|    Sep 23 Sun, 2018 11:37 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ജാമ്യമാണ് നിയമം; പക്ഷേ, ഇതല്ല നീതി

Published : 22nd January 2017 | Posted By: fsq

ഫൈസാന്‍ മുസ്തഫ
പൂനെയില്‍ ഐടി പ്രഫഷനലായ മുഹ്‌സിന്‍ ശെയ്ഖ് എന്ന നിരപരാധിയായ യുവാവിനെ 2014 ജൂണ്‍ 2നു നിഷ്ഠുരമായി കൊലപ്പെടുത്തിയ കേസിലെ മൂന്നു മുഖ്യ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറു പേജ് വരുന്ന വിധിയില്‍ ജസ്റ്റിസ് മൃദുല ഭട്കര്‍ രേഖപ്പെടുത്തിയ നിരീക്ഷണം ഇങ്ങനെയാണ്: ‘മരിച്ച വ്യക്തിയുടെ അപരാധം അദ്ദേഹം മറ്റൊരു മതത്തില്‍ പെട്ടവനായി എന്നതു മാത്രമാണ്. ഈ ഘടകം അപേക്ഷകന് അഥവാ പ്രതിക്ക് അനുകൂലമായി ഞാന്‍ കാണുന്നു. എന്നു മാത്രമല്ല, പ്രതികളുടെ അഥവാ അപേക്ഷകരുടെ പേരില്‍ മുന്‍കാല കുറ്റകൃത്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. മതത്തിന്റെ പേരില്‍ അവര്‍ പ്രകോപിതരാവുകയും കൊല നടത്തുകയും ചെയ്തുവെന്നാണ് വ്യക്തമാവുന്നത്.’ മരിച്ച യുവാവ് ഇളംപച്ച നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചിരുന്നതായും താടിവച്ചിരുന്നുവെന്നും വിധിന്യായത്തില്‍ ജഡ്ജി രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമികള്‍ പ്രകോപിതരായത്  മരിച്ച വ്യക്തി സൃഷ്ടിച്ച പ്രകോപനം മൂലമാവണം. നിയമപരമായ എന്തെങ്കിലും ഒന്നിനു പ്രകോപനപരമെന്ന കുറ്റം ചാര്‍ത്താനാവില്ല. മുസ്‌ലിമാവുക, ഇളംപച്ച ഷര്‍ട്ട് ധരിക്കുക, താടിവയ്ക്കുക എന്നിവയൊന്നും ഇന്നോളം ഇന്ത്യയില്‍ കുറ്റകരമാക്കിയിട്ടില്ല. മുഹ്‌സിന്‍ ശെയ്ഖ് വധക്കേസിലെ പ്രതികള്‍ സ്വന്തം താല്‍പര്യം അനുസരിച്ചാണ് ഹിന്ദു രാഷ്ട്രീയ സേനയുടെ പരിപാടിയില്‍  പ്രസംഗം കേള്‍ക്കാന്‍ പോയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്ന വിധി ഞെട്ടിക്കുന്നതും പ്രകോപനം എന്ന പദത്തിന്റെ നിയമശാസ്ത്രപരമായ വിവക്ഷ തന്നെ തിരുത്തിക്കുറിക്കുന്നതുമായതിനാല്‍ അപകടകരമാണ്. ഇന്ത്യയുടെ പൗരാണികമായ  ജാമ്യനിയമത്തിനു ധനസംബന്ധമായ ജാമ്യം എന്ന വിഭാവന കാരണം തനതായ വര്‍ഗസ്വഭാവമുണ്ട്. സമ്പന്നനു ജാമ്യം നല്‍കുന്ന നീതി പാവപ്പെട്ടവനു ജയില്‍ നല്‍കുന്നു. 1978ല്‍ ദരിദ്രനായ ഒരു തൊഴിലാളിയോട് ജാമ്യത്തുകയായി പതിനായിരം രൂപ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ട മോത്തി റാം കേസില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വേദനയോടെ നിരീക്ഷിച്ചിരുന്നു, ‘നീതിയുടെ വിപണിയില്‍ പാവപ്പെട്ടവരെ പരിധിയില്‍ കവിഞ്ഞ വിലയിട്ട് സ്വന്തം നൈസര്‍ഗിക അവകാശങ്ങളില്‍ നിന്നു പുറന്തള്ളപ്പെടുന്നുവോ’ എന്ന്. പുതിയ വര്‍ഗമായി മതം മാറുന്നുവോ? ജാമ്യം സംബന്ധമായ വ്യവസ്ഥ വളരെ പുരാതനമാണ്. ക്രിസ്തുവിനു മുമ്പ് 399ല്‍ പ്ലാറ്റോ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ സോക്രട്ടീസിന്റെ മോചനം തേടിയിരുന്നു. ജാമ്യസംബന്ധമായ നിയമം എന്നത് ദുര്‍ബലരെ കുരുക്കുന്ന വലിയൊരു എട്ടുകാലിവലയാണ്. വ്യക്തിസ്വാതന്ത്യത്തിന്റെ, പൊതുവായ ആശങ്കയുടെ, നീതിയുടെ താല്‍പര്യത്തിന്റെ പ്രശ്‌നങ്ങള്‍ ഒന്നാകെ ഉള്‍ക്കൊള്ളുന്ന ഒരു വല. ജാമ്യം എന്ന പദം നമ്മുടെ നിയമങ്ങളില്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. നിയമങ്ങളില്‍ കുറ്റകൃത്യങ്ങളെ ജാമ്യം നല്‍കാവുന്നതും ജാമ്യം നല്‍കാന്‍ കഴിയാത്തതുമെന്ന് കേവലം വേര്‍തിരിക്കുന്നതേയുള്ളൂ. ആദ്യത്തേതില്‍ ജാമ്യം അവകാശമാണ്. അടുത്ത വിഭാഗത്തില്‍ ജാമ്യം ജഡ്ജിയുടെ വിവേചനമാണ്. നിര്‍ണിതമായ മാനദണ്ഡങ്ങളുടെയോ വ്യക്തമായ പരിശോധനകളുടെയോ അടിസ്ഥാനത്തിലല്ല ഈ തരംതിരിവുകള്‍. പൊതുവേ മൂന്നു വര്‍ഷമോ അതില്‍ കുറവോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ജാമ്യം നല്‍കാവുന്നവ. മറ്റുള്ളവ ജാമ്യം ലഭിക്കാത്തതായി പരിഗണിക്കപ്പെടുന്നു. ജാമ്യം അനുവദിക്കുന്നതില്‍ ന്യായാധിപന്മാരുടെ വിവേചനാധികാരവും അത്ര വിപുലമല്ല. സ്വേച്ഛാപരമായി അത് ഉപയോഗിക്കാനുമാവില്ല. നിയമപരമായി വിവേചനത്തിനു വ്യക്തമായ മാര്‍ഗദര്‍ശനങ്ങളും വ്യവസ്ഥകളുടെ നിയന്ത്രണവുമുണ്ട്. കുറ്റകൃത്യത്തിന്റെ വൈപുല്യം, ശിക്ഷയുടെ കാഠിന്യം, ആരോപിതമായ കുറ്റത്തിനുള്ള തെളിവിന്റെ സ്വഭാവം, ഇരയും സാക്ഷികളുമായി ബന്ധപ്പെടുത്തി കുറ്റാരോപിതന്റെ പ്രായവും പദവിയും, സ്ത്രീയോ പുരുഷനോ എന്നത്, ജാമ്യത്തിലിരിക്കെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത തുടങ്ങിയവയടക്കം എല്ലാം വിലയിരുത്തിയാവണം ജഡ്ജിയുടെ തീരുമാനം. സമാനത കണക്കാക്കി ജാമ്യം നല്‍കാനാവില്ല. കുറ്റാരോപിതനായ ഒരാള്‍ക്ക് ജാമ്യം ലഭിച്ചുവെന്നത് അതേ കേസില്‍ കുറ്റാരോപിതനായ മറ്റൊരാളെ ജാമ്യം ലഭിക്കുന്നതിന് അര്‍ഹനാക്കുന്നില്ല. ജാമ്യനിഷേധം കുറ്റം സ്ഥിരീകരിക്കപ്പെടുന്നതുവരെ കുറ്റാരോപിതന്‍ നിരപരാധിയെന്ന അനുമാനവുമായി സംഘര്‍ഷത്തിലാകുന്നു. നിരപരാധികളായ കുടുംബത്തെ കഷ്ടപ്പെടുത്തുന്നു. ഇതെല്ലാം കാരണം ഏറെ കേസുകളിലും ജാമ്യം അനുവദിക്കണമെന്നു തന്നെയാണ് ഈ ലേഖകന്റെയും നിലപാട്. മാത്രമല്ല, അടിസ്ഥാനപരമായി ജാമ്യം എന്നത് വിചാരണയോ അന്വേഷണമോ നടക്കുമ്പോള്‍ പ്രതിയുടെ സാന്നിധ്യം സാക്ഷ്യപ്പെടുത്തുന്ന ഉറപ്പു മാത്രമാണ്. മുഹ്‌സിന്‍ വധക്കേസിലെ മൂന്നു പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ എനിക്ക് എതിര്‍പ്പില്ല. എന്നാല്‍, അതിനപ്പുറം യഥാര്‍ഥത്തില്‍ ജാമ്യം ലഭിക്കേണ്ടിയിരുന്ന നിരവധി കേസുകളിലെ ജാമ്യം നിഷേധിക്കപ്പെട്ടതുകൂടി നാം ഓര്‍മിക്കേണ്ടതുണ്ട്. ആരെയും കൊലപ്പെടുത്തിയില്ലെങ്കിലും ബിനായക് സെന്‍ വര്‍ഷങ്ങളോളം ജാമ്യം നിഷേധിക്കപ്പെട്ട് തടവില്‍ കഴിയേണ്ടിവന്നു. തടവിലുള്ള നക്‌സല്‍ നേതാവ് നാരായണ്‍ സന്യാലിനും ബിസിനസുകാരനായ പിയൂഷ് സിന്‍ഹക്കുമിടയില്‍ സന്ദേശം കൈമാറിയെന്നാണ് അദ്ദേഹത്തില്‍ ആരോപിതമായ കുറ്റം. 33 തവണ ബിനായക് സെന്‍ സന്യാലിനെ കണ്ടുവെന്നതായിരുന്നു കാരണം. ഓരോ തവണയും ജയില്‍ അധികൃതരുടെ മതിയായ അനുമതിയോടെയായിരുന്നു സന്ദര്‍ശനം. ജയില്‍ അധികൃതര്‍ പരിശോധിച്ച് ഒപ്പുവച്ച ഒരു തപാല്‍ കാര്‍ഡ്, സിപിഐയും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും തമ്മിലുള്ള ഐക്യത്തെക്കുറിച്ച പുസ്തകം, മദന്‍ ലാല്‍ ബാനര്‍ജി സെന്നിന് അയച്ച കത്ത് എന്നിവയായിരുന്നു ബിനായക് സെന്നിനെതിരേയുള്ള കേസിലെ തെളിവുകള്‍. അവസാനം സുപ്രിംകോടതിയാണ് അദ്ദേഹത്തിനു ജാമ്യം അനുവദിച്ചത്. 90 ശതമാനം അംഗവൈകല്യമുള്ള, വീല്‍ചെയറില്‍ മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന ദല്‍ഹി യൂനിവേഴ്‌സിറ്റി പ്രഫസര്‍ ജി എന്‍ സായിബാബക്ക് ബോംബൈ ഹൈക്കോടതി തന്നെയാണ് ജാമ്യം നിഷേധിച്ചത്. അദ്ദേഹത്തിനു താല്‍ക്കാലികമായി അനുവദിച്ച ജാമ്യം പോലും പിന്‍വലിച്ചു. സായിബാബയോടൊപ്പം കുറ്റാരോപിതരായ മറ്റ് എല്ലാവര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും ഈ കേസില്‍ സമാനതയുടെ തത്ത്വം സ്വീകരിക്കപ്പെട്ടില്ല. അതേപോലെ, പൂനെയില്‍ പ്രവര്‍ത്തിക്കുന്ന കബീര്‍ കലാ മഞ്ച് (കെകെകെ) അംഗങ്ങള്‍ തങ്ങളുടെ ഗാനങ്ങളിലൂടെ നക്‌സലൈറ്റുകളെ പിന്തുണയ്ക്കുന്നുവെന്ന ആരോപണങ്ങളിലും ജാമ്യം നിഷേധിക്കപ്പെട്ടു. 19 ഭീകര കുറ്റങ്ങള്‍ ചുമത്തി 12 വര്‍ഷം തടവറയില്‍ കഴിയേണ്ടിവന്ന മുഹമ്മദ് ആമിര്‍ ഖാന് ഒരിക്കല്‍ പോലും ജാമ്യം ലഭിച്ചില്ല. പിതാവ് മരിച്ചു. പക്ഷാഘാതം മൂലം ദേഹം തളര്‍ന്ന അമ്മയുടെ മെഡിക്കല്‍ രേഖകളുമായി നിരവധി തവണ ആമിര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കേസ് വളരെ ‘വൈകാരികം’ ആയതിനാല്‍ ജഡ്ജി ജാമ്യം നല്‍കാന്‍ വിസമ്മതിച്ചു. കാലങ്ങള്‍ക്കു ശേഷം 19 കേസുകളിലും ആമിര്‍ കുറ്റവിമുക്തനായ ശേഷമാണ് ജയില്‍മോചിതനായത്. (അബ്ദുന്നാസിര്‍ മഅ്ദനിയും സകരിയ്യയും യഹ്‌യ കമ്മുക്കുട്ടിയും മറ്റു നിരവധി മലയാളികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു- വിവ). വ്യത്യസ്തമായ അനുഭവങ്ങളുമുണ്ട്. ശിക്ഷിക്കപ്പെട്ടതിനു ശേഷവും സഞ്ജയ് ദത്തിനു നൂറുകണക്കിനു ദിവസങ്ങള്‍ പരോള്‍ ലഭിച്ചു. കലാപക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും മുന്‍ ഗുജറാത്ത് മന്ത്രിയുമായ മായാ കോട്‌നാനിക്കും ജാമ്യം ലഭിച്ചു. ഷഹാബുദ്ദീനെപ്പോലുള്ള കുപ്രസിദ്ധ കുറ്റവാളികള്‍ക്ക് പട്‌ന ഹൈക്കോടതി ജാമ്യം നല്‍കി. വിവാദമായ ഇപ്പോഴത്തെ കോടതിവിധി ജാമ്യം സംബന്ധിച്ച നമ്മുടെ നിയമങ്ങളുടെ പുനരവലോകനത്തിന് ഉപയോഗപ്പെടുത്തുക. രാജ്യത്തെ മൊത്തം തടവുകാരില്‍ മൂന്നില്‍ രണ്ടു പേരും വിചാരണത്തടവുകാരാണ്. ‘ജാമ്യമാണ് നിയമം; തടവ് അനിവാര്യ സന്ദര്‍ഭങ്ങളില്‍ മാത്രവും’ എന്ന നിലയില്‍ ജാമ്യസംബന്ധമായ നിയമം കൂടുതല്‍ ഉദാരമാവട്ടെ.

(ഹൈദരാബാദ് നല്‍സാര്‍ യൂനിവേഴ്‌സിറ്റി ഓഫ്  ലോ വൈസ് ചാന്‍സലറായ ലേഖകന്‍  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം)വിവ: പി എ എം ഹാരിസ്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss