|    Aug 19 Sun, 2018 8:11 am
FLASH NEWS
Home   >  Editpage  >  Editorial  >  

ജസ്റ്റിസ് ജോസഫിനോട് രാഷ്ട്രീയ പകപോക്കല്‍

Published : 7th August 2018 | Posted By: kasim kzm

കഴിഞ്ഞ ജനുവരിയില്‍ സുപ്രിംകോടതിയില്‍ ജഡ്ജിയായി അവരോധിക്കപ്പെടേണ്ടതായിരുന്നു മലയാളിയായ ഉത്തരാഖണ്ഡ് ചീഫ്ജസ്റ്റിസ് കെ എം ജോസഫ്. പക്ഷേ, അദ്ദേഹത്തിന്റെ നിയമനോത്തരവ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. അന്നു സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത മൂന്നു പേരില്‍ മറ്റു രണ്ടു ജഡ്ജിമാരെ മാത്രം അംഗീകരിച്ച് അന്നുതന്നെ നിയമിക്കുകയും ചെയ്തു.
അതേത്തുടര്‍ന്ന് സുപ്രിംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ജ. ജോസഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ടുനിന്ന ശീതയുദ്ധം തന്നെയാണ് നടന്നത്. ജ. ജോസഫിനെ അംഗീകരിക്കുന്നതിന് എന്താണ് തടസ്സമെന്ന ചോദ്യത്തിന് വളരെ ദുര്‍ബലമായ ഉത്തരമാണ് കേന്ദ്ര നീതിന്യായ മന്ത്രാലയം നല്‍കിയത്. മലയാളിയായ ജ. ജോസഫ് കേരള ജുഡീഷ്യറിയില്‍ നിന്നാണ് വന്നതെന്നും കേരളം ചെറിയ സംസ്ഥാനമായതിനാല്‍ സുപ്രിംകോടതിയില്‍ അമിതമായ പ്രാതിനിധ്യം പാടില്ലെന്നുമാണ് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് നയിക്കുന്ന നിയമ മന്ത്രാലയം കണ്ടെത്തിയ ന്യായീകരണം.
വിവിധ ഭാഷാ വിഭാഗങ്ങള്‍ക്കും സാമൂഹിക വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ ന്യായമായ പ്രാതിനിധ്യം വേണമെന്ന നിലപാട് ശരി. പക്ഷേ, അതിനു വേണ്ടി ചെറുവിരല്‍ അനക്കാന്‍ കേന്ദ്ര ഭരണാധികാരികള്‍ ഇന്നുവരെ തയ്യാറായിട്ടുണ്ടോ? ആരാണ് നമ്മുടെ ജുഡീഷ്യറിയിലെ സുപ്രധാന പദവികള്‍ മുഴുവന്‍ കൈയടക്കിവച്ചിരിക്കുന്നത്? ഇന്ത്യയിലെ വരേണ്യ സമുദായങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണ് നമ്മുടെ ജുഡീഷ്യറിയെന്ന് അറിയാത്ത ആരും ഇന്നാട്ടില്‍ ഉണ്ടാവാനിടയില്ല. കീഴാള സമൂഹങ്ങളില്‍ നിന്നുള്ള എത്ര പേര്‍ ജുഡീഷ്യറിയുടെ ഉന്നതങ്ങളിലുണ്ട്? ഇത്തരം വസ്തുതകള്‍ നിലനില്‍ക്കെയാണ് കേരളത്തില്‍ നിന്നുള്ളയാള്‍ എന്ന പേരില്‍ ജ. ജോസഫിനെ മാറ്റിനിര്‍ത്താന്‍ കേന്ദ്രം തയ്യാറായത്. പക്ഷേ, അതു സുപ്രിംകോടതി കൊളീജിയം തള്ളിയതോടെ കേന്ദ്ര സര്‍ക്കാരിന് അദ്ദേഹത്തെ ഒഴിവാക്കാന്‍ നിവൃത്തിയില്ലെന്നായി. സുപ്രിംകോടതിയുമായി നേരിട്ടൊരു ഏറ്റുമുട്ടലിനു പോകാനുള്ള ശേഷി ഇന്നും കേന്ദ്ര സര്‍ക്കാരിനോ അതിനുള്ള ധൈര്യം ഭരണകൂടത്തെ നിയന്ത്രിക്കുന്ന ബിജെപിക്കോ ഇല്ലെന്നത് വസ്തുതയാണ്. അതിനാല്‍, മനസ്സില്ലാമനസ്സോടെയാണെങ്കിലും അവസാനം കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കുകയായിരുന്നു.
പക്ഷേ, ഏറ്റവും ജൂനിയര്‍ ജഡ്ജിയായാണ് ഇപ്പോള്‍ അദ്ദേഹത്തെ നിയമിക്കുന്നത്. അദ്ദേഹത്തിനു ശേഷം ശുപാര്‍ശ ചെയ്യപ്പെട്ട രണ്ടു പേര്‍ അദ്ദേഹത്തേക്കാള്‍ സീനിയറായി സുപ്രിംകോടതിയില്‍ ഉണ്ടാവും. എട്ടു മാസക്കാലം അദ്ദേഹത്തിന്റെ നിയമനം തടഞ്ഞതുവഴി കേന്ദ്ര സര്‍ക്കാര്‍ ജ. ജോസഫിനോട് ചെയ്തിരിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. എന്താണ് ബിജെപി ഭരണകൂടത്തിന്റെ കെറുവിനു കാരണമെന്ന് എല്ലാവര്‍ക്കും അറിയാം. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തിയ നീക്കം തകര്‍ത്തുകളഞ്ഞത് ജ. ജോസഫ് നേതൃത്വം നല്‍കിയ ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ്. അതിനുള്ള പ്രതികാരമാണ് കേന്ദ്ര നിയമ മന്ത്രാലയത്തില്‍ നിന്നുണ്ടായത്. അങ്ങേയറ്റം അപഹാസ്യമായ നിലപാടാണിത് എന്നതില്‍ തര്‍ക്കമില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss