|    Oct 24 Wed, 2018 6:24 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജല്ലിക്കെട്ട്: പ്രതിഷേധം തുടരുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്

Published : 20th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നിരോധനത്തിനെതിരായ പ്രതിഷേധം മൂന്നാംദിവസവും തുടരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നു തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിക ള്‍ ബന്ദിന് ആഹ്വാനം ചെയ്തു.  ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഓട്ടോ-ടാക്‌സി സമരം നടക്കും. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്‌കരിക്കുമെന്ന് മദ്രാസ് ഹൈകോര്‍ട്ട് അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ബന്ദിനു ഡിഎംകെ പോണ്ടിച്ചേരി യൂനിറ്റും ജനതാദള്‍ യുനൈറ്റഡ്, സിപിഐ എന്നീ പാര്‍ട്ടികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ അടച്ചിടുമെന്ന് പോണ്ടിച്ചേരിയിലെ വ്യാപാരി അസോസിയേഷനും പ്രഖ്യാപിച്ചു.  മറീന ബീച്ചിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. 1960കളിലെ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിനു സമാനമായി ലക്ഷക്കണക്കിനു യുവാക്കളും വിദ്യാര്‍ഥികളുമാണ് സമരവുമായി രംഗത്തുള്ളത്. എ ആര്‍ റഹ്മാനും ചെസ് മാന്ത്രികന്‍ വിശ്വനാഥന്‍ ആനന്ദും ജല്ലിക്കെട്ടിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. കേസ് സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാവുമെന്നും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നു മാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് തന്നെ സന്ദര്‍ശിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തോടാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, ജല്ലിക്കെട്ട് പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പന്നീര്‍ശെല്‍വം അറിയിച്ചു. തമിഴ്‌നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തിലാണ് ജല്ലിക്കെട്ട് നിരോധനം എടുത്തുകളഞ്ഞ് കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പന്നീര്‍ശെല്‍വം പ്രധാനമന്ത്രിയെ കണ്ടത്. ജല്ലിക്കെട്ട് തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യമാണെന്നത് മനസ്സിലാക്കുന്നുവെന്നും സാധ്യമായ സഹായം നല്‍കാമെന്നും പറഞ്ഞ മോദി, നിലവിലെ സാഹചര്യത്തില്‍ ഇടപെട്ടാല്‍ ഉണ്ടാകുന്ന നിയമപ്രശ്‌നം ചൂണ്ടിക്കാട്ടുകയായിരുന്നു. തമിഴ്‌നാട്ടിലെ വരള്‍ച്ചയെക്കുറിച്ചു പഠിക്കുന്നതിനു കേന്ദ്രസംഘത്തെ തമിഴ്‌നാട്ടിലേക്ക് അയക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. ജല്ലിക്കെട്ടിനു സുപ്രിംകോടതി ഏര്‍പ്പെടുത്തിയ നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ നേരത്തേ ശ്രമം നടന്നിരുന്നു. എന്നാല്‍, കേസിന്റെ ഹരജിക്കാരായ ബംഗളൂരുവിലെ മൃഗസ്‌നേഹികളുടെ സംഘടനയായ പേറ്റയുടെ ഹരജിയുടെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി അതു തടഞ്ഞിരുന്നു. അതേസമയം, ജല്ലിക്കെട്ടില്‍ തമിഴ്‌നാട്ടിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജി സുപ്രിംകോടതിയില്‍ എത്തിയെങ്കിലും കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചു. ഹരജി മദ്രാസ് ഹൈക്കോടതിയില്‍ നല്‍കണമെന്നു വ്യക്തമാക്കി ചീഫ്ജസ്റ്റിസ് ജെ എസ് ഖേഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹരജി തള്ളുകയായിരുന്നു.  മറീന ബീച്ചില്‍ സമാധാനപരമായാണ് സമരം നടത്തുന്നതെങ്കിലും പോലിസ് അവരെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നു. അതിനാല്‍, കോടതി സ്വമേധയാ ഇടപെട്ട് വാദം കേള്‍ക്കണമെന്നായിരുന്നു രാജാരാമന്‍ എന്ന അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss