|    Dec 11 Tue, 2018 1:24 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജസ്റ്റിസ് ലോയ: വാദംകേള്‍ക്കാന്‍ വിസമ്മതിച്ച് ജഡ്ജിമാര്‍

Published : 30th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുള്ള ഹരജിയില്‍ വാദംകേള്‍ക്കാന്‍ വിസമ്മതിച്ച് ബോംബെ ഹൈക്കോടതിയിലെ ജഡ്ജിമാര്‍. ലോയയെ റേഡിയോ ആക്റ്റീവ് പദാര്‍ഥം ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തും അഭിഭാഷകനുമായ സതീഷ് ഉക്കെ നല്‍കിയ ഹരജിയിലാണ് വാദംകേള്‍ക്കാന്‍ ജഡ്ജിമാര്‍ തയ്യാറാവാതിരുന്നത്. ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനു മുമ്പാകെ ഈ മാസം 22നാണ് ഹരജി എത്തിയത്. കേസില്‍ വാദംകേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ജഡ്ജിമാരായ സ്വപ്‌ന ജോഷി, എസ് ബി ഷൂക്കറെ, എസ് എം മോദക് എന്നിവര്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിചേര്‍ക്കപ്പെട്ടിരുന്ന സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസിന്റെ വിചാരണയ്ക്കു നേതൃത്വം നല്‍കിയിരുന്നയാളായിരുന്നു ജസ്റ്റിസ് ലോയ. ജഡ്ജിമാരായ എസ് ബി ഷൂക്കറെ, എസ് എം മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാല്‍, വാദംകേള്‍ക്കുന്ന ദിവസം യാതൊരു കാരണവും വ്യക്തമാക്കാതെ ഇവര്‍ കേസില്‍ നിന്നു പിന്‍വാങ്ങി. ഇതോടെ ജഡ്ജിമാരായ സ്വപ്‌ന ജോഷി, പി എന്‍ ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഹരജിയെത്തി. കേസ് പരിഗണിക്കാന്‍ താല്‍പര്യമില്ലെന്ന് സ്വപ്‌ന ജോഷിയും അറിയിച്ചു. 2014 നവംബര്‍ 30നാണ് സിബിഐ ജഡ്ജിയായിരിക്കെ ബി എച്ച് ലോയ മരിച്ചത്. മരിക്കുന്നതിനു തലേദിവസം രാത്രി ലോയ പങ്കെടുത്ത വിവാഹസല്‍ക്കാരത്തില്‍ സംബന്ധിച്ചവരാണ് ഈ മൂന്നു ജഡ്ജിമാരും.
തന്റെ ജീവന്‍ അപകടത്തിലാണെന്നും 209 പേജുള്ള ക്രിമിനല്‍ റിട്ട് ഹരജിയില്‍ സതീഷ് ഉക്കെ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോയയുടേത് കൊലപാതകമാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്ന ജഡ്ജി പ്രകാശ് തോംബ്രെ, ഹൈക്കോടതി അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാല്‍ക്കര്‍ എന്നിവരുടെ ദുരൂഹമരണങ്ങളും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിക്കുകയായിരുന്നു. ലോയയുടേത് കൊലപാതകമാണെന്നതിന് തെളിവുകള്‍ കൈയിലുണ്ടെന്നും ജീവനോടെയുണ്ടെങ്കില്‍ അതു കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഹരജിയില്‍ അറിയിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss