|    Dec 17 Sun, 2017 1:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജാമ്യമില്ല, ദിലീപ് വീണ്ടും ജയിലില്‍

Published : 16th July 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ദിലീപിനെ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആലുവ സബ്ജയിലില്‍ അടച്ചു. ദിലീപിനു വേണ്ടി നാളെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ പറഞ്ഞു. പ്രതിഭാഗം കോടതി മുമ്പാകെ ദിലീപിന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ സമര്‍പ്പിച്ചു. ഇത് കോടതി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങേണ്ട സാഹചര്യമുണ്ടായാല്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിലീപിന്റെ ജാമ്യഹരജിയില്‍ നേരത്തേ പ്രാഥമികവാദം നടന്നിരുന്നുവെങ്കിലും അന്തിമവാദം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വാദം ആരംഭിച്ച ഉടന്‍ ദിലീപിന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതി മുമ്പാകെ സമര്‍പ്പിച്ചു. പോലിസ് കണ്ടെടുക്കുമെന്ന് ഭയന്നാണ് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പോലിസിന് ഇതു കൈമാറിയാല്‍ കൃത്രിമം കാട്ടാന്‍ ഇടയുള്ളതിനാലാണ് കോടതി മുമ്പാകെ സമര്‍പ്പിക്കുന്നതെന്നും ഫോണുകള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. പള്‍സര്‍ സുനിയെന്ന കൊടും ക്രിമിനലിന്റെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പോലിസ് അന്വേഷണം നടത്തുന്നതെന്നും പ്രതിഭാഗം വാദിച്ചു. ദിലീപിനെതിരായ റിമാന്‍ഡ് റിപോര്‍ട്ട് പൂര്‍ണമായും കളവാണ്. സമൂഹത്തിന്റെ വികാരം വിധിയെ ബാധിക്കരുതെന്നും മാധ്യമങ്ങള്‍ ജഡ്ജി ചമയുകയാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ഒരു കാരണവശാലും ദിലീപിന് ജാമ്യം അനുവദിക്കാന്‍ പാടില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാട് സ്വീകരിച്ചു. ദിലീപിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ഇത് കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ ബാധിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ദിലീപിനുവേണ്ടി സാമൂഹികമാധ്യമങ്ങളില്‍ അനുകൂലമായ പ്രചാരണം നടക്കുന്നുണ്ട്. ഇത് പ്രതിയുടെ സ്വാധീനമാണ് വ്യക്തമാക്കുന്നത്. കസ്റ്റഡിയില്‍ ഇതാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം കോടതി വിധിപറയാന്‍ മാറ്റി. പിന്നീട് വൈകുന്നേരം 4.20ഓടെ ദിലീപിനെ കോടതിയില്‍ ഹാജരാക്കിയ വേളയിലാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് അങ്കമാലി മജിസ്‌ട്രേറ്റ് ലീന റിയാസ് ഉത്തരവിട്ടത്. 4.40ഓടെ അന്വേഷണ സംഘം ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയെങ്കിലും 15 മിനിറ്റിനുള്ളില്‍ കോടതിയില്‍ തിരികെ എത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ദിലീപിന്റെ ഫോണ്‍ തുറക്കണമെങ്കില്‍ പാസ്‌വേഡ് ആവശ്യമായിരുന്നു. മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ എത്തിച്ച് പാസ്‌വേഡ് ഉപയോഗിച്ച് ഫോണ്‍ തുറന്നുനല്‍കിയതിനുശേഷം 5.10ഓടെ ദിലീപിനെ ജയിലിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss