|    Mar 23 Thu, 2017 5:54 am
FLASH NEWS

ജാതി പറയുന്നവരെ വര്‍ജിക്കാന്‍ കഴിയണം: മന്ത്രി സുധാകരന്‍

Published : 4th September 2016 | Posted By: SMR

ആലപ്പുഴ: ജന്മിത്തവും ജാതീയതയുമുള്‍പ്പടെ ആശയങ്ങളും സമൂഹത്തില്‍ ശക്തിപ്പെട്ടുവരുന്നതായും ജാതി പറയുന്നവരെ വര്‍ജ്ജിക്കാന്‍ നമുക്ക് കഴിയണമെന്നും പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍  പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല സ്വാഗതസംഘ രൂപീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവര്‍ ജാതിയുടെ പേരുപറഞ്ഞ് കേരള മണ്ണില്‍ നിരങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരക്കാരെ വര്‍ജ്ജിക്കണം.യൂറോപ്പില്‍ 16-ാം നൂറ്റാണ്ടില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍  കാലം ഏറെച്ചെന്നിട്ടും മങ്ങലേല്‍ക്കാതെ നിലനിന്നപ്പോള്‍  കേരളത്തിലെ നവോത്ഥാന മൂല്യങ്ങള്‍ 50 വര്‍ഷം പോലും അതുപോലെ നിലനിന്നില്ല.
ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ഉള്‍പ്പടെയുള്ളവര്‍ നേതൃത്വം കൊടുത്ത നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ അന്നത്തെ സാഹചര്യത്തില്‍ ചിന്തിക്കാനാവാത്ത മാറ്റങ്ങള്‍ വരുത്തി.
ഇന്ന് ജാതിയും മതവും പണവും സാധാരണക്കാരെ പരിഭ്രാന്തിയിലാക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ വേണം ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനത്തിന്റെ പ്രസക്തി.
നവോത്ഥാന കാലത്തിന്റെ മൂല്യങ്ങളെ ഭരണഘടനാപരമായ  അവകാശങ്ങളുടെ ഭാഗമായി പറഞ്ഞാല്‍ പോലും എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വിവിധ മേഖലകളില്‍പ്പെട്ടവര്‍ നവോത്ഥാന മൂല്യങ്ങള്‍ക്കായി രംഗത്ത് വന്നു. വി ടി ഭട്ടതിരിപ്പാട്, തകഴി, ബഷീര്‍, ഇ എം എസ്., കേശവദേവ്, തോപ്പില്‍ ഭാസി തുടങ്ങി സാഹിത്യരംഗത്തും കാലരംഗത്തുമുള്ളവര്‍ സാമൂഹിക വിപ്ലവത്തിന് മുന്നില്‍ നടന്നതായി മന്ത്രി പറഞ്ഞു.

(Visited 31 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക