|    Nov 19 Sun, 2017 4:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജവാന്റെ വിധവയോട് അവഗണന; ജോലി വാഗ്ദാനം പാലിച്ചില്ല

Published : 9th August 2017 | Posted By: fsq

 

കൊച്ചി: രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജവാന്‍  ബി സുധീഷിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ഇതുവരെയും നല്‍കിയില്ല. 2016 ഫെബ്രുവരി മൂന്നിനാണ് കശ്മീരിലെ സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിച്ചില്‍ കൊല്ലം മണ്‍റോതുരുത്ത് സ്വദേശി ബി സുധീഷ് മരിച്ചത്. സുധീഷിന്റെ വിധവ സാലുമോള്‍ക്ക് ജോലി നല്‍കുമെന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പിലായില്ല. പിന്നീട് അധികാരത്തിലെത്തിയ പിണറായി വിജയന്‍ മന്ത്രിസഭ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും സാലുമോളുടെ ജോലിക്കാര്യത്തില്‍ വ്യക്തമായ തീരുമാനം അറിയിച്ചില്ല.  ജോലിക്കാര്യം ശ്രദ്ധയില്‍പെടുത്തി  പിണറായി വിജയനെ കുടുംബം നേരിട്ട് കണ്ടെങ്കിലും പുരോഗതികളൊന്നുമുണ്ടായില്ല. ഡിഗ്രി വിദ്യാഭ്യാസമുള്ള സാലുമോളെ  വിദ്യാഭ്യാസ വകുപ്പിന് കീഴില്‍  ക്ലാര്‍ക്ക് തസ്തികയില്‍ നിയമിക്കാമെന്നാണ് ആദ്യം അറിയിച്ചത്. കാത്തിരിപ്പ് നീണ്ടപ്പോള്‍  മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ നേരിട്ട് കണ്ട് ജോലിക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി.   എന്നാല്‍, അക്കാര്യവും അനശ്ചിതത്വത്തിലാവുകയായിരുന്നു. സുധീഷ് മരിച്ചഘട്ടത്തില്‍ സാലുമോള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ ജോലി നല്‍കാമെന്ന് പ്രതിരോധ വകുപ്പില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍, കേരള സര്‍ക്കാരും സാലുമോള്‍ക്ക് ആശ്രിതനിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ അത് സ്വീകരിക്കുവാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. സ്ഥലം എംഎല്‍എ കോവൂര്‍ കുഞ്ഞുമോനുള്‍പ്പെടെയുള്ളവരെയും പലതവണ നേരില്‍ കണ്ടുകഴിഞ്ഞു ഈ കുടുംബം. ഏകമകള്‍ രണ്ട് വയസ്സുകാരി മീനാക്ഷിക്കും സുധീഷിന്റെ പിതാവ് ബ്രഹ്മപുത്രനും അമ്മ പുഷ്പവല്ലിക്കുമൊപ്പം കൊല്ലം മണ്‍റോതുരുത്തിലെ വീട്ടിലാണ് സാലുവിന്റെ താമസം.  സുധീഷിന്റെ ജീവത്യാഗം പ്രമേയമാക്കി ദേവ് ജി ദേവന്‍ സംവിധാനം ചെയ്ത ഭാരതീയന്‍ ഇന്ത്യന്‍ സൈനികന്‍ ഹ്രസ്വചിത്രത്തിന്റെ റിലീസിങിനോട് അനുബന്ധിച്ചാണ് സാലുമോളും മകളും കുടുംബവും കൊച്ചിയിലെത്തിയത്. നടന്‍ ജയറാം, മേജര്‍ രവിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക