|    Jan 23 Mon, 2017 10:29 pm

ജാതിമത ഭേദമന്യേ ജനങ്ങള്‍ കൈകോര്‍ത്തപ്പോള്‍  ഹമീദ് പുതുജീവിതത്തിലേക്ക്

Published : 17th February 2016 | Posted By: SMR

പറവൂര്‍: ഹൃദയത്തില്‍ കാരുണ്യത്തിന്റെ ഉറവ വറ്റാത്തവര്‍ ജാതിമത ഭേദമന്യേ കൈകോര്‍ത്തപ്പോള്‍ ഹമീദ് പുതുജീവിതത്തിലേക്ക്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 6ന് രാത്രി 11 മണിയോടെയാണ് നീണ്ടൂര്‍ മുല്ലക്കര വീട്ടില്‍ ഹമീദ് (46) ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഹമീദിന് ഗുരുതര പരിക്കേറ്റത്. തലക്കും നട്ടെല്ലെനും പരിക്കേറ്റ ഹമീദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ലക്ഷങ്ങള്‍ ചിലവു വരുന്ന ഒന്നിലധികം മേജര്‍ ഓപറേഷനുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ വൃദ്ധയും രോഗിയുമായ മാതാവും ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുള്ള ഹമീദിന്റെ കുടുംബത്തിന് താങ്ങാനാവാത്തതായിരുന്നു ഈ തുക.
ഈ സാഹചര്യത്തില്‍ പച്ചാളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ ഹമീദിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിയുന്ന സാമൂഹിക പ്രവര്‍ത്തകനായ കെ എ അബ്ദുല്‍ കരീം മുന്‍കൈയെടുത്ത് നാട്ടുകാരെ വിളിച്ചുകൂട്ടി ഹമീദ് ചികില്‍സ സഹായ സമിതിക്ക് രൂപം നല്‍കുകയായിരുന്നു. എംഎല്‍എമാരായ വി ഡി സതീശന്‍, എസ് ശര്‍മ എന്നിവര്‍ രക്ഷാധികാരികളായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അരുണജ തമ്പി ചെയര്‍പേഴ്‌സണും, കെ എ അബ്ദുല്‍ കരിം ജനറല്‍ കണ്‍വീനറും, വി എ താജുദ്ദീന്‍, കെ കെ അബ്ദുല്ല, കെ ആര്‍ ഗോപാലന്‍ എന്നിവര്‍ ജോ. കണ്‍വീനര്‍മാരുമായും രൂപം നല്‍കിയ സമിതി പത്രവാര്‍ത്തകളിലൂടെ ഹമീദിന്റെ ദയനീയ സ്ഥിതി ജനങ്ങളിലെത്തിച്ചു. മസ്ജിദുകളിലും ചര്‍ച്ചുകളിലും പ്രത്യേക പിരിവ് നടത്തി.
ആട്ടോറിക്ഷ തൊഴിലാളികള്‍ വിവിധ സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചും മല്‍സ്യ തൊഴിലാളികള്‍ അവരുടെ മേഖലകളിലും മറ്റ് തൊഴിലാളികളും വിദേശത്ത് ജോലിചെയ്യുന്ന നാട്ടുകാരും എല്ലാം ഒന്നിച്ച് പ്രയത്‌നിച്ചപ്പോള്‍ പത്ത് ലക്ഷത്തോളം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. ഓപറേഷനുകള്‍ കഴിഞ്ഞാലും ഹമീദ് കോമയിലാവാനാണ് സാധ്യത എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ നിരന്തര ചികില്‍സയിലൂടെ ഇപ്പോള്‍ പരസഹായത്താല്‍ എഴുന്നേറ്റിരിക്കാവുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. അരക്കു താഴെ തളര്‍ന്നിരിക്കുകയാണിപ്പോള്‍. ഇനി ആയുര്‍വേദ ചികില്‍സയിലാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ഹമീദിന്റെ വീട്ടുമുറ്റത്ത് സഹായ സമിതി പ്രവര്‍ത്തകര്‍ ലളിതമായ ചടങ്ങ് സംഘടിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ അരുണജ തമ്പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ കെ എ അബ്ദുല്‍ കരിം കണക്കും റിപോര്‍ട്ടും അവതരിപ്പിച്ചു.
വി ഡി സതീശന്‍ എംഎല്‍എ സഹായ സമിതി ചികില്‍സക്കായി ചെലവഴിച്ച തുകയ്ക്ക് ശേഷമുള്ള 6,17,000 രൂപയുടെ പാസ്സ് ബുക്ക് ഹമീദിന് കൈമാറി.
ഹമീദിന്റെ ദയനീയ സ്ഥിതി നേരത്തേ മുഖ്യമന്ത്രിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ തീരുമാനപ്രകാരം ഹമീദിന്റെ ചികില്‍സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും വൈകാതെ ആ തുക നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.
ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം പി പോള്‍സണ്‍, ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാരായ മായാ മധു, എം എസ് സജീവ്, സഹായ സമിതി പ്രവര്‍ത്തകരായ വി എം കാസിം, വി എ താജുദ്ദീന്‍, കെ കെ അബ്ദുല്ല, കെ ആര്‍ ഗോപാലന്‍, സലി സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക