|    Jun 25 Mon, 2018 1:50 pm
Home   >  Editpage  >  Editorial  >  

ജാട്ട് പ്രക്ഷോഭത്തിന്റെപിന്നാമ്പുറങ്ങളില്‍

Published : 22nd February 2016 | Posted By: swapna en

ഹരിയാനയില്‍ ജാട്ട് വിഭാഗങ്ങളുടെ പ്രക്ഷോഭം രണ്ടാംദിവസവും അക്രമാസക്തമായി തുടരുകയാണ്. രണ്ടുദിവസമായി തുടരുന്ന പ്രക്ഷോഭങ്ങളില്‍ അനേകം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും കോടികളുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. തങ്ങളെ മറ്റു പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്നാണ് ജാട്ടുകള്‍ ആവശ്യപ്പെടുന്നത്. ആവശ്യം അനുവദിക്കുന്നില്ലെങ്കില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നാണ് അവര്‍ ഭീഷണിപ്പെടുത്തുന്നത്. കലാപം ഇതിനകം ഡല്‍ഹിയിലേക്കും വ്യാപിച്ചതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സാമൂഹികമായും രാഷ്ട്രീയമായും താരതമ്യേന മെച്ചപ്പെട്ട ജാതിയാണ് ജാട്ടുകള്‍. രാജ്യത്തെ കാര്‍ഷികമേഖലയില്‍ പ്രമുഖ സ്ഥാനമുള്ള ഈ വിഭാഗം പൊടുന്നനെ ഇത്തരമൊരു പ്രക്ഷോഭവുമായി രംഗത്തുവന്നതില്‍ ദുരൂഹതകളുണ്ടെന്നു കരുതുന്നവരുണ്ട്.

ബിജെപിയുടെ വ്യക്തമായ വോട്ട്ബാങ്കായാണ് ജാട്ടുകള്‍ ഇതുവരെയും നിലകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു പ്രക്ഷോഭത്തെ സംശയദൃഷ്ടിയോടെയാണ് പലരും നോക്കിക്കാണുന്നത്. ബിജെപി വലിയ രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെട്ടുകിടക്കുന്ന ഈ സന്ദര്‍ഭത്തില്‍ ജാട്ട് കലാപം ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു ബിജെപി നിര്‍മിതിയാണോ എന്ന ചോദ്യവും അസ്ഥാനത്തല്ല. മാത്രമല്ല, സംവരണമെന്ന ആശയത്തിന്റെ ഭരണഘടനാപരമായ വിവക്ഷകളെയും ലക്ഷ്യങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമമായി ഈ പ്രക്ഷോഭത്തെ വിലയിരുത്തുന്നവരുമുണ്ട്. സംവരണം എന്ന ആശയത്തിന്റെ കടുത്ത എതിരാളികളാണ് ആര്‍എസ്എസും ബിജെപിയും.

ഭരണഘടനയുടെ നിര്‍വചനപ്രകാരം സംവരണത്തിന് അര്‍ഹതയില്ലാത്ത വിഭാഗങ്ങള്‍ സംവരണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തുവരുകയും ഭരണകൂടങ്ങള്‍ മുന്‍പിന്‍ നോക്കാതെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നതോടെ സംവരണത്തിന്റെ ലക്ഷ്യങ്ങളാണ് അപ്പാടെ തകര്‍ക്കപ്പെടുന്നത്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നിന്നുപോയ സമൂഹങ്ങളെ രാജ്യത്തോടൊപ്പമെത്തിക്കാനുള്ള ഒരു താല്‍ക്കാലിക സംവിധാനമാണ് സംവരണം. ദുര്‍ബലരുടെ കൈയില്‍ ആകെയുള്ള ഈ പൊതിച്ചോറ് തട്ടിപ്പറിക്കാന്‍ രാജ്യത്തെ പ്രബലവിഭാഗങ്ങള്‍ അക്രമാസക്തമായി രംഗത്തുവരുകയും ഭരണകൂടം അതപ്പടി വകവച്ചുകൊടുക്കുകയുമാണെങ്കില്‍ സംവരണം എന്ന ആശയം തന്നെ അപ്രസക്തമാവും.

നേരത്തേ ഗുജറാത്തിലെ പട്ടേല്‍ വിഭാഗവും ഇതേ രീതിയിലാണ് സംവരണ ആവശ്യവുമായി രംഗത്തുവന്നത്. രാഷ്ട്രീയരംഗത്തും സാമ്പത്തികമേഖലയിലും ഉദ്യോഗസ്ഥമണ്ഡലങ്ങളിലും വലിയതോതില്‍ പ്രാതിനിധ്യമുള്ള ഈ വിഭാഗവും തങ്ങള്‍ക്ക് പ്രത്യേക സംവരണം വേണമെന്ന ആവശ്യവുമായാണു രംഗത്തുവന്നത്. ഇവരും എക്കാലവും ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. ന്യൂനപക്ഷവിഭാഗങ്ങള്‍ അനര്‍ഹമായി പലതും നേടുന്നുവെന്ന ബിജെപിയുടെ പെരുംകള്ളങ്ങള്‍ ഉയര്‍ത്തിവിടുന്ന സാമൂഹിക പ്രത്യാഘാതം അവര്‍ക്കു തന്നെ വിനയായിമാറുന്നതിന്റെ ഉദാഹരണങ്ങളാവാം ഇത്തരം പ്രക്ഷോഭങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss