|    Jan 24 Tue, 2017 10:43 am
FLASH NEWS

ജാതിക്കുശുമ്പും പാര്‍ട്ടിക്കുശുമ്പും

Published : 7th February 2016 | Posted By: SMR

slug--indraprasthamകോണ്‍ഗ്രസ്സുമായി അയിത്തം ആചരിക്കണമെന്നത് ഇന്നും മഹാവിപ്ലവകക്ഷിയായ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സനാതന നിയമമാണോ? പാര്‍ട്ടി പിബിയിലെ ചില മഹാരഥന്മാരെങ്കിലും അയിത്താചരണകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന നിലപാടുകാരാണ്. അതില്‍ പ്രധാനികള്‍ കേരളത്തില്‍നിന്നുള്ള പിബി, സിസി അംഗങ്ങള്‍ തന്നെ. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പാടില്ല എന്ന മലയാളി ആപ്തവാക്യംപോലെ പാര്‍ട്ടിനേതൃത്വത്തിലെ മലയാളി സഖാക്കള്‍ എല്ലാവരും യോജിക്കുന്ന ഒരു മഹാതത്ത്വമാണ് തികഞ്ഞ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ പാര്‍ട്ടിയായ കോണ്‍ഗ്രസ്സുമായി യാതൊരുവിധ അടുപ്പമോ ചര്‍ച്ചയോ നീക്കുപോക്കോ പോക്കുവരവോ ഒന്നും ഒരു കാരണവശാലും ഉണ്ടായിക്കൂടെന്നത്. മലയാളി സഖാക്കള്‍ എന്നു പറഞ്ഞത് കേരളത്തിനു പുറത്തുള്ള മലയാളികളെ കൂടി മനസ്സില്‍ വച്ചുകൊണ്ടാണ്. കേരളത്തില്‍നിന്നുള്ള പിബി അംഗങ്ങള്‍ നിലവില്‍ മൂന്നാണ്. പിണറായി സഖാവും കോടിയേരി സഖാവും പിന്നെ പ്രാക്കുളം കാസ്‌ട്രോ ബേബി സഖാവും. മൂന്നുപേരും ഈയൊരു കാര്യത്തില്‍ സമാനമനസ്‌കരാണെന്നും കേള്‍ക്കുന്നു. ബേബി സഖാവിന്റെ കാര്യത്തില്‍ അത്ര ഉറപ്പുപോരാ എന്നൊരു ശ്രുതിയും കേള്‍ക്കുന്നുണ്ട്. പിന്നെയുള്ള വേറെ രണ്ടു പിബി മലയാളി സഖാക്കള്‍ കാരാട്ട് കാര്‍ന്നോരും സഖാവ് രാമചന്ദ്രന്‍ പിള്ളയുമാണ്. രണ്ടുപേരും പതിറ്റാണ്ടുകളായി ദേശീയതലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചെങ്കൊടി റെയില്‍വേ സ്‌റ്റേഷനില്‍ മാത്രം കണ്ടുകിട്ടുന്ന അപൂര്‍വ സാധനമാണ് ഇന്ത്യയിലെന്ന് രണ്ടു സഖാക്കള്‍ക്കും അറിയാം. എന്നാലും സിരകളില്‍ ഓടുന്നത് മലയാളി രക്തം തന്നെ. അതുകൊണ്ട് കോണ്‍ഗ്രസ് അയിത്തമുള്ള പാര്‍ട്ടിയാണ് എന്ന കാര്യത്തില്‍ മേല്‍പ്പറഞ്ഞ രണ്ടു പ്രമാണിമാര്‍ക്കുമില്ല തര്‍ക്കം.
പക്ഷേ, മലയാളികളെപ്പോലെയല്ല ബംഗാളികള്‍. അവര്‍ക്ക് ഇപ്പോള്‍ കോണ്‍ഗ്രസ് അയിത്തമുള്ള കക്ഷിയല്ല. ശരിക്കു പറഞ്ഞാല്‍ വേണ്ടിവന്നാല്‍ മംഗലം വരെയാവാം എന്ന മട്ടിലാണ് അവിടത്തെ പുരോഗമനക്കാരുടെ നിലപാട്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പു വരുമ്പോള്‍ പന്തിഭോജനമെങ്കിലും വേണ്ടിവരും എന്ന കാര്യത്തില്‍ അവിടത്തെ സഖാക്കള്‍ക്ക് തര്‍ക്കമില്ല. ബ്രാഹ്മണനാണെങ്കിലും മഹാ പുരോഗമനക്കാരനായ ആന്ധ്രക്കാരന്‍ ജനറല്‍ സെക്രട്ടറി സീതാറാം (ഹരേരാമ) യെച്ചൂരി സഖാവിനും ബംഗാളി സഖാക്കളുടെ അയിത്തോച്ചാടന നിലപാടുകളോടാണ് പഥ്യം.
ശരിക്കു പറഞ്ഞാല്‍ കേരളവും ബംഗാളും തമ്മിലുള്ള ഈ വൈരുധ്യം നമ്മുടെ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടതുതന്നെയാണ്. ബംഗാളിലെ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറും രാജാറാംമോഹന്‍ റായിയും സാമൂഹിക പുനരുദ്ധാരണത്തിനും സതി നിര്‍ത്തലാക്കാനുമൊക്കെ പോരാടുന്ന നേരത്ത് മലയാളികള്‍ സുഖമായി മൂടിപ്പുതച്ചുകിടന്നുറങ്ങുകയായിരുന്നു. അവിടെ ബംഗാളി സ്ത്രീകള്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേക്കു കയറിവരുന്ന കാലത്ത് കേരളത്തില്‍ മറക്കുടയ്ക്കുള്ളിലെ മഹാനരകത്തിലായിരുന്നു സ്ത്രീകള്‍. ശരിക്കു പറഞ്ഞാല്‍ ബംഗാളിലാണ് ഇന്ത്യയില്‍ സാമൂഹിക നവീകരണ പ്രസ്ഥാനവും പുരോഗമന ആശയങ്ങളും ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ശ്രീരാമകൃഷ്ണ പരമഹംസരും ശിഷ്യന്‍ വിവേകാനന്ദനും ഒക്കെ ഈ ശക്തമായ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.
അതുകഴിഞ്ഞ് ഒരുപാട് കാലം കഴിഞ്ഞാണ് കേരളത്തില്‍ ഇത്തരത്തിലുള്ള ചില നവോത്ഥാനചിന്തകള്‍ പൊട്ടിപ്പുറപ്പെട്ടത്. അതുതന്നെ ശ്രീനാരായണഗുരുവിനെപ്പോലുള്ള കീഴ്ജാതിക്കാരില്‍നിന്നുമാണ് ആദ്യമായി ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയത്. അന്ന് മേല്‍ജാതിവിഭാഗങ്ങള്‍ അയിത്തവും ബ്രാഹ്മണമേധാവിത്വവും ഒക്കെയായി ആഢ്യന്മാരായി തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. എട്ടുവീട്ടില്‍ പിള്ളമാര്‍ മുതല്‍ വേലുത്തമ്പി ദളവ വരെയുള്ള നായര്‍പ്പടയാളികള്‍ ജാതിമര്യാദ തെറ്റിക്കുന്ന അയിത്തക്കാരെ ശിക്ഷിക്കാന്‍ കുറുവടിയും കവാത്തുമായി നടക്കുന്ന കാലമായിരുന്നു അന്നൊക്കെ.
സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഈ നാട്ടിലെ ജാതിക്കുശുമ്പും അയിത്തവും കണ്ട് ഞെട്ടി ഇതൊരു ഭ്രാന്താലയം തന്നെ എന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ബംഗാളിലും ജാതിവിഭജനം ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെമാതിരി അത്ര കഠിനമായ അസ്പൃശ്യത അതിനകം അവിടെ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. അന്നേരം കേരളത്തില്‍ തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍ എന്ന മട്ടില്‍ താണജാതിക്കാരെ മാറ്റിനിര്‍ത്തുന്ന രീതിയായിരുന്നു നടപ്പിലിരുന്നത്.
ഇപ്പോള്‍ അധികാരത്തില്‍നിന്നു പുറത്തായി സംഘപരിവാരശക്തികളെ ശക്തിയായി ചെറുക്കുന്ന കോണ്‍ഗ്രസ്സുമായി കൂടണം എന്ന നിലപാടാണ് ബംഗാളി സഖാക്കള്‍ക്ക്. പാടില്ല എന്ന് കേരള സഖാക്കളും. ഈ നിലപാടുവൈരുധ്യങ്ങള്‍ക്കു പിന്നില്‍ ഈ പഴയ ജാതിചരിത്രത്തിന്റെ മിന്നലാട്ടം ആരെങ്കിലും കണ്ടെത്തിയാല്‍ കുറ്റംപറയാനാവുമോ? $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക