ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്ത ബദ്രി മണ്ടല്‍, ആശാദേവി എന്നിവരെക്കൂടാതെ ദീപക് മണ്ടല്‍, മഹേഷ് മണ്ടല്‍, സപ്‌നാ ദേവി എന്നീ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിലുള്ള ഈ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് നടപടി സ്വീകരിച്ച് വരികയാണെന്ന് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss