|    Apr 24 Tue, 2018 4:13 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ജാതിവിളംബരവും രാമായണമാസവും

Published : 3rd September 2016 | Posted By: SMR

കെ പി വിശ്വനാഥന്‍

ഇപ്പോള്‍ നടന്നുവരുന്ന ‘നമുക്ക് ജാതിയില്ല’ വിളംബരത്തിനിടയിലും താണ ജാതി (താഴ്ത്തപ്പെട്ട ജാതി എന്നത് ശരിയായ പ്രയോഗം) വിഭാഗത്തില്‍പ്പെട്ടവരും ജാതിയില്ലാ വിളംബരം നടത്തിക്കൊണ്ടിരിക്കുന്നവരും വില്ലേജ് ഓഫിസുകളിലും പട്ടികജാതി-വര്‍ഗ, ഒബിസി ഓഫിസുകളിലും കൈമടക്ക് കാണിച്ചും അല്ലാതെയും വിവിധോദേശ്യങ്ങള്‍ക്കു വേണ്ടി ജാതിവിളംബരം രേഖാമൂലം ചെയ്യാന്‍ നെട്ടോടമോടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രാമായണമാസം വന്നതും പോയതും. ഔദാര്യമായ (ആരില്‍നിന്നുള്ള ഔദാര്യം എന്നത് ഇപ്പോള്‍ പ്രസക്തമല്ല) സംവരണം ലഭിക്കണമെങ്കില്‍ ജാതി നിലനിന്നേ പറ്റൂ. ജാതിയില്ലാ വിളംബരത്തിനു പകരം ജാതിവിളംബരം കൂടിയേ തീരു. നാളുകളേറെ കാലില്‍ കിടന്ന അടിമത്തച്ചങ്ങല തന്റെ അവകാശമാണെന്നു തെറ്റിദ്ധരിച്ച അടിമയെപ്പോലെ സംവരണാനുകൂല്യവും അതിന്റെ അനിവാര്യ ജാതീയതയും തങ്ങളുടെ അവകാശമാണെന്ന് നമ്മെക്കൊണ്ട് അംഗീകരിപ്പിക്കുക വഴി ആരുടെ സാമൂഹിക പദവിയാണു സംരക്ഷിക്കപ്പെടുന്നത്?ജനിച്ച ജാതിയനുസരിച്ച് സാമൂഹികാന്തസ്സ് നിശ്ചയിക്കുന്ന ബ്രാഹ്മണമൂല്യങ്ങളെ തിരസ്‌കരിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ശ്രീനാരായണഗുരു. മനുഷ്യജാതിയെന്ന ഒരൊറ്റ ജാതിയേ മനുഷ്യര്‍ക്കിടയിലുള്ളൂ എന്ന് ഗുരു ശക്തിയുക്തം വാദിച്ചിരുന്നു. രാമായണത്തിലെ രാമരാജ്യം ഗുരു അംഗീകരിച്ചിരുന്നില്ല. സ്മൃതികള്‍ നോക്കി ഭരിക്കുന്നവരാണ് ഹിന്ദുക്കളെന്നും ഹിന്ദുക്കളിലെ ഏറ്റവും താഴ്ന്ന ജാതിയായ ശൂദ്ര (നായര്‍, നമ്പ്യാര്‍, മേനോന്‍, കുറുപ്പ്, പണിക്കര്‍ മുതലായ) വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരു ജാതിയിലും പെടാത്ത അവര്‍ണ (ഈഴവ, ആദിവാസി, ദലിത്) വിഭാഗങ്ങള്‍ക്കും ശ്രീരാമന്റെ കാലത്ത് സന്ന്യാസ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് ശ്രീനാരായണഗുരു ശിഷ്യരെ ഓര്‍മിപ്പിച്ചതായി കാണാം. രാമായണ കഥയില്‍ സ്വര്‍ഗപ്രവേശത്തിനു വേണ്ടി ശൂദ്രനായ ശംബുകമുനി തപസ്സിലേര്‍പ്പെട്ടത് അന്വേഷിച്ചുചെന്ന രാമന്‍, ശൂദ്രനാണു താനെന്ന് ശംബുകന്‍ പറഞ്ഞത് കേട്ടപാടെ ആ ശൂദ്രമുനിയെ തലയറുത്തുകൊന്നു. അതായത് രാമായണത്തിലെ രാമരാജ്യം സവര്‍ണരുടെ രാജ്യമാണെന്നര്‍ഥം. മനുഷ്യരെ ജാതിചിന്തയിലേക്ക് തെളിക്കുന്ന രാമായണം കര്‍ക്കടക മാസത്തില്‍ പാരായണം ചെയ്യുന്നത് പുണ്യമാണെന്ന തീവ്രപ്രചാരണത്തിലാണ് സംഘപരിവാരം. പലതരം രാമായണങ്ങള്‍ പ്രചാരത്തിലുണ്ടെന്ന് രാമായണഭക്തര്‍ തന്നെ സമ്മതിക്കുമ്പോള്‍ ഏത് രാമായണമാണ് കര്‍ക്കടകമാസത്തില്‍ പാരായണം ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ആര്‍ക്കും ഒരെത്തുംപിടിയുമില്ല. പരേതനായ എഴുത്തുകാരന്‍ എ കെ രാമാനുജം ഏഷ്യയില്‍ മുന്നൂറു തരം രാമായണങ്ങള്‍ പ്രചാരത്തിലുണ്ടെന്ന് എഴുതിയിട്ടുണ്ട്. വാല്‍മീകി രാമായണത്തിന്റെ രചനയ്ക്കു ശേഷം നൂറ്റാണ്ടുകള്‍ (എത്ര നൂറ്റാണ്ട് എന്ന് ആര്‍ക്കും അറിയില്ല) പിന്നിട്ടപ്പോള്‍ തുളസിദാസും കമ്പനും വാല്‍മീകി രാമായണം തിരുത്തി എഴുതി. അങ്ങനെ, വൈരുധ്യങ്ങളോടെ പലതരം രാമായണ പതിപ്പുകള്‍ ഇറങ്ങിത്തുടങ്ങി; തിരുത്തപ്പെട്ട (റിവൈസ്ഡ്) ബൈബിളുകള്‍ പോലെ! വാല്‍മീകിയുടെ രാമായണത്തില്‍ രാമന്‍ രാമായണകഥയിലെ മഹാനായ നായകന്‍ മാത്രം- ദൈവമോ ദൈവത്തിന്റെ അംശാവതാരമോ പൂര്‍ണാവതാരമോ ആയിരുന്നില്ല. എന്നാല്‍ കമ്പന്‍ രാമായണത്തിലും തുളസിദാസ രാമായണത്തിലും രാമനെ ദൈവത്തിന്റെ അവതാരമാക്കി വേഷം കെട്ടിച്ചു. സീതയെ രാവണന്‍ കടന്നുപിടിച്ച് പൊക്കിയെടുത്ത് കൊണ്ടുപോയെന്ന് വാല്‍മീകി രാമായണത്തില്‍ ഉണ്ടെങ്കില്‍ സീതയെ രാവണന്‍ നേരിട്ട് തൊടാതെ സീത നിന്ന ഭൂമിഭാഗത്തെ ഉള്‍പ്പെടെ പൊക്കിയെടുത്ത് കൊണ്ടുപോയെന്ന് കമ്പന്‍ പതിപ്പില്‍ കാണാം. എന്നാല്‍, രാവണന്‍ പിടിച്ചത് യഥാര്‍ഥ സീതയെ അല്ലെന്നും സീതയുടെ പ്രതിബിംബമാണെന്നും രാവണനില്‍നിന്നു യഥാര്‍ഥ സീത തീജ്വാലയില്‍ അഭയംപ്രാപിച്ചുവെന്നുമുള്ള തിരുത്തലാണ് രാമായണത്തിന്റെ തുളസിദാസ് പതിപ്പില്‍ കാണുന്നത്. കഥയുടെ തിരുത്തുകാര്‍ക്കനുസരിച്ച് വിവിധ പതിപ്പുകളില്‍ നടന്റെയും നടിയുടെയും രൂപവും ഭാവവും മാറിക്കൊണ്ടിരിക്കും. ഓരോ സഭയുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് വെട്ടും തിരുത്തുമേറ്റു പ്രചരിച്ചുവരുന്ന വിവിധയിനം ബൈബിളുകള്‍ പോലെയാണ് രാമായണപ്പതിപ്പുകളും. പലതരത്തിലുള്ള 270 ഓളം ബൈബിളുകള്‍ ഉണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം. ഇതേപോലെ പലതരത്തിലുള്ള 300ഓളം രാമായണപ്പതിപ്പുകളും! മനുഷ്യരുടെ വെട്ടും തിരുത്തുമേറ്റ ബൈബിളിന്റെ പവിത്രത ചോദ്യംചെയ്യപ്പെടുന്നപോലെ രാമായണത്തിന്റെ പുണ്യവും പവിത്രതയും ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ പ്രചാരമുള്ള രാമായണമല്ല തെക്കേ ഇന്ത്യയില്‍. മുന്നൂറോളം വിവിധയിനം രാമായണങ്ങളില്‍ ഏതിനമാണ് പുണ്യഗ്രന്ഥമെന്ന് ചൂണ്ടിക്കാണിക്കാന്‍ സംഘപരിവാരത്തിനു കഴിയുന്നില്ല. രാമായണത്തിന്റെ പുണ്യപതിപ്പിനെ ചൊല്ലി സംഘപരിവാരം ആശയക്കുഴപ്പത്തിലായിരിക്കെ രാമായണംകൊണ്ട് കര്‍ക്കടക മാസത്തെ പുണ്യപ്പെടുത്താനുള്ള അവരുടെ ശ്രമം ആശയക്കുഴപ്പത്തിനും അസഹിഷ്ണുതയ്ക്കും വഴിവയ്ക്കും. വസ്തുതകള്‍ ഇതായിരിക്കെ, റമദാന്‍ പുണ്യമാസമാണെങ്കില്‍ കര്‍ക്കടകം (രാമായണമാസം) പുണ്യമാസമായി ആചരിക്കണമെന്നാണ് സംഘപരിവാര ശാഠ്യം. എന്നാല്‍, റമദാന്‍ പുണ്യമാസമായത് ഏതെങ്കിലും കെട്ടുകഥയുടെയോ ഊഹാപോഹങ്ങളുടെയോ അടിസ്ഥാനത്തിലല്ല. പ്രപഞ്ച ഉടമസ്ഥനും പരിപാലകനുമായ അല്ലാഹു താന്‍ തിരഞ്ഞെടുത്ത ദൈവദൂതന്‍ (മുഹമ്മദ്) മുഖേന അവതരിപ്പിച്ച അവസാനത്തെ ഒരേയൊരു ദൈവിക പ്രമാണമായ ഖുര്‍ആനിലൂടെ നിശ്ചയിക്കപ്പെട്ടതാണ് റമദാനിന്റെ പവിത്രതയും പുണ്യവും. ഒരേയൊരു ദൈവവും വെട്ടും തിരുത്തുമേറ്റു മലിനപ്പെടാത്ത ഒരേയൊരു പുണ്യഗ്രന്ഥവുമുള്ള സമാധാനമാര്‍ഗം (ഇസ്‌ലാം) അല്ലാത്ത മറ്റേതെങ്കിലും മാര്‍ഗം ഇന്ന് സത്യമാര്‍ഗമായോ സത്യമതമായോ നിലനില്‍ക്കുന്നുണ്ടോ? വ്യക്തിയുടെയോ ദേശത്തിന്റെയോ ഗോത്രത്തിന്റെയോ വര്‍ഗത്തിന്റെയോ പേരിലല്ലാതെ ഒരേയൊരു ദൈവവും ഒരേയൊരു പുണ്യഗ്രന്ഥവുമായി നിലനില്‍ക്കുന്ന മാര്‍ഗം അല്ലെങ്കില്‍ മതം ഹിന്ദുമതമോ യഹൂദമതമോ ക്രിസ്തുമതമോ ജൈന-ബുദ്ധ മതങ്ങളോ ആവാന്‍ തരമില്ല. ക്രൈസ്തവ സഭകളിലേക്ക് മതം മാറിയ ദലിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ ഒരേയൊരു ദൈവത്തിനു പകരം മൂവരില്‍ ഒരുവനായ ദൈവം (ത്രിയേക ദൈവം) എന്ന ബഹുദൈവ വിശ്വാസവും അവശ ക്രിസ്ത്യാനികള്‍, ദലിത് ക്രൈസ്തവര്‍ എന്നീ വിളിപ്പേരിട്ട് തൊട്ടുകൂടായ്മയും അനുഭവിക്കുന്നവരാണ്. എന്നാല്‍ ”മനുഷ്യരെ, നിങ്ങളെല്ലാം ആദമില്‍നിന്നാവുന്നു. ആദമാവട്ടെ മണ്ണില്‍നിന്നും. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ യാതൊരു പവിത്രതയുമില്ല” എന്ന മുഹമ്മദ് നബിയുടെ പ്രഖ്യാപനം വിശ്വസാഹോദര്യത്തിലേക്കും ജാതിരഹിത മനുഷ്യവര്‍ഗത്തിലേക്കുമാണു വിരല്‍ചൂണ്ടുന്നത്. ബ്രഹ്മാവിന്റെ തലയില്‍നിന്ന് ബ്രാഹ്മണനും നെഞ്ചില്‍നിന്ന് ക്ഷത്രിയനും വയറില്‍നിന്ന് വൈശ്യനും പാദത്തില്‍നിന്ന് ശൂദ്രനും ജനിച്ചു എന്നാണല്ലോ സ്മൃതി. ഇങ്ങനെ ജനിച്ചവര്‍ മാത്രമാണ് വിവിധയിനം ജാതികളായ ഹിന്ദുക്കള്‍. അങ്ങനെയെങ്കില്‍ ഇതില്‍പെടാത്തവര്‍ (ഹിന്ദുക്കളല്ലാത്തവര്‍) ആണല്ലോ ഈഴവരും ദലിത്-ആദിവാസി വിഭാഗങ്ങളും. ഈ വിഭാഗങ്ങളും മറ്റുള്ളവരും ഇസ്‌ലാമികമാര്‍ഗം സ്വീകരിക്കുമ്പോള്‍ അവര്‍ മനുഷ്യജാതിയെന്ന ഒരേയൊരു ജാതിയില്‍ ഉള്‍പ്പെട്ട് പരസ്പരം പരിഗണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും. അതുതന്നെയല്ലേ ശ്രീനാരായണഗുരു പ്രഖ്യാപിച്ച ”ഒരു ജാതി ഒരു ദൈവം” അര്‍ഥമാക്കുന്നതും. ”ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു” എന്ന ഖുര്‍ആന്‍ വചനം ജാതിയില്ലാത്ത മനുഷ്യസാഹോദര്യം എന്ന മഹാസത്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ശ്രീനാരായണഗുരു കേരളക്കരയില്‍ നടത്തിയ ‘നമുക്ക് ജാതിയില്ല വിളംബരം’ നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിശ്വോത്തരമായി വിളംബരം ചെയ്തു പ്രാവര്‍ത്തികമാക്കിയ സരണി ഇസ്‌ലാം ആണെന്ന് ചരിത്രം അറിയുന്ന ആരും സമ്മതിക്കും.     വിവിധയിനം രാമായണങ്ങള്‍ ഉണ്ടെങ്കിലും അവയെ ആദരിച്ചിരുന്ന ഗാന്ധിജിയും സി രാജഗോപാലാചാരിയും രാമായണം മഹത്തായ ഒരു പ്രണയകഥയാണെന്ന് അഭിപ്രായപ്പെട്ടവരാണ്. ഈ കഥയെയും അതു പറഞ്ഞിരിക്കാനുള്ള ഒരു മാസത്തെയും വര്‍ഗീയ-ജാതീയ ചേരിതിരിവിനും അസഹിഷ്ണുതയ്ക്കും വളമാക്കാനുള്ള സംഘപരിവാരശ്രമം നാടിന്റെ നന്മയില്‍ താല്‍പര്യമുള്ളവര്‍ തിരിച്ചറിയണം.                       ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss