|    Jul 26 Wed, 2017 4:20 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ജസ്റ്റിസ് ചെലമേശ്വര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published : 6th September 2016 | Posted By: SMR

സുപ്രിംകോടതിയിലെ മുതിര്‍ന്ന ന്യായാധിപന്മാരില്‍ ഒരാളായ ജെ ചെലമേശ്വര്‍ ന്യായാധിപന്മാരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സുപ്രിംകോടതി കൊളീജിയത്തിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് വളരെ ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.
സുപ്രിംകോടതിയിലെ അഞ്ചു മുതിര്‍ന്ന ന്യായാധിപന്മാര്‍ മാത്രം അംഗങ്ങളായ കൊളീജിയം തീര്‍ത്തും അതാര്യമായും ഏകപക്ഷീയമായുമാണ് പ്രവര്‍ത്തിക്കുന്നതെന്നും കൊളീജിയത്തിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങള്‍ പോലും നിയമനകാര്യങ്ങളില്‍ പരിഗണിക്കപ്പെടുന്നില്ലെന്നും അദ്ദേഹം സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂറിന് അയച്ച കത്തില്‍ ആരോപിച്ചിട്ടുണ്ട്. ഈ അവസ്ഥ അവസാനിപ്പിച്ച് സുതാര്യവും ഉത്തരവാദിത്തപൂര്‍ണവുമായ പുതിയൊരു സംവിധാനം കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ജുഡീഷ്യല്‍ നിയമനങ്ങള്‍ സുപ്രിംകോടതി കൊളീജിയത്തില്‍ നിന്ന് എടുത്തുമാറ്റി പുതിയൊരു സംവിധാനത്തിലേക്കു കൊണ്ടുവരുന്നതിനായി നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്‌സ് കമ്മിറ്റി (എന്‍ജെഎസി) ഉണ്ടാക്കുന്നതിനു നിയമനിര്‍മാണം നടത്തിയിരുന്നു. എന്നാല്‍, സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിയമം അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. അഞ്ചംഗ ബെഞ്ചില്‍ എതിരഭിപ്രായം രേഖപ്പെടുത്തിയ ഏക ന്യായാധിപന്‍ ജസ്റ്റിസ് ചെലമേശ്വറായിരുന്നു. കേസിലെ വിധിന്യായത്തില്‍ അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ ശക്തമായി മുമ്പോട്ടുവയ്ക്കുന്നതാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ പുതിയ കുറിപ്പ്. ജുഡീഷ്യല്‍ നിയമനങ്ങള്‍ സുപ്രിംകോടതിയിലെ ഏതാനും ജഡ്ജിമാരുടെ മാത്രം സവിശേഷാധികാരമായിക്കൂടാ എന്ന അദ്ദേഹത്തിന്റെ നിലപാട് ന്യായമാണ്. ഇന്ത്യന്‍ നീതിന്യായരംഗത്ത്, വിശേഷിച്ചും അതിന്റെ അത്യുന്നതതലങ്ങളില്‍ ഒരു വരേണ്യവിഭാഗത്തിന്റെ ആധിപത്യം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. ഈ വരേണ്യസഖ്യത്തിനു പുറത്തുള്ള ഒരാള്‍ക്ക് ഉന്നത പദവികളിലേക്ക് എത്തിച്ചേരുകയെന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണ്. മാത്രമല്ല, നിയമനം സംബന്ധിച്ച കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമായാണ് നടത്തപ്പെടുന്നത്.
എന്തുകൊണ്ട് ഒരാളെ ഉന്നത ന്യായപീഠത്തിലേക്കു തിരഞ്ഞെടുക്കുന്നുവെന്നതു സംബന്ധിച്ച് യാതൊരു രേഖകളും കൊളീജിയത്തില്‍ ലഭ്യമാവില്ല. മാത്രമല്ല, ന്യായാധിപന്മാര്‍ക്കിടയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വല്ലതും നടന്നിട്ടുണ്ടെങ്കില്‍ അത് രേഖപ്പെടുത്താറുമില്ല. ഏറ്റവും സീനിയറായ ഒന്നുരണ്ടു പേര്‍ പേരുകള്‍ തയ്യാറാക്കുകയും അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുകയുമാണ് നിലനിന്നുവരുന്ന രീതി.
അതിനാല്‍, താന്‍ കൊളീജിയം യോഗങ്ങള്‍ക്ക് ഇനി ഹാജരാവില്ല എന്നു ചെലമേശ്വര്‍ ചീഫ്ജസ്റ്റിസിനെ അറിയിച്ചിരിക്കുകയാണ്. ഉന്നത നീതിപീഠത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകളാണ് അതിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത്തരം മര്‍മപ്രധാനമായ കാര്യങ്ങള്‍ സമൂഹം അറിയേണ്ടതുണ്ടെന്നും അതിനാല്‍ ജുഡീഷ്യല്‍ നിയമന സംവിധാനം സുതാര്യമായി മാറണമെന്നുമുള്ള ജസ്റ്റിസ് ചെലമേശ്വറിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. അത് രാജ്യതാല്‍പര്യങ്ങള്‍ക്ക് അനുഗുണവുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക