|    Jan 23 Mon, 2017 6:08 am
FLASH NEWS

ജാനു ചട്ടിയില്‍ നിന്നു അടുപ്പിലേക്ക്

Published : 13th May 2016 | Posted By: G.A.G

janu
IMTHIHAN-SLUG-352x300സഹിഷ്ണുതയുടെ അബാസിഡര്‍മാര്‍ വികസനത്തിന്റെ പ്രതിപുരുഷന്‍മാരായി വേഷപ്പകര്‍ച്ച നടത്തിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍  ഉടനീളം മോഡി-അമിത് ഷാ കൂട്ടു കെട്ട് പ്രതികരണം സൃഷ്ടിച്ചെങ്കിലും കേരളം അശാന്തിയുടെ മരുകാറ്റിനെ സഹ്യനപ്പുറത്തു തടുത്തു നിര്‍ത്തി. തന്റെ ജംബോ മന്ത്രി സഭയില്‍ നിന്നു പൂര്‍ണ്ണമായും അകറ്റി നിര്‍ത്തി സഭയില്‍ തങ്ങള്‍ക്കനുകൂലമായി  പൊക്കാന്‍ ഒരു കൈ പോലും നല്‍കാത്ത കേരളത്തോടുളള കലിപ്പ് മോഡിയും തീര്‍ത്തു.

മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക്  സംസ്ഥാനം വീണ്ടും കടക്കുമ്പോള്‍  സ്വാഭാവികമായും  ഉത്തര ദേശത്തു വിരിഞ്ഞ താമര പല ഭൈമീകാമുകന്‍മാരുടേയും ഉറക്കം കെടുത്തുന്നുണ്ട്. പലരും നാളിതു വരെ അണിഞ്ഞിരുന്ന ആട്ടിന്‍ തോല്‍ അഴിച്ചു വെക്കാന്‍ ധൈര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. കൂട്ടത്തില്‍ മുന്തിയ  വിരുതന്‍മാര്‍ ചക്കര കുടത്തിനരികിലെത്തി കഴിഞ്ഞു. ചിലര്‍ തങ്ങള്‍ക്കീ ബുദ്ധി എന്തു കൊണ്ടു നേരത്തേ തോന്നിയില്ലെന്നോര്‍ത്തു പല്ലു കടിക്കുന്നു. അവര്‍ കണ്ണുനീര്‍ സിയാച്ചിനിലെ മഞ്ഞു മലകളില്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുെട പേരില്‍ ഒഴുക്കിത്തീര്‍ക്കുന്നു.

മാന്യതയുടെ പേരില്‍ ആദ്യം ഊണു വേണ്ടെന്നു പറഞ്ഞ പട്ടിണിക്കാരനായ അതിഥി മോരുണ്ടോ എങ്കില്‍ അല്‍പം ഊണു കഴിച്ചേക്കാമെന്നു പറയുന്ന പോലെ,  ബി.ജെ.പിയോടൊപ്പം കേരളം പോലൊരു സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അസുഖകരമായ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ മോഡിജിയുടെ വികസന സങ്കല്‍പം കാരണം   തങ്ങള്‍ക്കിരിക്കപ്പൊറുതിയില്ലാഞ്ഞിട്ടാണെന്നാണയിടുന്നവരും നിരവധി.

ഭൂത ദയയുടേയും മാനവികതയുടെയും  പേരില്‍ കണ്ണീര്‍ ചാലുകളൊയുക്കിയവരുമുണ്ട് കൂട്ടത്തില്‍. സത്യത്തില്‍ ജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സമസ്ത മണ്ഡലങ്ങളിലും  ജാതി-ഉപ ജാതി ചിന്തകള്‍  ഭരിക്കുന്ന ഭൂരിപക്ഷം  മലയാളിക്കും മതേതരത്വം ഔട്ടര്‍ ഗ്ലോ  മാത്രമായിരുന്നു എന്നതാണ് നേര്. അതിനാല്‍ അറുപത് വര്‍ഷം നമ്മുടെ മതേതര -ജനാധിപത്യ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോഴും  വോട്ടു ചെയ്തു ജയിപ്പിക്കുമ്പോഴും ജാതിയും ഉപ ജാതിയും കൃത്യമായി ഉറപ്പു വരുത്താന്‍ അവര്‍ ബദ്ധശ്രദ്ധരായിരുന്നു. അങ്ങനെ അനുകൂല സാഹചര്യ തേടി വര്‍ഷങ്ങളോളം സുഷുപ്തിയിലാണ്ടു കിടക്കുന്ന ചില പ്രത്യേക  ജീവികളെപ്പോലെ  ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിന്റെ  സ്മരണകള്‍ അയവിറക്കി കൊണ്ട് കഴിഞ്ഞിരുന്ന ചിലരാണ് ഡല്‍ഹിയിലെ നമോദയത്തിന്റെ കിരണങ്ങളേറ്റുണര്‍ന്ന് താമര കൃഷിയില്‍ മുതലിറക്കാനെത്തിയിരിക്കുന്നത്. മനുഷ്യന്‍ കൊല്ലുകയും തിന്നുകയും ചെയ്തിരുന്ന ഒരു ജീവിയുടെ പേരില്‍ മനുഷ്യരെ പച്ചക്ക് കൊല്ലുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പതാകവാഹകരവുന്നതില്‍ ഊറ്റംകൊളളാന്‍ ഇത്തരക്കാര്‍ക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പോകുന്നത്.

പക്ഷേ മിന്നുതെല്ലാം പൊന്നല്ലെന്നു ചൊല്ലി പഠിച്ച മതേതര കേരളം മുക്കു പണ്ടങ്ങളെ മുക്കായി തന്നെ തിരിച്ചറിഞ്ഞിരുന്നതിനാല്‍ ഒട്ടും  ഞെട്ടിയില്ല. മാത്രമല്ല പ്രഛന്നവേഷത്തിലായിരുന്നപ്പോള്‍ മര്‍മ്മസ്ഥാനം നോക്കി പ്രഹരിക്കാന്‍ സാധിക്കാതിരുന്ന പല കത്തി വേഷങ്ങളെയും സൗകര്യത്തിനു കൈകാര്യം ചെയ്യാന്‍ ലഭിച്ച  ആശ്വാസത്തിലുമാണ്. മതേതര കൂടാരത്തില്‍ നിന്ന് ഇനിയും ചില ശിഖണ്ഡി വേഷങ്ങള്‍ കാവിപാളയത്തിലേക്കു മാറാന്‍ രാഹു കാലം കഴിയാന്‍ കാത്തിരിക്കുന്നുണ്ട് എന്ന തിരിച്ചറിവും ഇവിടുത്തെ മതേതര വിശ്വസികള്‍ക്കുണ്ട്.  എന്നാല്‍  ചില കൂടു മാറ്റങ്ങള്‍ മതേതമതേതര വിശ്വാസികളെ അമ്പരപ്പിക്കുന്നതായി എന്നു സമ്മതിക്കാതെ നിര്‍വാഹമില്ല.
ആദിവാസി ഗോത്ര മഹാസഭാ നേതാവ് സി.കെ ജാനുവിന്റെ കൂടുമാറ്റമാണ് അവയില്‍ പ്രധാനം. സാക്ഷരതാ പ്രവര്‍ത്തകയായും കര്‍ഷകത്തൊഴിലാളി നേതാവായും പൊതുപ്രവര്‍ത്തന ജീവിതമാരംഭിച്ച സി കെ ജാനു ഏതെങ്കിലും പാര്‍ട്ടികളുടെയോ അവയിലെ വല്ല്യേട്ടന്‍മാരുടേയോ സ്‌പോണ്‍സേര്‍ഡ് മഹിളാ നേതാവല്ല.  കേരളത്തിന്റെ കീഴാള സ്ത്രീ നേതൃത്വത്തിന്റെ റോള്‍ മോഡലായിരുന്നു ജാനു. രണ്ടു പതിറ്റാണ്ടായി ആദിവാസി പ്രശ്‌നങ്ങളുയര്‍ത്തി പോര്‍മുഖത്തുണ്ട് അവര്‍. ആദിവാസിക്കു ജീവിക്കണമെങ്കില്‍ പൊതുസമൂഹത്തിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്കു കാത്തു നില്‍ക്കുന്നതിലെ വ്യര്‍ത്ഥത മനസ്സിലാക്കി കാടിന്റെ  മക്കളെ സംഘടിപ്പിച്ച് ഭരണകൂടങ്ങളുടെ കണ്ണുതുറപ്പിക്കാന്‍ അവര്‍ നടത്തിയ സമരങ്ങളെ തിരസ്‌കരിച്ചു കൊണ്ട് കേരളത്തിലെ ആദിവാസികളുടെ ചരിത്രമെഴുതുക സാധ്യമല്ല.

ck-janu

എന്നാല്‍ ആദിവാസി സമര മുഖം എന്ന നിലയില്‍ നിന്നും കേരളത്തിലെ എല്ലാ ബദല്‍ സമര മുഖങ്ങളിലെയും ശ്രദ്ധിക്കപ്പെടുന്ന നേതാവ് എന്ന നിലയിലേക്ക് വികാസം പ്രാപിച്ചു കൊണ്ടിരുന്ന ജാനുവിന്റെ പ്രതിഛായയെ തകര്‍ക്കുന്ന സെല്‍ഫ് ഗോളായിരുന്നു  അവരുടെ ബിജെപി ബാന്ധവം. ഇതപര്യന്തമുളള ജാനുവിന്റെ സമരങ്ങള്‍ക്കു പിന്തുണയും പ്രോത്സാഹനവും നല്‍കിപ്പോന്ന മേധാപട്കറെപ്പോലുളള  ദേശീയ നേതാക്കളും കേരളത്തിലെ ജാനുവിന്റെ സുഹൃത്തുക്കളും സാധാരണക്കാരും അല്ലാത്തവരുമായ ഗുണകാംക്ഷികളും ജാനുവിനോട് ഈ കടുംകൈ ചെയ്യരുതെന്നഭ്യര്‍ത്ഥിച്ചിരുന്നതാണ്. ജാനുവിനു തന്നെയും ബി.ജെപിയുടെ ഫാഷിസ്റ്റു സ്വഭാവവും കാവി രാഷ്ട്രീയത്തിന്റെ വിനകളും അറിയാമെന്നാണ് അവരുടെ പ്രസ്താവനകളില്‍ നിന്നും നാം മനസിലാക്കേണ്ടത്.

മുന്നണികളുടെ വഞ്ചനകളുടെ തുടര്‍ക്കഥകള്‍ സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വം തീര്‍ത്ത കൂരിരുട്ടില്‍ കൈപിടിക്കാന്‍ വന്നവന്‍ മഹര്‍ഷിയോ മാരീചനോ എന്നു തിരിച്ചറിയാന്‍ ജാനുവിനു സാധിച്ചില്ല. ജാനു എത്തിപെട്ടിരിക്കുന്നത് ചട്ടിയില്‍ നിന്ന് അടുപ്പിലേക്കാണ്. ബി ജെ പിയുടെ ആദിവാസി പ്രേമം ശുദ്ധ തട്ടിപ്പാണെന്ന് അവര്‍ അധികാരത്തിലേറിയ സംസ്ഥാനങ്ങളില്‍ അവര്‍ തെളിയിച്ചതാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി ജെ പി സര്‍ക്കാരുകള്‍ അവിടങ്ങളിലെ ഖനനലോബിയോടൊപ്പമാണ്. ആര്‍,എസ് എസിന്റെ ആദിവാസി ദളമായ വനവാസി കല്യാണ്‍ മുഖേനയാണ് അവിടങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത്. ആ രാമ രാജ്യത്തെ  അവസ്ഥ അറിയാന്‍ ജാനു  ആദിവാസികളോടൊപ്പം  സമരങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന നമ്മുടെ ദയാഭായിയോടന്വേഷിച്ചാല്‍ മതി. തിരഞ്ഞെടുപ്പിനു ശേഷം ശാന്തമായി കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ജാനുവിനും ബോധ്യമാവുമെന്നു തന്നെയാണ് ജാനുവിന്റെ പഴയ സഹപ്രവര്‍ത്തകന്‍ ഗീതാനന്ദനെപ്പോലെ നമ്മളും കരുതുന്നത്.

ഏതായാലും സംഘ് പരിവാറിനെ സംബന്ധിച്ചേടത്തോളം ജാനു ഒരു ബംബര്‍ ലോട്ടറിയാണ്. ഹരിയാനയിലെ ദലിത് കൂട്ടക്കൊലയും രോഹിത് വെമുലയുടെ ദാരുണാന്ധ്യവും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാന്‍  അവര്‍ക്ക് ദലിത്-ആദിവാസി വിഭാഗത്തില്‍ നിന്നും ഒരു പോസ്റ്റര്‍ ഗേളിനെ ആവശ്യമായിരുന്നു. അതാണ് ജാനുവിന്റെ എന്‍.ഡി.എ പ്രവേശനത്തിലൂടെ അവര്‍ക്കു ലഭിച്ചിരിക്കുന്നത്.  ആ സാധ്യതകളെ അവര്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ  ജാനുവിന്റെ എന്‍ ഡി എ പ്രവേശനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി മുന്നണിക്ക് എത്രത്തോളം പ്രയോജനം ചെയ്യുമെന്നതിലേക്ക് മാത്രം ലളിതവല്‍ക്കരിക്കാനാവില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4,468 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക