|    Dec 19 Wed, 2018 10:09 pm
FLASH NEWS
Home   >  Dont Miss   >  

ജസ്റ്റിസ് ലോയയുടെ നാഗ്പൂര്‍ യാത്ര എന്തിനായിരുന്നു? സുപ്രിംകോടതിയില്‍ നിന്ന് മറച്ചുവച്ച സുപ്രധാന വിവരങ്ങള്‍ പുറത്ത്

Published : 12th June 2018 | Posted By: mtp rafeek

രവി ഭവന്‍

മുംബൈ: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടില്‍ സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ചു. 2014ല്‍ ലോയ നാഗ്പൂരില്‍ എന്തിന് പോയി, എവിടെ താമസിച്ചു എന്നത് സംബന്ധിച്ചുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിന്ന് മറച്ചുവച്ചത്.

ലോയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് 2017ലാണ് കുടുംബം രംഗത്തു വന്നത്. ഇതേ തുടര്‍ന്നാണ് സുപ്രിം കോടതി നിര്‍ദേശപ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ലോയയുടെത് സ്വാഭാവിക മരണമാണെന്ന് സുപ്രിംകോടതി വിധിക്കുകയും ചെയ്തത്. എന്നാല്‍, സര്‍ക്കാരിന്റെ അന്വേഷണ റിപോര്‍ട്ടില്‍ സുപ്രധാനമായ പല വിവരങ്ങളും മറച്ചുവച്ചതായാണ് വിവരാവകാശ പ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമാവുന്നത്.

ലോയയുടെ കുടുംബത്തിന് ഔദ്യോഗിക നഷ്ടപരിഹാരം തേടി പുതുതായി നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ ഭാഗമായാണ് ബോംബെ ഹൈക്കോടതിയില്‍ മേല്‍പ്പറഞ്ഞ രേഖകള്‍ നല്‍കിയത്. 2014 നവംബര്‍ 27ന് നാഗ്പൂരിലെ ലോ ആന്റ് ജുഡീഷ്യറി ഓഫിസ് പ്രാദേശിക പൊതുമരാമത്ത് വകുപ്പിന്റെ പബ്ലിക് വര്‍ക്ക് ഡിഷന്‍ നമ്പര്‍ 1ന് അയച്ച കത്തില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായ രവി ഭവനില്‍ ഒരു വിഐപി എയര്‍ കണ്ടീഷന്‍ സ്യൂട്ട് ബുക്ക് ചെയ്യുന്ന കാര്യം പറയുന്നുണ്ട്. 2014 നവംബര്‍ 30നും ഡിസംബര്‍ 1നും ഇടയിലുള്ള രാത്രിയില്‍ ജസ്റ്റിസ് ലോയ ഇവിടെയാണ് താമസിച്ചതെന്ന് പറയുന്നു.

മുംബൈയില്‍ നിന്നുള്ള ഡിസ്ട്രിക്, സെഷന്‍ ജഡ്ജുമാരായ ബി ജെ ലോയ, വിനയ് ജോഷി എന്നിവര്‍ 30-11-2014 രാവിലെ മുതല്‍ 01-12-2014 രാവിലെ 7 മണിവരെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി രവി ഭവനില്‍ തങ്ങുമെന്ന് കത്തില്‍ പറയുന്നു. ഇവരുടെ താമസത്തിനായി രണ്ട് ബെഡ്ഡുകളോട് കൂടിയ എയര്‍കണ്ടീഷന്‍ ചെയ്ത വിഐപി സ്യൂട്ട് ബുക്ക് ചെയ്യണമെന്നാണ് കത്തിലെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഡിവിഷനിലെ അഡീഷനല്‍ എന്‍ജിനീയറുടെ കുറിപ്പില്‍ രവിഭവനിലെ ഒന്നാം നമ്പര്‍ കെട്ടടത്തില്‍ സ്യൂട്ട് നല്‍കാന്‍ ബുക്കിങ് ക്ലര്‍ക്കിനോട് ഉത്തരവിട്ടിട്ടുണ്ട്.

രവിഭവനില്‍ മുറി ബുക്ക് ചെയ്യാനാവശ്യപ്പെടുന്ന കത്ത്‌

അതേസമയം, എല്ലാ അതിഥികളുടെയും വിവരങ്ങള്‍ രേഖപ്പെടുത്താറുള്ള രവി ഭവനിലെ രജിസ്റ്ററില്‍ ജോഷിയുടെയോ ലോയയുടെയോ പേരുകള്‍ ഇല്ല. രജിസ്റ്ററില്‍ കൃത്രിമം നടന്നതായി വ്യക്തമാണെന്ന് കാരവന്‍ ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു. മേല്‍പറയപ്പെട്ട തിയ്യതികളില്‍ ബില്‍ഡിങ് നമ്പര്‍ 1ലെ, 2,3,5 റൂമുകള്‍ രജിസ്റ്ററില്‍ എന്‍ട്രി ചെയ്തിട്ടുണ്ട്. എന്നാല്‍, അതില്‍ ആര്, എപ്പോള്‍ താമസിച്ചു എന്ന് വ്യക്തമാക്കിയിട്ടില്ല. താമസിച്ച വ്യക്തിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ട കോളത്തില്‍ വരയിടുകയാണ് ചെയ്തിട്ടുള്ളത്. ഒരു റൂമില്‍ ആള്‍ താസമുണ്ടാവുമ്പോഴാണ് അത് രജിസ്ട്രിയില്‍ എന്‍ട്രി ചെയ്യുക എന്നിരിക്കേ, അതുമായി ബന്ധപ്പെട്ട കോളം പൂരിപ്പിക്കാതെ വിട്ടിരിക്കുന്നത് ദുരൂഹമാണ്.

2014 നവംബര്‍ 30ന് ഔദ്യോഗിക കാര്യങ്ങള്‍ക്കാണ് ലോയ നാഗ്പൂരിലെത്തുന്നതെന്നാണ് കത്തില്‍ പറയുന്നത്. അതേ സമയം, മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റ്(എസ്‌ഐഡി) സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടില്‍ ലോയ വന്നത് സഹപ്രവര്‍ത്തകന്റെ കല്യാണത്തിനാണെന്നാണ് പറയുന്നത്. ലോയയോടൊപ്പം രവി ഭവനില്‍ താമസിക്കുമെന്നു പറയുന്ന വിനയ് ജോഷിയെക്കുറിച്ച് റിപോര്‍ട്ടില്‍ പരാമര്‍ശമില്ല. ജഡ്ജിമാരായ കുല്‍ക്കര്‍നി, മോദക് എന്നിവരാണ് ഒപ്പമുണ്ടായിരുന്നതെന്നും ഇന്റലിജന്‍സ് റിപോര്‍ട്ട് വ്യക്തമാക്കുന്നു. താനും ലോയയും രവി ഭവനില്‍ ഒരേ മുറിയിലാണ് തങ്ങിയതെന്ന് കുല്‍ക്കര്‍നി എസ്‌ഐഡിക്കെഴുതിയ കത്തിലുണ്ട്. ലോയക്ക് വേണ്ടി പ്രത്യേക താമസം ഒരുക്കിയിരിക്കേ എന്ത് കൊണ്ട് ഇങ്ങിനെ ചെയ്തുവെന്നത് അവ്യക്തമാണ്.

പേര് വിവരങ്ങളുടെ കോളത്തില്‍ വരയിട്ടിരിക്കുന്ന രവിഭവനിലെ രജിസ്്റ്റര്‍

ഈ വിഷയത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ മുകളില്‍ നിന്നുള്ള അനുമതിയില്ലാതെ സംസാരിക്കാനാവില്ലെന്ന് വിനയ് ജോഷി വ്യക്തമാക്കി്.

നാഗ്പൂരിലെ ലോയയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിക്ക് നല്‍കിയിട്ടില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അന്നേ ദിവസം നാഗൂപൂരിലേക്ക് ഔദ്യോഗിക യാത്രയുള്ള കാര്യം ലോയക്ക് നേരത്തേ അറിയുമായിരുന്നില്ലെന്നും അന്ന് ലത്തൂരിലെ രോഗിയായ ബന്ധുവിനെ കാണാന്‍ പോവാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നുവെന്നും കൂടുംബാംഗങ്ങള്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

മേല്‍പ്പറഞ്ഞ തിയ്യതികളില്‍ ലോയ നാഗ്പൂരിലേക്ക് യാത്ര ചെയ്യണമെന്നും രവി ഭവനില്‍ തങ്ങണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിലെ ബന്ധപ്പെട്ട അധികാരികളാരോ തീരുമാനിച്ചിരുന്നുവെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാവുന്നത്. എന്നാല്‍, അത് ആരാണെന്നതിനെക്കുറിച്ച് സൂചനകളൊന്നുമില്ല. മുംബൈയിലെ സിബിഐ കോടതിയുടെ തലപ്പത്തിരിക്കുന്ന ഒരു ജഡ്ജിയുടെ ഔദ്യോഗിക യാത്ര തീരുമാനിക്കാന്‍ സര്‍ക്കാരിലെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് മാത്രമേ സാധിക്കൂ.

ഔദ്യോഗിക യാത്രയെക്കുറിച്ച് എന്ത് കൊണ്ട് ലോയയെ നേരത്തേ അറിയിച്ചില്ല, ലോയയുടെ മരണം സംബന്ധിച്ച് പോലിസ് അന്വേഷണം ആരംഭിച്ച ശേഷവും ഇതുമായി ബന്ധപ്പെട്ട ചില രേഖകള്‍ എന്ത് കൊണ്ട് നശിപ്പിക്കപ്പെട്ടു, രവിഭവനിലെ താമസക്കാരുടെ രജിസ്റ്ററില്‍ എന്ത് കൊണ്ട് ലോയയുടെ പേരില്ല, ലോയയുടെ നാഗ്പൂര്‍ യാത്രയ്ക്ക് രണ്ട് ദിവസം മുമ്പ് താമസ സൗകര്യം ബുക്ക് ചെയ്ത കാര്യം മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ത് കൊണ്ട് സുപ്രിംകോടതിയെ അറിയിച്ചില്ല, മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണ റിപോര്‍ട്ടില്‍ എന്ത്‌കൊണ്ട് ഈ വിവരങ്ങള്‍ മറച്ചുവച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ, 2014 ഡിസംബര്‍ ഒന്നിനാണു ജഡ്ജി ലോയ മരിച്ചത്. നാഗ്പുരില്‍ വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും മരിക്കുകയും ആയിരുന്നുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ‘കാരവന്‍’ ലോയയുടെ മരണത്തില്‍ ഒട്ടനവധി വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. അതോടെയാണു വിവിധ കോണുകളില്‍നിന്ന് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss