|    Oct 18 Thu, 2018 10:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജല അതോറിറ്റി : താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം പുതുക്കി നല്‍കണമെന്ന്

Published : 22nd September 2017 | Posted By: fsq

 

തിരുവനന്തപുരം: ജല അതോറിറ്റിയില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരുടെ ശമ്പളം സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാതൃകയില്‍ പുതുക്കിനല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ദിവസവേതന വര്‍ധന ജല അതോറിറ്റിയില്‍ നടപ്പാക്കാനാവില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് പറഞ്ഞു. ജല അതോറിറ്റിയുടെ അരുവിക്കര ഹെഡ്‌വര്‍ക്‌സ് ഡിവിഷന്റെ പരിധിയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നു 179 ദിവസത്തേക്ക് 350 രൂപ ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്‍ ജല അതോറിറ്റിയില്‍ നിന്നു വിശദീകരണം തേടിയിരുന്നു. പരാതിക്കാരനായ കെ ഷാജു 179 ദിവസത്തേക്ക് നിയമിതനായതാണെന്നും 2016ല്‍ പിരിഞ്ഞുപോയതായും വിശദീകരണത്തില്‍ പറയുന്നു. നിയമന ഉത്തരവില്‍ ദിവസവേതനം 350 രൂപയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റിയില്‍ എന്‍ജിനീയറുടെ റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പരാതിക്കാരന്‍ 2016 ജൂലൈ 22നു സംസ്ഥാന ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഹാജരാക്കി. ഇതില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ക്ക് 2014 ജൂണ്‍ 30 മുതല്‍ ശമ്പള വര്‍ധന ബാധകമാക്കിയിട്ടുണ്ടെന്ന് പറയുന്നു. പ്രസ്തുത ഉത്തരവില്‍ 179 ദിവസത്തേക്ക് നിയമിച്ചവര്‍ക്ക് ശമ്പള പരിഷ്‌കരണ പ്രകാരം ലഭിക്കുന്ന അധിക വേതന കുടിശ്ശിക ഒരുമിച്ചു നല്‍കണമെന്നും പറയുന്നു. ഉത്തരവ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പാക്കണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 2016 ജൂലൈ 22ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം വേതനം പുനര്‍നിര്‍ണയിച്ച് ഉത്തരവിറക്കണമെന്നും ഇതിനു കാലതാമസം ഉണ്ടാകരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഹരജിക്കാരനു പുതുക്കിയ വേതനം അനുസരിച്ചുള്ള കുടിശ്ശിക തുക നല്‍കണമെന്നും കമ്മീഷന്‍ ജല അതോറിറ്റി എംഡിക്ക് ഉത്തരവ് നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss