|    Mar 20 Tue, 2018 11:44 am
FLASH NEWS

ജല അതോറിറ്റി നഗരത്തില്‍ ഉപേക്ഷിച്ച പൈപ്പ് ലൈനില്‍നിന്നും വന്‍ചോര്‍ച്ച

Published : 3rd August 2017 | Posted By: fsq

 

തൃശൂര്‍: ജലഅതോറിറ്റി നഗരത്തില്‍ ഉപേക്ഷിച്ച പൈപ്പ് ലൈനില്‍നിന്നും വന്‍ചോര്‍ച്ച. ഉത്തരം കണ്ടെത്താനാകാതെ ജലഅതോറിറ്റി അധികൃതര്‍. നഗരത്തില്‍ ജലവിതരണം നിറുത്തിവെച്ചു. പാലസ് റോഡില്‍ സാഹിത്യ അക്കാദമിക്കുമുന്നില്‍ വടക്കേച്ചിറ റോഡിലേക്കിറങ്ങുന്ന ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. അതോറിറ്റി അധികൃതരുടെ കണക്കില്‍ ഈ പൈപ്പ് ലൈനില്‍ ജലവിതരണമില്ല. അക്കാദമിക്ക് മുന്നിലെ റോഡിലായിരുന്നു നാലഞ്ചു ദിവസമായി ചെറിയതോതില്‍ ചോര്‍ച്ച അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍നിന്ന് റോഡാകെ ജലം കിനിഞ്ഞ് വരുന്ന അവസ്ഥയായിരുന്നു. വടക്കേചിറ റോഡിരികിലെ പ്രധാന കാനയിലെക്കാണെങ്കില്‍ വന്‍തോതിലായിരുന്നു ജലപ്രവാഹം.ചോര്‍ച്ച എവിടെയെന്ന് കണ്ടെത്താന്‍ അതോറിറ്റി അസി.—എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബെന്നിയുടെ നേതൃത്വത്തില്‍ അതോറിറ്റി അധികൃതര്‍ ജെ—സി—ബിയുമായെത്തി റോഡ് ബ്ലോക്ക് ചെയ്ത് ചൊവ്വാഴ്ച്ച സന്ധ്യയോടെ റോഡ് കുഴിക്കാനാരംഭിച്ചു. റോഡിന്റെ പകുതിയില്‍നിന്നാണ് കുഴിയെടുത്തു തുടങ്ങിയത് 13 മീറ്റര്‍ ദൂരം വടക്കേച്ചിറ റോഡ് ഭാഗത്തേക്കു കുഴിയെടുത്തപ്പോഴാണ് ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തിയത്.ചെമ്പൂക്കാവ് ടാങ്കില്‍ നിന്നും ഒളരിയിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനും തേക്കിന്‍കാട് ടാങ്കുമായി ബന്ധിപ്പിക്കുന്നതുമായിരുന്ന പഴയ 700 എംഎം പ്രിമോ പൈപ്പ് ലൈനില്‍ പൈപ്പുകളുടെ ജോയിന്റ് തള്ളി പോയതായിരുന്നു ചോര്‍ച്ച. 24 കോടി ചിലവാക്കി ഒളരിയിലേക്കു പുതിയ 700 എംഎം പൈപ്പ് ലൈന്‍ കോര്‍പ്പറേഷന്‍ എ—ഡിബി ഫണ്ടില്‍ സ്ഥാപിച്ച സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ടതായിരുന്നു ഈ പൈപ്പ് ലൈന്‍. ഉപേക്ഷിച്ച പൈപ്പ് ലൈനിലേക്കു വെള്ളം ഒഴുകാതിരിക്കാന്‍ നാലിടത്ത് ബ്ലോക്ക് ചെയ്തിട്ടുള്ളതുമാണ്. ആ നിലയില്‍ അതോറിറ്റിയുടെ കണക്കില്‍ ഈ പൈപ്പ് ലൈനില്‍ വെള്ളം ഉണ്ടാകാന്‍ പാടില്ല. രാത്രിയായപ്പോഴേയ്ക്കും ചോര്‍ച്ച കൂടി കൂടി വന്നു. വെള്ളം വറ്റിക്കുകതന്നെ പ്രയാസമായി. മൊത്തം 7.5 എച്ച്പി വരുന്ന മൂന്ന് മോട്ടോര്‍പമ്പുകള്‍ ഉപയോഗിച്ചായിരുന്നു വെള്ളം വറ്റിക്കാന്‍ ശ്രമം. ചോര്‍ച്ച കൂടിയപ്പോള്‍ തേക്കിന്‍കാട് ടാങ്കില്‍നിന്നും ചെമ്പൂക്കാവ് ടാങ്കില്‍നിന്നും പുറത്തേക്കുള്ള വെള്ളം ഒഴുകുന്ന വാള്‍വുകള്‍ അടച്ചു. എന്നിട്ടും പ്രവാഹം കൂടിയതോടെ തേക്കിന്‍കാട് ടാങ്ക് നിറയുന്നതോടെ പ്രഷര്‍ കൂടിയതാണ് ചോര്‍ച്ച കൂടാന്‍ കാരണമെന്ന് തെളിഞ്ഞു. തേക്കിന്‍കാട് ടാങ്ക് നിറഞ്ഞതോടെ പീച്ചിയില്‍ നിന്നും ഈ ടാങ്കിലേക്കുള്ള ഉല്‍പാദനവും നിറുത്തിവെച്ചു. തേക്കിന്‍കാട് ടാങ്കില്‍ നിന്നും  ഉപേക്ഷിച്ച പൈപ്പ് ലൈനിലൂടെ വന്‍തോതില്‍ വെള്ളം പാഴാകുന്നതായി ബോധ്യപ്പെട്ടെങ്കിലും പൈപ്പ് ലൈനിലേക്ക് എങ്ങിനെയാണ് വെള്ളം പ്രവേശിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയാതെ അതോറിറ്റി അധികൃതര്‍ കുഴഞ്ഞു. ചോര്‍ച്ചസ്ഥാനം കണ്ടെത്താനായത് തന്നെ പുലര്‍ച്ചയ്ക്കാണ്.700 എം.എം പ്രിമൊ പൈപ്പ് ലൈന്‍ മെയിന്‍ ലൈനാണ്. മെയിന്‍ ലൈന്‍നിന്നും സാധാരണ ആര്‍ക്കും കണക്ഷന്‍ നല്‍കാറില്ല. കോര്‍പറേഷന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തു കോര്‍പ്പറേഷന്‍ ജലവിതരണവിഭാഗം ആര്‍ക്കെങ്കിലും വെള്ളം ചോര്‍ത്തി കണക്ഷന്‍ കൊടുത്തിരിക്കാമെന്ന സംശയം അതോറിറ്റി അധികൃതര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ആ സാധ്യത കോര്‍പ്പറേഷന്‍ അധികൃതര്‍ പൂര്‍ണ്ണമായും തള്ളികളഞ്ഞു.തേക്കിന്‍കാട് ടാങ്കില്‍നിന്നുള്ള വെള്ളം മുനിസിപ്പല്‍ പ്രദേശത്ത് മാത്രം വിതരണത്തിന് സ്വരാജ് റൗണ്ടില്‍ 600 എംഎം പൈപ്പ് ലൈനിന്റെ റിങ്ങ് മെയില്‍ ഉണ്ട്. വടക്കേ പ്രദക്ഷിണ വഴിയില്‍ നെഹ്രുപാര്‍ക്കിന് സമീപം റിങ്ങ് മെയിനില്‍ ചെമ്പുക്കാവ് ടാങ്കും തേക്കിന്‍കാട് ടാങ്കും ബന്ധിപ്പിക്കുന്ന 700 എം.എം പൈപ്പ് ലൈനും വാള്‍വുമുണ്ട്. ഈ വാള്‍വ് രാജന്‍ പല്ലന്‍ മേയറായിരിക്കേ നഗരവികസനത്തിന്റെ ഭാഗമായി മാറ്റിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss