|    Nov 21 Wed, 2018 1:27 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്നവരെ നേരിടും: മുഖ്യമന്ത്രി

Published : 4th November 2018 | Posted By: kasim kzm

കണ്ണൂര്‍: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍, എംഎസ്പി പാസിങ്ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ രാജ്യമെന്ന് ഭരണഘടനയില്‍ തന്നെ പ്രഖ്യാപിച്ച നാടാണ് നമ്മുടേത്. രാജ്യത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന മതനിരപേക്ഷ മനസ്സുള്ള ജനതയാണു കേരളത്തിലേത്. എന്നാല്‍, അടുത്തകാലത്തായി മതനിരപേക്ഷത ആപത്താണെന്നു കാണുന്നവ ര്‍ അതു തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ നടത്തുന്നു. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതത്തെയും ജാതിയെയും ഉപയോഗിക്കുന്നു. ഇതു നാം ഗൗരവമായി കാണണം. മതനിരപേക്ഷത തകര്‍ക്കാനുള്ള ഏതു ശ്രമവും നാടിനാപത്താണ്. അതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതു പ്രായോഗികമായി നടപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള വലിയ വിഭാഗമാണ് പോലിസ്. ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടാണ് കേരള പോലിസ് സ്വീകരിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോലിസ് നിലപാടിന് ജനങ്ങളില്‍ നിന്നു വലിയ അഭിനന്ദനമാണു ലഭിച്ചത്. എന്നാല്‍, പോലിസിനു നേരെ ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങളും ഇവിടെയുണ്ടായി. ജാതിയുടെയും മതത്തിന്റെയും പേരില്‍ പോലിസ് സേനയെ തന്നെ ചേരിതിരിക്കാനുള്ള ശ്രമവും ഇവര്‍ നടത്തി. പോലിസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. പോലിസിന് ഒറ്റ മതവും ജാതിയുമേയുള്ളൂ. പോ ലിസ് എന്നതാണ് അവരുടെ ജാ തിയും മതവും. അവരെ ഒറ്റതിരിച്ച് ആക്രമിച്ച് നിര്‍വീര്യമാക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ജനാധിപത്യസമൂഹം ശക്തമായി അണിനിരക്കണം. ഇത്തരം നീക്കം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.
ജനാധിപത്യസമൂഹത്തിന് ചേര്‍ന്ന രീതിയില്‍ പോലിസിനെ പരിവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനനുസൃതമായി പോലിസ് പരിശീലനം പരിഷ്‌കരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ സേനയില്‍ കൂടുതലായി വരുന്നത് പോലിസിന്റെ മുഖച്ഛായ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss