|    Jun 21 Thu, 2018 6:29 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജാമ്യം ലഭിച്ചെങ്കിലും യാസ്മിന്‍ രണ്ടരമാസമായി ജയിലില്‍ തന്നെ

Published : 8th August 2017 | Posted By: fsq

 

കൊച്ചി: നിരോധിത സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്താനിലെ കാബൂളിലേക്കു പോവാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ബിഹാറിലെ മുറൂല്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ് എന്ന യാസ്മിന്‍ (29) ജാമ്യം ലഭിച്ചിട്ടും രണ്ടരമാസമായി ജയിലില്‍. ദേശീയ അന്വേഷണ ഏജ ന്‍സി (എന്‍ഐഎ) അന്വേഷിക്കുന്ന കേസില്‍ 2016 ആഗസ്ത് ഒന്നിന് അറസ്റ്റിലായ യാസ്മിന് 2017 ഏപ്രില്‍ 12ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ആള്‍ ജാമ്യത്തിനു പുറമേ എറണാകുളം ജില്ലയ്ക്കു പുറത്തുപോവരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറക്കാന്‍ യാസ്മിന്റെ ബിഹാറിലെ ബന്ധുക്കളുടെ വസ്തുക്കള്‍ സംബന്ധിച്ച രേഖകള്‍ പോരാതെ വന്നതിനാല്‍ യാസ്മിന്റെ അഭിഭാഷകനായ എം എം അലിയാര്‍ മുഖേന രണ്ടു പേര്‍ ജാമ്യം നിന്നു. ജയില്‍മോചിതയായ യുവതി എറണാകുളത്ത് താമസിക്കുകയായിരുന്നു. അപ്പോഴാണ് 2017 മെയ് അഞ്ചിലെ മലയാള മനോരമ പത്രത്തില്‍ അഭിഭാഷകനും ജാമ്യംനിന്നവര്‍ക്കുമെതിരേ വാര്‍ത്ത വന്നത്. ”ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിരോധനാജ്ഞ ലംഘിച്ചെന്ന് ഉത്തര്‍പ്രദേശ് പോലിസ് ആരോപിക്കുന്ന അഭിഭാഷകനെയും സുഹൃത്തുക്കളെയും നിരീക്ഷിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കി. ഐഎസ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അന്വേഷണം നേരിടുന്ന യാസ്മിനുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ഐബി കണ്ടെത്തി” എന്നൊക്കെയാണ് വ്യാജവാര്‍ത്തയിലുണ്ടായിരുന്നത്. ഇത് അഭിഭാഷകരെയും ജാമ്യക്കാരെയും അവരുടെ കുടുംബങ്ങളെയും  പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് 2017 മെയ് 18ന് ജാമ്യം നിന്നവര്‍ കോടതിയിലെത്തി അതു പിന്‍വലിച്ചു. അതോടെ യാസ്മിന്‍ വിയ്യൂര്‍ സെ ന്‍ട്രല്‍ ജയിലിലായി. മാധ്യമവാര്‍ത്തയെ തുടര്‍ന്ന് പ്രതിസന്ധിയിലായ എം എം അലിയാ ര്‍ കേസില്‍ നിന്ന് പിന്‍മാറി. ഇപ്പോള്‍ കോടതി യാസ്മിന് അഭിഭാഷകനെ വച്ചുകൊടുത്തിരിക്കുകയാണ്.മലയാള മനോരമയിലെ വാ ര്‍ത്തയ്‌ക്കെതിരേ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ. എം എ അലിയാര്‍ ക്രിമിനല്‍നടപടി നിയമങ്ങളിലെ 190ാം വകുപ്പുപ്രകാരം പരാതി നല്‍കിയിട്ടുണ്ട്. പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ മാമ്മന്‍ വര്‍ഗീസ്, ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു എന്നിവര്‍ക്കെതിരേയാണു പരാതി. മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച് താന്‍ രചിച്ച പുസ്തകം ഹൈക്കോടതി, പ്രത്യേക ഉത്തരവിലൂടെ കീഴ്‌ക്കോടതികള്‍ക്കുള്ള റഫറന്‍സ് ഗ്രന്ഥമായി അംഗീകരിച്ച് കേരളത്തിലെ കീഴ്‌ക്കോടതികളില്‍ വിതരണം ചെയ്തിട്ടുള്ളതാണെന്നു പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴയിലെ കോടതികളിലും ജില്ലാ സെഷന്‍സ് കോടതികളിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്നതിനു പുറമേ സര്‍വകലാശാലകളില്‍ നിയമത്തി ല്‍ ക്ലാസെടുത്തും സെമിനാറുകളില്‍ പങ്കെടുത്തും താന്‍  നിയമരംഗത്ത് സജീവമാണ്. മലയാള മനോരമ വാര്‍ത്തയെ തുടര്‍ന്ന് കുടുംബക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി. പല കക്ഷികളും കേസ് ഉപേക്ഷിച്ചു. പുതിയ കേസ് നടത്താന്‍ നല്‍കാതെയായി. മൂവാറ്റുപുഴ ബാര്‍ അസോസിയേഷനിലും ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷനിലും ഈ വാര്‍ത്ത ചര്‍ച്ചയായി. ഓഫിസിലെ സഹപ്രവര്‍ത്തക ന്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് മറ്റൊരു ഓഫിസ് ഇടാന്‍ നിര്‍ബന്ധിതനായി. ഇതുവരെ ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലാത്ത തന്നെ തീവ്രവാദബന്ധം ആരോപിച്ച് ഒറ്റപ്പെടുത്തിയതിനാല്‍ ധനനഷ്ടവും മാനനഷ്ടവും ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss