|    Jun 21 Thu, 2018 11:40 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ജാമിഅക്കും അലിഗഡിനുമെതിരേ

Published : 18th January 2016 | Posted By: SMR

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്കു പിന്നാലെ ഡല്‍ഹിയിലെ ജാമിഅ മില്ലിയ സര്‍വകലാശാലയുടെയും ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള ഭരണകൂടത്തിന്റെ നീക്കം ന്യൂനപക്ഷ വിരോധത്തിന്റെ മറ്റൊരു ഉദാഹരണമായേ കാണാനാവൂ. ഇതുസംബന്ധമായി കേന്ദ്ര നിയമമന്ത്രാലയം മാനവ വിഭവശേഷി മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയതായാണ് റിപോര്‍ട്ടുകള്‍. ജാമിഅയുടെ ന്യൂനപക്ഷ പദവി പിന്‍വലിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് നിയമപരമായ തടസ്സമില്ലെന്നാണത്രെ നിയമമന്ത്രാലയത്തിന്റെ ഉപദേശം. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയെ ന്യൂനപക്ഷ സ്ഥാപനമായി കാണുന്നില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഒരു മതേതര സമൂഹത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അനുവദിക്കാനാവില്ലെന്ന വിചിത്ര വാദമാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയില്‍ ഉന്നയിച്ചത്.
സര്‍ക്കാരില്‍ കെട്ടിക്കിടക്കുന്ന പരമതവിരോധത്തിന്റെ കെടുനീരൊഴുക്കാനാണ് അഡ്വക്കറ്റ് ജനറല്‍ യഥാര്‍ഥത്തില്‍ ശ്രമിച്ചത്. മതനിരപേക്ഷത എന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച സംരക്ഷണകവചമാണ്. ആ കവചം തന്നെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആയുധമാക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ പലതും കേന്ദ്രസര്‍ക്കാര്‍ വിസ്മരിക്കുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണങ്ങളിലൂടെയാണ് ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കളും സംരക്ഷിക്കപ്പെടുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സമിതിയംഗങ്ങളും ഹിന്ദുക്കളായിരിക്കണമെന്നുതന്നെ ഇത്തരം നിയമങ്ങളില്‍ പ്രത്യേകം വ്യവസ്ഥചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഉന്നയിച്ച വാദപ്രകാരം ഒരു സെക്യുലര്‍ രാഷ്ട്രത്തിന്റെ നിയമനിര്‍മാണത്തിലൂടെ രൂപംകൊണ്ട സ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക് അവയൊക്കെയും ആ സമുദായത്തിന്റെ മാത്രം നിയന്ത്രണത്തിലാവാന്‍ പാടില്ലാത്തതാണ്.
സര്‍ സയ്യിദ് അഹ്മദ് ഖാന്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാല സ്ഥാപിച്ചതും ഡോ. സാക്കിര്‍ ഹുസയ്ന്‍ ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ സ്ഥാപിച്ചതും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസപുരോഗതി ഉദ്ദേശിച്ചാണെന്ന് കേന്ദ്രം ഭരിക്കുന്ന മഹാന്‍മാര്‍ക്ക് അറിയാത്ത കാര്യമല്ല. രാജ്യത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഭരണഘടനയുടെ 15(4) വകുപ്പുപ്രകാരം പ്രത്യേക പരിഗണനകള്‍ നല്‍കാന്‍ ഭരണകൂടത്തിന് അധികാരമുണ്ട്. വകുപ്പ് 15(5) പ്രകാരം ഈ ആവശ്യാര്‍ഥം പ്രത്യേക നിയമനിര്‍മാണത്തിനും സര്‍ക്കാരിന് അവകാശമുണ്ട്. ഭരണഘടനയുടെ 30(1) വകുപ്പുപ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് അവരുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും അതു നടത്തിക്കൊണ്ടുപോവാനും കഴിയും. 1981ലെ എഎംയു ആക്റ്റില്‍ വരുത്തിയ ഭേദഗതി മുസ്‌ലിംകളുടെ വിദ്യാഭ്യാസപുരോഗതിക്കാണ് സര്‍വകലാശാല സ്ഥാപിക്കപ്പെട്ടതെന്ന വ്യക്തമാക്കുന്നു.
ഒരു ഭരണകൂടം ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള അവസരമായാണ് അധികാരത്തെ കാണേണ്ടത്. അതിനു പകരം അവര്‍ തങ്ങളേറ്റിനടക്കുന്ന അസഹിഷ്ണുതയുടെ വിരേചനൗഷധമാക്കി ഭരണത്തെ മാറ്റുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss