|    Jul 20 Fri, 2018 8:15 pm
FLASH NEWS

ജാഗ്രതാ പ്രവര്‍ത്തനം വഴിപാട്; പകര്‍ച്ചവ്യാധികള്‍ പടരുന്നു

Published : 19th May 2018 | Posted By: kasim kzm

കാളികാവ്: സംസ്ഥാന ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന ആരോഗ്യ ജാഗ്രതയും ജാഗ്രതോല്‍സവവും വഴിപാടായി മാറി. ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. സംസ്ഥാനം, ജില്ലാ,ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് തലങ്ങളില്‍ മൂന്നും നാലും ദിവസങ്ങളിലെ പരിശീലനങ്ങളാണ് മഴക്കാല രോഗങ്ങളേയും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ലക്ഷ്യംവച്ച് നടന്നത്. ദീര്‍ഘ വീക്ഷണത്തോടെ മാലിന്യ നിര്‍മാര്‍ജനവും പ്ലാസ്റ്റിക് ഉപയോഗം കുറയിക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടിയാണ് ആരോഗ്യ ജാഗ്രതയും ജാഗ്രതോല്‍സവവും സംഘടിപ്പിക്കുന്നത്.
എന്നാല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മെമ്പര്‍മാര്‍ പലരും ഇത്തരം പരിപാടികള്‍ അറിഞ്ഞമട്ടു പോലുമില്ല. ഏതാനും ചില പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ ആശാ-അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവര്‍ മാത്രമാണ് ഇത്തരം പരിപാടികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍, യുവജന പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബുകള്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളുടേയും പങ്കാളിത്തത്തോടെ വിപുലമായി നടത്തേണ്ട ജാഗ്രതോല്‍സവവും ആരോഗ്യ ജാഗ്രതയും വഴിപാടായി മാറുന്നതോടെ മഴക്കാല രോഗങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ എത്തി തുടങ്ങിയിട്ടുണ്ട്.
കാളികാവ് മേഖലയില്‍ ഇതിനോടകം പത്തിലേറെ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. കാളികാവ് സിഎച്ച്‌സിയില്‍ ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന നാല് പേര്‍ ചികില്‍സയിലുണ്ട്. മഞ്ചേരി, വണ്ടൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ വിവിധ ആശുപത്രികളില്‍ കാളികാവ് മേഖലയില്‍ നിന്നുള്ള ഡെങ്കിപ്പനി ബാധിതര്‍ ചികില്‍സയിലാണ്. പൂങ്ങോട് പ്രദേശത്താണ് ഇത്തവണ കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടിട്ടുള്ളത്.
മറ്റ് പ്രദേശങ്ങളില്‍ നിന്നു ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന ചിലര്‍ ചികില്‍സയ്‌ക്കെത്തിയതോടെ ഭരണാധികാരികള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങും. നിലമ്പൂര്‍ താലൂക്ക് കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റി വിവിധ പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച യോഗങ്ങളും പ്രഹസനമായി മാറുകയാണുണ്ടായത്. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടിക്കാരുടേയും നിസ്സംഗത മലയോര മേഖല പകര്‍ച്ചവ്യാധികളുടെ പിടിയിലമരാന്‍ ഇടയാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss