|    Nov 20 Tue, 2018 1:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍: മനുഷ്യാവകാശത്തിനായി യത്‌നിച്ചു; അസഹിഷ്ണുതയ്‌ക്കെതിരേ കലഹിച്ചു

Published : 21st April 2018 | Posted By: kasim kzm

സമദ്  പാമ്പുരുത്തി
കണ്ണൂര്‍: മനുഷ്യാവകാശ സംരക്ഷണത്തിനായി ബഹുമുഖ പോരാട്ടം നടത്തിയ അപൂര്‍വം ചില ന്യായാധിപരില്‍ പ്രമുഖനാണ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. സംഘപരിവാരവും കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണകൂടവും ഉയര്‍ത്തുന്ന ഫാഷിസത്തിനും അസഹിഷ്ണുതയ്ക്കുമെതിരേ ധൈഷണികമായി കലഹിച്ച അദ്ദേഹം, നീതി നിഷേധിക്കപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും അഭയസ്ഥാനമായി നീതിപീഠത്തെ പ്രതിഷ്ഠിക്കാന്‍ യത്‌നിച്ചു. മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന ഒട്ടേറെ വിധികള്‍ പുറപ്പെടുവിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ പടിയിറങ്ങിയശേഷവും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് സച്ചാറിനെ ഒന്നാം യുപിഎ സര്‍ക്കാ ര്‍ നിയോഗിച്ചതും ഇക്കാരണത്താല്‍ തന്നെ. മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ഭീതിദ ചിത്രമായിരുന്നു രണ്ടുവര്‍ഷത്തെ പഠനത്തിനും പരിശോധനയ്ക്കും ശേഷം പാര്‍ലമെന്റി ല്‍ സമര്‍പ്പിച്ച 403 പേജുള്ള റിപോ ര്‍ട്ടിലുടനീളം. ഉയര്‍ന്ന ഉദ്യോഗത്തിലും പോലിസിലും മുസ്‌ലിംകളുടെ എണ്ണം കുറഞ്ഞതിന്റെ കണക്കുകള്‍ നിരത്തിയ അദ്ദേഹം, പോലിസിന്റെയും സുരക്ഷാവിഭാഗത്തിന്റെയും കൈയേറ്റങ്ങള്‍ക്ക് മുസ്‌ലിം ജനവിഭാഗം വിധേയരാവുന്നതായും വെളിപ്പെടുത്തി. മുസ്‌ലിം സാംസ്‌കാരിക ചിഹ്നങ്ങളോടുള്ള അസഹിഷ്ണുത വിദ്യാലയങ്ങളില്‍പ്പോലും വച്ചുപുലര്‍ത്തുന്നുണ്ടെന്ന സത്യം വിളിച്ചുപറയാനും മറന്നില്ല. കരിനിയമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ പിയുസിഎല്‍ അംഗമായ സച്ചാര്‍, ഭീകരക്കേസുകളില്‍ കുടുക്കി ഒടുവില്‍ നിരപരാധികളെന്നു കണ്ട് വിട്ടയക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നിയമസഹായം നല്‍കാനും തയ്യാറായി. നിരപരാധികളെ ഭീകരക്കേസുകളില്‍ അറസ്റ്റ് ചെയ്യുന്നതിനെതിരേ 10 ലക്ഷം പേരുടെ ഒപ്പു ശേഖരിച്ച് പാര്‍ലമെന്റിന് പരാതി സമര്‍പ്പിക്കാനും മുന്‍കൈയെടുത്തു. സംഘപരിവാരം വധഭീഷണി ഉയര്‍ത്തിയിട്ടും സധൈര്യം മുന്നോട്ടുപോയി.
ബാബരി മസ്ജിദ് കേസില്‍ പള്ളി തകര്‍ത്തവര്‍ക്ക് ഭൂമി പകുത്തുനല്‍കാന്‍ പറയുന്ന അലഹബാദ് ഹൈക്കോടതിയുടെ  വിധിക്കെതിരേയും സച്ചാര്‍ ശബ്ദമുയര്‍ത്തി. മോദി ഭരണത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു ജസ്റ്റിസ് സച്ചാര്‍. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് കോടതിവിധി പ്രധാനമന്ത്രിക്ക് കളങ്കമുണ്ടാക്കിയതായി അദ്ദേഹം തുറന്നടിച്ചു.
ഗോരക്ഷയുടെ പേരിലുള്ള അരുംകൊലകള്‍ക്കെതിരേയും രംഗത്തെത്തി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും മോശം ഭരണം മോദിയുടേതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ ബീഫ് വ്യാപാരികളില്‍ 90 ശതമാനവും ഹിന്ദുക്കളാണെന്നായിരുന്നു യുപിയിലെ മഥുര ആര്‍സി കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ സച്ചാര്‍ തുറന്നടിച്ചത്. കേന്ദ്രസര്‍ക്കാരില്‍ വിവിധ ഭരണഘടനാസ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ നടത്തുന്ന വിദ്വേഷപരാമര്‍ശങ്ങള്‍ക്കെതിരേയും അദ്ദേഹം രംഗത്തെത്തി. ഇത്തരക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് മുന്‍ ജഡ്ജിമാരും ഐപിഎസ് ഓഫിസര്‍മാരും ന്യായാധിപന്മാരും സുപ്രിംകോടതി ചീഫ്ജസ്റ്റിസിന് അയച്ച കത്തില്‍ സച്ചാറും ഒപ്പിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss