|    Sep 26 Wed, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജല്ലിക്കെട്ട്: വ്യാപക സംഘര്‍ഷം

Published : 24th January 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നിരോധനത്തിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വ്യാപക അക്രമം. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ പോലിസുകാര്‍ ലക്ഷക്കണക്കിനു പ്രതിഷേധകരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. മറീന ബീച്ചിലും മറ്റു നിരവധി സ്ഥലങ്ങളിലും പ്രക്ഷോഭകരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചെന്നൈയിലെ ഐസ് ഹൗസ് പോലിസ് സ്‌റ്റേഷന്‍ പ്രക്ഷോഭകര്‍ തീയിട്ടു. സ്‌റ്റേഷനു മുമ്പിലുള്ള 15ഓളം ബൈക്കുകളും സമരക്കാര്‍ കത്തിച്ചു. പോലിസ് സ്‌റ്റേഷനു നേരെ നടന്ന കല്ലേറില്‍ 22 പോലിസുകാര്‍ക്ക് പരിക്കേറ്റു. മറീന ബീച്ചിനടുത്ത പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപം സമരക്കാരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. പോലിസിനു നേരെ കത്തിച്ച  ടയറുകളും പെട്രോള്‍ ബോംബുകളുമെറിഞ്ഞു. ഒരു കാറും കത്തിച്ചു. അതേസമയം, ജല്ലിക്കെട്ടിനിടെ ഇന്നലെ ഒരാള്‍ കൂടി മരിച്ചു. മധുരയില്‍ ശ്രീവല്ലിപുരത്ത് ഞായറാഴ്ച കാളയുടെ കുത്തേറ്റു പരിക്കേറ്റ പോലിസുകാരന്‍ ശങ്കറാണ് മരിച്ചത്.  കുമലൂരില്‍ കാളയുടെ കുത്തേറ്റ് ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേരും പ്രക്ഷോഭത്തിനിടെ കുഴഞ്ഞുവീണ് ഒരാളും മരിച്ചിരുന്നു. അതേസമയം, ജല്ലിക്കെട്ട് ബില്ല് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് ബില്ല് പാസാക്കിയത്. മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വമാണ് ബില്ല് അവതരിപ്പിച്ചത്. സര്‍ക്കാര്‍ അനുമതിയോടെ തമിഴ്‌നാട്ടില്‍ എവിടെയും ജല്ലിക്കെട്ട് നടത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവയ്ക്കുന്നതോടെ ബില്ല് നിയമമാകും. ജല്ലിക്കെട്ടിനുള്ള സുപ്രിംകോടതി വിലക്ക് നീക്കിക്കൊണ്ട് ശനിയാഴ്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. പ്രക്ഷോഭകരെ നേരിടാന്‍ പോലിസ് പല സ്ഥലങ്ങളിലും കണ്ണീര്‍വാതകം പ്രയോഗിച്ചു. മറീന ബീച്ചിനടുത്തുള്ള ഭാരതി സലായില്‍ യുവാക്കള്‍ പോലിസിനു നേരെ കല്ലെറിഞ്ഞു. അവിടെ നിന്ന് പത്തു യുവാക്കളെ പോലിസ് പിടികൂടി. റോയപേട്ടയിലെ അവ്വായ് സലായിലും പോലിസും പ്രക്ഷോഭകരും തമ്മില്‍ സംഘര്‍ഷം നടന്നു. പ്രധാന റോഡുകളെല്ലാം സമരക്കാര്‍ ഉപരോധിച്ചു. പഴയ മഹാബലി റോഡിലിരുന്ന് ആയിരത്തോളം പ്രക്ഷോഭകരാണ് തടസ്സം സൃഷ്ടിച്ചത്. താരമണി, അളംഗനല്ലൂര്‍, മധുരയിലെ തമുക്കം ഗ്രൗണ്ട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി. മറീന ബീച്ചില്‍ കൈകോര്‍ത്തുപിടിച്ചുനിന്നു സമരക്കാര്‍ പോലിസിനെ ചെറുത്തു. ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടലില്‍ ചാടുമെന്ന് സമരക്കാര്‍ ഭീഷണിപ്പെടുത്തിയതോടെ പോലിസ് പിന്‍വാങ്ങി.  പ്രക്ഷോഭത്തെ തുടര്‍ന്ന് തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നു.   അതിനിടെ ചലച്ചിത്രതാരങ്ങളായ രജനീകാന്തും കമല്‍ ഹാസനും പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സമരക്കാരോട് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss