|    Feb 19 Sun, 2017 8:08 pm
FLASH NEWS

ജഴ്‌സി ഫാമിന്റെ സ്ഥലം കോളജിന് നല്‍കുന്നതിനെതിരേ തൊഴിലാളികള്‍

Published : 12th November 2016 | Posted By: SMR

പാലോട്: ചെറ്റച്ചലില്‍ പ്രവര്‍ത്തിക്കുന്ന ജഴ്‌സി ഫാമിന്റെ സ്ഥലത്ത് പുതുതായി തുടങ്ങാന്‍ പോകുന്ന ഡയറി സയന്‍സ് കോളജിന് സ്ഥലം നല്‍കുന്നതിനെതിരേ പ്രതിഷേധവുമായി തൊഴിലാളികള്‍. നടപടിയില്‍ പ്രതിഷേധിച്ച് ഫാം ഓഫിസ് പടിക്കല്‍ തൊഴിലാളികള്‍ ധര്‍ണ്ണയും പ്രകടനവും നടത്തി. നേരത്തേ 125 ഏക്കര്‍ സ്ഥലമുണ്ടായിരുന്ന ജഴ്‌സി ഫാമിന് ഇപ്പോള്‍ സ്വന്തമെന്നു പറയാനുള്ളത് ആകെ 60 ഏക്കര്‍ മാത്രമാണ്. 125 ഏക്കറില്‍ 25 ഏക്കര്‍ ജവഹര്‍ നവോദയ വിദ്യാലയത്തിനു വിട്ടുകൊടുത്തു. 40 ഏക്കര്‍ 2006ല്‍ ആദിവാസികള്‍ കൈയേറി കുടില്‍കെട്ടി. ശേഷിക്കുന്ന ഭൂമിയുടെ കുറേഭാഗം ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ നാട്ടുകാരും കൈയേറിയ നിലയിലാണ്. ബാക്കിയുള്ള ഭൂമിയില്‍ നിന്നാണ് ഇപ്പോള്‍ ഡയറിസയന്‍സ് കോളജിന് 25 ഏക്കര്‍ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായിരിക്കുന്നത്. നിലവില്‍ കെല്‍ട്രോണ്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോളജ് താമസിയാതെ ഇവിടേക്കുമാറ്റാനാണ് തീരുമാനം. 25 ഏക്കര്‍ കൂടി വിട്ടുകൊടുക്കുമ്പോള്‍ ചെറ്റച്ചല്‍ ജഴ്‌സി ഫാമിന്റെ പ്രവര്‍ത്തനം ഇപ്പോഴത്തേതില്‍ നിന്നും തികച്ചും ശോചനീയമാകുമെന്ന് ജീവനക്കാര്‍ പറയുന്നു. കന്നുകാലികള്‍ക്കുള്ള പുല്ലു വളര്‍ത്തുന്നതും ഇവിടെ തന്നെയാണ്. സ്ഥലപരിമിതി ഏറുന്നതോടെ കന്നുകാലി പരിപാലനം കൂടുതല്‍ ബുദ്ധിമുട്ടായിമാറും. നിരവധി തൊഴിലാളികള്‍ക്ക് തൊഴിലും നഷ്ടപ്പെടും. എന്നാല്‍ ജഴ്‌സി ഫാമുകളില്‍ അല്ലാതെ ഡയറി സയന്‍സ് കോളജ് തുടങ്ങാനാവില്ലെന്നതും പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. വസ്തു കൈമാറ്റ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. വസ്തു കൈമാറി കിട്ടിയാല്‍ കോളജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാകും. കോളജിനായി അക്കാദമിക് ബ്ലോക്ക്, ഡയറി പ്ലാന്റ്, വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയാണ് നിര്‍മ്മിക്കേണ്ടത്. നിലവില്‍ 2 ബാച്ചുകളിലായി 58 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പഠിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഡയറി ഡെവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റില്‍ ക്ഷീര വികസന ഓഫിസര്‍, മില്‍മയുടെ കീഴിലുള്ള സംസ്‌കരണ പ്ലാന്റുകളില്‍ ടെക്‌നിക്കല്‍ സൂപ്രണ്ട്, ഡയറി കെമിസ്റ്റ്, ക്വാളിറ്റി അനലിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ ഇവിടുത്തെ ബിരുദമാണ് അടിസ്ഥാന യോഗ്യത. മലയോര ആദിവാസി മേഖലയായ വിതുര, നന്ദിയോട് പഞ്ചായത്തുകളുടെ വിദ്യാഭ്യാസവികസനത്തിന് പുതിയ പാതയാകും ഡയറി സയന്‍സ് കോളജ്. എന്നാല്‍ ജില്ലാപഞ്ചായത്ത് വസ്തുവിട്ടു കൊടുക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന് ഒരു ഉറപ്പും നല്‍കിയിട്ടില്ലന്നും ഫാമിനു സമീപത്ത് കാടുകയറി നശിക്കുന്ന 16 റവന്യൂ ഭൂമി അളന്നു തിരിച്ച് കോളജിന് നല്‍കാവുന്നതാണന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക