|    Nov 17 Sat, 2018 2:14 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജസരി എന്നൊരു ഭാഷയില്ല; ലക്ഷദ്വീപില്‍ മുസ്‌ലിം തീവ്രവാദവുമില്ല: ഡോ. മുല്ലക്കോയ

Published : 11th May 2018 | Posted By: kasim kzm

കോഴിക്കോട്: ലക്ഷദ്വീപില്‍ ജസരി എന്ന പേരില്‍ ഭാഷയില്ലെന്നും ഇത്തവണ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ സന്ദീപ് പാമ്പള്ളിയുടെ ‘സിന്‍ജാര്‍’ എന്ന ചിത്രം ജസരി ഭാഷയിലുള്ളതാണെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗവും ലക്ഷദ്വീപിലെ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പലുമായിരുന്ന ഡോ. എം മുല്ലക്കോയ.
ലക്ഷദ്വീപില്‍ ചിത്രീകരിച്ച ‘സിന്‍ജാര്‍’ മണ്ണടിഞ്ഞുപോവാനിടയുള്ള ജസരി ഭാഷയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയിലാണ് കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ സംവിധായകന്‍ പൊതുസമൂഹത്തില്‍ അവതരിപ്പിച്ചത്. ആ നിലയ്ക്ക് ‘സിന്‍ജാറി’ന് മാധ്യമശ്രദ്ധ ലഭിക്കുകയും ചെയ്തു. എന്നാല്‍, ലക്ഷദ്വീപില്‍ ജസരി എന്ന ഒരു ഭാഷയില്ലെന്നും മലയാളത്തിന്റെ ഉച്ചാരണഭേദങ്ങള്‍ മാത്രമാണ് മിനിക്കോയ് ഒഴിച്ചുള്ള മറ്റെല്ലാ ദ്വീപുകളിലുമുള്ളതെന്നും ഡോ. മുല്ലക്കോയ പറഞ്ഞു. മാലദ്വീപുമായി അടുത്തുകിടക്കുന്ന മിനിക്കോയിയില്‍ മഹല്‍ ഭാഷയാണ് സംസാരിക്കുന്നത്. അതിനു ലിപിയുമുണ്ട്. ജസരി എന്ന ഭാഷ എവിടെയുമില്ല.
അറബിയിലെ ജസീറ എന്ന പദത്തിന് ദ്വീപ് എന്നാണ് അര്‍ഥം. അതില്‍ നിന്നു ദ്വീപിലെ ഭാഷ എന്ന പേരില്‍ ജസരി എന്ന ഒരു ഭാഷയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ നേരത്തേ തന്നെ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നു ഡോ. മുല്ലക്കോയ പറയുന്നു. ലക്ഷദ്വീപ് മലയാളത്തിലെ ഉച്ചാരണഭേദങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഒരു ജസരി നിഘണ്ടു ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ ശ്രമങ്ങളൊന്നും വിജയിച്ചില്ല.
കേരളത്തില്‍ നിന്നു വിവിധ ദ്വീപുകളില്‍ കുടിയേറിയവരാണ് ലക്ഷദ്വീപ് നിവാസികള്‍. കല്‍പേനി, ആന്ത്രോത്ത്, കടമത്ത് തുടങ്ങിയ വ്യത്യസ്ത ദ്വീപുകളില്‍ കഴിയുന്ന ഇവര്‍ക്കിടയില്‍ ഭാഷാപ്രയോഗത്തിലും ഉച്ചാരണത്തിലും ചെറിയ വ്യത്യാസങ്ങളുണ്ട്. എന്നാല്‍, പൊതുഭാഷ മലയാളം തന്നെയാണ്. മലയാളത്തെ ജസരി എന്ന പേരില്‍ മറ്റൊരു ഭാഷയായി അവതരിപ്പിക്കുന്നതിനു പിന്നില്‍ മറ്റെന്തോ നിഗൂഢലക്ഷ്യമാണെന്നു ലക്ഷദ്വീപിലെ മലയാള ഭാഷയില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടുകയും ലക്ഷദ്വീപിലെ നാടോടിക്കഥകളും നാടന്‍പാട്ടുകളും സമാഹരിച്ച് ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത ഡോ. മുല്ലക്കോയ പറഞ്ഞു.
ലക്ഷദ്വീപില്‍ നിന്നു രണ്ടു സ്ത്രീകള്‍ ഐഎസില്‍ ആകര്‍ഷിക്കപ്പെട്ട് ഇറാഖിലെ സിന്‍ജാറില്‍ എത്തുന്നതുമായി ബന്ധപ്പെട്ട പ്രമേയമാണ് സിനിമയുടേത്. സമാധാനപൂര്‍വം ജീവിച്ചുപോരുന്ന മുസ്‌ലിം സമൂഹമാണ് ലക്ഷദ്വീപുകളിലേത്. ദ്വീപ് ജീവിതവുമായി യാതൊരുതരത്തിലും ബന്ധമില്ലാത്ത ഐഎസ് തീവ്രവാദത്തെ പ്രസ്തുത പ്രദേശവുമായി കൂട്ടിക്കെട്ടി സിനിമ നിര്‍മിക്കുന്നതിനു പിന്നിലുള്ള ലക്ഷ്യങ്ങളും തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഈ ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു എന്നതും സംശയത്തിന് ഇട നല്‍കുന്നു. ലക്ഷദ്വീപ് നിവാസികളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് നീതീകരിക്കാവുന്നതല്ലെന്നും ഇപ്പോള്‍ കേരളത്തിലുള്ള ഡോ. മുല്ലക്കോയ പറഞ്ഞു.
കാസര്‍കോട്ടും മംഗലാപുരത്തുമുള്ള മുസ്്‌ലിംകളുടെ സംസാരഭാഷയില്‍ എടുത്ത ബ്യാരി എന്ന സുവീരന്റെ സിനിമ ബ്യാരി ഭാഷയിലുള്ള ചിത്രം എന്ന നിലയില്‍ നേരത്തേ ദേശീയ സിനിമാ പുരസ്‌കാരം നേടിയതും വിവാദം സൃഷ്ടിച്ചിരുന്നു. മംഗലാപുരം ഭാഗത്ത് മുസ്്‌ലിംകള്‍ക്കിടയിലുള്ള ആചാരങ്ങളെ പരിഹസിക്കുന്നതായിരുന്നു ചിത്രം. ബ്യാരി എന്നത് കാസര്‍കോട്ടെയും ദക്ഷിണ കന്നഡയിലെയും മുസ്‌ലിംകളുടെ വിളിപ്പേരാണ്. അവരുടെ സംസാരഭാഷയെ വേറിട്ടുനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ പ്രത്യേക ഭാഷയായി അവതരിപ്പിച്ചതായിരുന്നു അന്നു വിവാദങ്ങള്‍ സൃഷ്ടിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss