|    Oct 18 Wed, 2017 7:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷപദവി എടുത്തുകളയാന്‍ നീക്കം

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്കു പിന്നാലെ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയുടെ ന്യൂനപക്ഷ പദവിയും എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ പദവിയെ അനുകൂലിച്ച് ഡല്‍ഹി ഹൈക്കോടതി മുമ്പാകെ യുപിഎ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിദ്യാഭ്യാസ സ്ഥാപന വിജ്ഞാപനത്തെ (എന്‍സിഎംഇഐ) പിന്തുണച്ചത് തെറ്റായിരുന്നുവെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കും. പാര്‍ലമെന്റ് മുഖേന കൊണ്ടുവന്ന പ്രത്യേക നിയമനിര്‍മാണം വഴി കേന്ദ്രസര്‍ക്കാരാണ് സര്‍വകലാശാല സ്ഥാപിച്ചതെന്നും മറിച്ച് മുസ്‌ലിംകളല്ലെന്നും അതിനാല്‍ ന്യൂനപക്ഷ പദവിക്കു ജാമിഅ അര്‍ഹമല്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം ഹൈക്കോടതിയെ അറിയിക്കും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കപില്‍ സിബല്‍ മാനവിഭവശേഷി മന്ത്രിയായിരിക്കെയാണ് ജാമിഅ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുമ്പാകെ ന്യൂനപക്ഷ പദവിയെ പിന്തുണച്ച് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. 2011ലെ എന്‍സിഎംഇഐ ഉത്തരവ് പാലിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്. 1988ല്‍ സ്ഥാപനത്തിനു കേന്ദ്ര സര്‍വകലാശാലാ പദവി ലഭിച്ചു. അതിനാല്‍, സ്ഥാപനത്തിന്റെ ന്യൂനപക്ഷപദവി പാര്‍ലമെന്റ് നിയമത്താല്‍ സംരക്ഷിതമാണെന്നും യുപിഎ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ സത്യവാങ്മൂലമാണ് പിന്‍വലിക്കുക. സ്മൃതി ഇറാനി കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരിക്കെ അലിഗഡ് മുസ്‌ലിം സര്‍വകലാശാല ന്യൂനപക്ഷ പദവിയുള്ള സ്ഥാപനമല്ലെന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അന്നത്തെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി നിയമോപദേശം നല്‍കിയിരുന്നു. ഈ നിലപാട് സുപ്രിംകോടതി മുമ്പാകെയുള്ള അലിഗഡ് കേസ് പരിഗണിക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അലിഗഡിനെ ന്യൂനപക്ഷ സ്ഥാപനമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലെന്നും ഒരു മതേതര രാജ്യത്തു ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അനുവദിക്കാനാവില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. സുപ്രിംകോടതിയുടെ മുമ്പാകെയുള്ള അലിഗഡ് കേസിലെ വിധി ജാമിഅയുടെ ന്യൂനപക്ഷപദവിയെയും ബാധിക്കും. 1967ല്‍ നിയമ ഭേദഗതിയിലൂടെ പാര്‍ലമെന്റ് അലിഗഡിനു ന്യൂനപക്ഷ പദവി നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക