|    Nov 16 Fri, 2018 4:25 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജാതി വിവേചനം : ചക്ലിയ സമുദായക്കാര്‍ക്ക് പോലിസ് സംരക്ഷണം നല്‍കണം- കോടതി

Published : 15th June 2017 | Posted By: fsq

 

കൊച്ചി: ജാതി വിവേചനത്തിന്റെ പേരില്‍ ഗ്രാമം വിടേണ്ടി വന്ന മുതലമട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്ലിയ സമുദായക്കാര്‍ക്ക് തിരികെ വീടുകളിലെത്തി താമസിക്കാന്‍ പോലിസ് സംരക്ഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. മുതിര്‍ന്ന ജാതിക്കാരുടെ അക്രമത്തിനും വിവേചനത്തിനും വിധേയരായതിനെ തുടര്‍ന്ന് പുറന്തള്ളപ്പെട്ടവര്‍ക്ക് തിരികെ വീടുകളിലെത്തി സാധാരണ ജീവിതം നയിക്കാന്‍ മതിയായ പോലിസ് സംരക്ഷണം നല്‍കാനാണ് ഡിജിപി, പാലക്കാട് എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്ക് സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കിയത്. പ്രദേശത്ത് ജാതി വിവേചനത്തിന്റെ ഭാഗമായ അയിത്താചരണവും അക്രമവും മറ്റും നടക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മുതലമട പഞ്ചായത്തും അടക്കമുള്ള എതിര്‍കക്ഷികളോട് കോടതി വിശദീകരണവും തേടി. ഗോവിന്ദാപുരത്തെ ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വീടുകളില്‍ സുരക്ഷിതമായി താമസിക്കാന്‍ പോലിസ് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് അംബേദ്കര്‍ കോളനിവാസികളും ചക്ലിയ സമുദായക്കാരുമായ ശിവരാജ്, ശെന്തില്‍കുമാര്‍ എന്നിവരുള്‍പ്പെടെ നല്‍കിയ ഹരജികളിലാണ് കോടതിയുടെ ഇടപെടല്‍. സാമൂഹിക നീതി വകുപ്പില്‍ നിന്ന് അനുവദിച്ചിട്ടുള്ള ഫണ്ട് പട്ടികജാതിക്കാരായ തങ്ങളുടെ ഉന്നമത്തിനായി വിനിയോഗിക്കാതെ ദുരുപയോഗം ചെയ്യുന്നതായി ഹരജിയില്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ നടത്താതെ വീടുകള്‍ തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്. കൂലിപ്പണിക്കാരായ തങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നില്ല. പട്ടികജാതിക്കാരല്ലാത്ത ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ വിവേചനപരമായാണ് പെരുമാറുന്നത്. പൊതു ജലവിതരണ സംവിധാനത്തില്‍ നിന്ന് എല്ലാവരും എടുത്ത ശേഷം മാത്രമേ ചക്ലിയര്‍ക്ക് വെള്ളമെടുക്കാന്‍ അവകാശമുള്ളൂ. ക്ഷേത്രങ്ങളിലും പൊതു ശ്മശാനത്തിലും അയിത്തം കല്‍പിച്ചിരിക്കുന്നു. ചായക്കടകളില്‍ പോലും പ്രത്യേക സ്ഥലവും ഗ്ലാസും പാത്രങ്ങളുമാണുള്ളത്. അതിരൂക്ഷമായ വിവേചനവും അയിത്തവും നടമാടിയിട്ടും പരാതികളില്‍ ഒരു നടപടിയും മുതലമട പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമത്തിനെതിരേ കേസെടുക്കാന്‍ ബാധ്യസ്ഥരായ പോലിസ് നടപടിയെടുക്കുന്നില്ലെന്ന് മാത്രമല്ല, ചക്ലിയരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുകയാണ്. ഗ്രാമത്തില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ഒരു ക്ഷേത്ര പരിസരത്താണ് തങ്ങള്‍ കഴിയുന്നതെന്ന് ഹരജിയില്‍ പറയുന്നു. അതിനാല്‍, സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാനും താമസിക്കാനും പോലിസ് സംരക്ഷണം നല്‍കണമെന്നായിരുന്നു ഹരജിയിലെ അടിയന്തര ആവശ്യം. ഈ ആവശ്യമാണ് കോടതി അനുവദിച്ചത്. ജാതി വിവേചനം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണം, പട്ടികജാതിക്കാര്‍ക്കായി അനുവദിച്ച ഫണ്ടിനെയും വിനിയോഗത്തെയും സംബന്ധിച്ചും പരാതികളില്‍ പോലിസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും റിപോര്‍ട്ട് തേടണം, വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നിര്‍ദേശം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss