|    Nov 17 Sat, 2018 1:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജസ്റ്റിസ് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് മന്ത്രിയുടെ ബന്ധുവായ ഡോക്ടര്‍ തിരുത്തി

Published : 3rd April 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍.
ലോയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ കൃത്രിമത്വം നടന്നുവെന്നാണ് സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന കാരവന്‍ മാഗസിന്റെ പുതിയ വെളിപ്പെടുത്തല്‍. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സുധീര്‍ മുങ്കന്ദിവാറിയുടെ ഭാര്യാസഹോദരന്‍ ഡോ. മകരന്ദ് വ്യവഹാരെയാണെന്നും കാരവന്‍ മാഗസിന്‍ റിപോര്‍ട്ട് ചെയ്യുന്നു.
മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡോ. മകരന്ദ് പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. എന്നാല്‍, രേഖകളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ പേര് എന്‍ കെ തുംറാം എന്നാണെന്നും കാരവന്‍ റിപോര്‍ട്ട് ചെയ്തു.
മെഡിക്കല്‍ കോളജിലെ ജീവനക്കാരുമായി സംസാരിച്ച് രണ്ടുമാസത്തെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കാരവന്‍ ലേഖിക നിഖിത സക്‌സേന പുതിയ റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നത്.സംഭവസമയത്ത് നാഗ്പൂരിലെ ഗവ. മെഡിക്കല്‍ കോളജ് പ്രഫസറായിരുന്നു ഡോ. മകരന്ദ്. വലിയ രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ ജോലിസ്ഥലങ്ങളില്‍ കൂടുതല്‍ അധികാരം പ്രയോഗിച്ചിരുന്ന ഡോ. മകരന്ദ്, ലോയയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അതീവ താല്‍പ്പര്യവും കാണിച്ചെന്നാണ് റിപോര്‍ട്ട് പറയുന്നത്.
ലോയയുടെ മൃതദേഹത്തില്‍ മുറിവുകളുള്ളതായി ഒരു ആശുപത്രി ജീവനക്കാരന്‍ സ്ഥിരീകരിച്ചു.  മൃതദേഹം പൊതിഞ്ഞ തുണിയുടെ തലഭാഗത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. എന്നാല്‍, ഇവയൊന്നും റിപോര്‍ട്ടില്‍ എഴുതാന്‍ തുംറാമിനെ ഡോ. മകരന്ദ് അനുവദിച്ചില്ല. പകരം സ്വാഭാവിക മരണമെന്നും ഹൃദയാഘാതമാണ് കാരണമെന്നുമാണ് റിപോര്‍ട്ടില്‍ എഴുതിപ്പിടിപ്പിച്ചിരുന്നത്. താന്‍ പറഞ്ഞതുപോലെ റിപോര്‍ട്ട് തയ്യാറാക്കിയാല്‍ മതിയെന്ന് ഡോ. മകരന്ദ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ മുന്നില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് തയ്യാറാക്കാനും ഡോ. മകരന്ദ് നിര്‍ദേശം നല്‍കിയതായും കാരവന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss