|    Oct 24 Wed, 2018 1:41 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജല്ലിക്കെട്ട്: ഓര്‍ഡിനന്‍സിന് കേന്ദ്രത്തിന്റെ അംഗീകാരം

Published : 21st January 2017 | Posted By: fsq

jellikett

ന്യൂഡല്‍ഹി: ജല്ലിക്കെട്ട് നിരോധിച്ച സുപ്രിംകോടതിയുടെ ഉത്തരവ് മറികടക്കാനായി തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിയമമന്ത്രാലയത്തിന്റെയും അംഗീകാരമാണ് ഓര്‍ഡിനന്‍സിനു ലഭിച്ചത്. ഭേദഗതികളോടെയാണ് നിയമമന്ത്രാലയം ഓര്‍ഡിനന്‍സ് അംഗീകരിച്ചതെന്നാണ് റിപോര്‍ട്ട്. അംഗീകാരം നല്‍കും മുമ്പ് നിയമമന്ത്രാലയം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെ ഉപദേശവും തേടി. നിരോധനത്തിനെതിരേ തമിഴ്‌നാട്ടിലെ  ജനജീവിതം സ്തംഭിപ്പിച്ച് തുടര്‍ച്ചയായ നാലാം ദിവസവും ശക്തമായ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് നിരോധനം നീക്കി ജല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കിയത്. വൈകീട്ടോടെ ഓര്‍ഡിനന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. ഓര്‍ഡിനന്‍സിന്റെ കരട് പരിസ്ഥിതി-നിയമ-സാംസ്‌കാരിക മന്ത്രാലയങ്ങളുടെ കൂടി അംഗീകാരത്തോടെ ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ഇന്നു കൈമാറും. രാഷ്ട്രപതിയുടെ കൂടി അംഗീകാരം ലഭിക്കുന്നതോടെ ഓര്‍ഡിനന്‍സ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അയക്കും. ഇതോടെ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്താന്‍ സര്‍ക്കാരിനു കഴിയും.  അതേസമയം, ജല്ലിക്കെട്ട് സംബന്ധിച്ച കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രിംകോടതിയില്‍ നിന്നു വിധിയുണ്ടാവില്ല. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് സുപ്രിംകോടതിയുടെ നടപടി. സംസ്ഥാനത്തെ നിലവിലെ വൈകാരിക സാഹചര്യം പരിഗണിച്ച് ജല്ലിക്കെട്ട് സംബന്ധിച്ച കേസില്‍ ഒരാഴ്ചത്തേക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി, കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഇന്നലെ ആവശ്യപ്പെടുകയായിരുന്നു. ജല്ലിക്കെട്ട് നടത്താന്‍ അനുമതി കൊടുത്ത കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹരജികളില്‍ വാദം പൂര്‍ത്തിയായതിനാല്‍ കേസില്‍ വിധി പറയുന്നത് നീട്ടിവച്ചിരിക്കുകയായിരുന്നു. പ്രാദേശിക സംസ്‌കാരത്തിന്റെ ഭാഗമെന്ന നിലയ്ക്ക് ജല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നതാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. മൃഗങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം നാടിന്റെ തനതു സംസ്‌കാരങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു. നിരോധനം നിലവിലുണ്ടെങ്കിലും പരിപാടി നടത്താന്‍ നിയമത്തിന്റെ പിന്തുണ ലഭിക്കുന്ന വിധത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി പന്നീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നു. .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss