|    Jul 27 Thu, 2017 8:21 am

ജാതിക്കോളനികള്‍ ഇല്ലാതാക്കുക: ഭൂഅധികാര പ്രഖ്യാപന കണ്‍വന്‍ഷന്‍

Published : 17th October 2016 | Posted By: Abbasali tf

തൃശൂര്‍: ജാതിക്കോളനികള്‍ ഇല്ലാതാക്കണമെന്നും മണ്ണില്‍ പണിയെടുക്കുന്ന ദലിത്ആദിവാസി ജനവിഭാഗങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ‘ചലോ തിരുവനന്തപുരം’ റാലി സംഘടിപ്പിക്കുമെന്ന് തൃശൂരില്‍ നടന്ന ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. ഭൂമി, അധികാരം, പാര്‍പ്പിടം, തുല്യനീതി എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഒക്‌ടോബര്‍ 15, 16 തിയ്യതികളില്‍ നടന്ന കണ്‍വെന്‍ഷന്‍ ഗുജറാത്തിലെ ദലിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ വച്ച് ജിഗ്‌നേഷ് മേവാനിയാണ് ‘ചലോ തിരുവനന്തപുരം’ സമരപ്രഖ്യാപനം നടത്തിയത്. കേരളത്തിലെ അമ്പതിനായിരത്തോളം വരുന്ന കോളനികള്‍ ജാതിവിവേചനത്തിന്റെ സവിശേഷ രൂപമായി മാറിക്കഴിഞ്ഞിട്ടുണ്ട്. രണ്ടര ലക്ഷത്തോളം വരുന്ന ഭൂരഹിതരായ ആദിവാസി, ദലത്, ന്യൂനപക്ഷ കുടുംബങ്ങളെയും മറ്റ് പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെയും മൂന്ന് സെന്റിലും കോളനികളിലും തളച്ചിടാനുള്ള ഇടതുസര്‍ക്കാറിന്റെ തീരുമാനം ജാതിവിവേചനത്തിന്റെ കോളനിഘടന വ്യാപിപ്പിക്കുന്നതാണ്. ഈ കോളനിവല്‍ക്കരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് മൂന്ന് സെന്റ് കോളനികളല്ല കൃഷിഭൂമിയാണ് വേണ്ടതെന്ന് പ്രഖ്യാപിച്ച് സമരരംഗത്തിറങ്ങുന്നതിന് ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ സവര്‍ണാധികാരത്തിനും വിവേചനത്തിനുമെതിരേ ഉയരുന്ന പ്രക്ഷോഭങ്ങളില്‍ കേരളത്തില്‍നിന്നും പങ്കാളിത്തം ഉറപ്പാക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ചലോ ഉന, ചലോ ഉടുപ്പി’പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ചലോ തിരുവനന്തപുരം’ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ കേരളത്തില്‍ എത്തിച്ചേരുമെന്ന് ജിഗ്‌നേഷ് മേവാനി കണ്‍വെന്‍ഷനില്‍ വച്ച് പ്രഖ്യാപിക്കുകയുണ്ടായി. ‘ചലോ തിരുവനന്തപുരം’ റാലിയും തുടര്‍ പ്രക്ഷോഭങ്ങളും പ്രഖ്യാപിക്കുന്നതിനായി ആയിരക്കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മഹാസമ്മേളനം  ജനുവരി 26ന് സംഘടിപ്പിക്കും. മുത്തങ്ങ, അരിപ്പ, ചെങ്ങറ ഭൂസമരങ്ങള്‍ സംഗമിക്കുന്ന ഒരു വേദിയില്‍ വച്ചാണ് സമ്മേളനം നടത്തുന്നത്.  സമ്മേളന സ്ഥലവും മറ്റ് പരിപാടികളും തീരുമാനിക്കുന്നതിനായി ആദിവാസിദലിത് ഭൂസമരങ്ങളുടെയും മറ്റു സംഘടനകളുടെയും വിപുലീകൃത യോഗം നവംബര്‍ 6ന് എറണാകുളം കെഎസ്ഇബി ഹാളില്‍ വച്ച് വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക