|    Oct 17 Wed, 2018 4:23 am
FLASH NEWS
Home   >  National   >  

ജല്ലിക്കെട്ടിനായി തമിഴ്‌നാട്ടില്‍ പ്രക്ഷോഭം തുടരുന്നു; ബന്ദ്, നിരാഹാരവുമായി റഹ്മാനും ആനന്ദും

Published : 20th January 2017 | Posted By: G.A.G

jallikattu-protest

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നിരോധനത്തിനെതിരായ പ്രതിഷേധം  തുടരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നു തമിഴ്‌നാട്ടില്‍ പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു.  ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  സംസ്ഥാനത്തെ ഓട്ടോ-ടാക്‌സികളും സമരത്തിലാണ്. ട്രെയിനുകള്‍ ഉപരോധിക്കാന്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. ചലച്ചിത്ര താരങ്ങളുള്‍പ്പടെയുള്ള തമിഴ്‌നാട്ടിലെ പ്രമഖരുമെല്ലാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിനു  പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ഉപവാസമിരിക്കുമെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനും മുന്‍ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്‌കരിക്കുമെന്ന് മദ്രാസ് ഹൈകോര്‍ട്ട് അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ബന്ദിനു ഡിഎംകെ പോണ്ടിച്ചേരി യൂനിറ്റും ജനതാദള്‍ യുനൈറ്റഡ്, സിപിഐ എന്നീ പാര്‍ട്ടികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ അടച്ചിടുമെന്ന് പോണ്ടിച്ചേരിയിലെ വ്യാപാരി അസോസിയേഷനും പ്രഖ്യാപിച്ചിരിക്കുകയാണ്.   മറീന ബീച്ചിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.

1960കളിലെ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിനു സമാനമായി ലക്ഷക്കണക്കിനു യുവാക്കളും വിദ്യാര്‍ഥികളുമാണ് സമരവുമായി രംഗത്തുള്ളത്. എ ആര്‍ റഹ്മാനും ചെസ് മാന്ത്രികന്‍ വിശ്വനാഥന്‍ ആനന്ദും ജല്ലിക്കെട്ടിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. കേസ് സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാവുമെന്നും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നു മാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് തന്നെ സന്ദര്‍ശിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തോടാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, ജല്ലിക്കെട്ട് പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പന്നീര്‍ശെല്‍വം അറിയിച്ചു. തമിഴ്‌നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തിലാണ് ജല്ലിക്കെട്ട് നിരോധനം എടുത്തുകളഞ്ഞ് കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പന്നീര്‍ശെല്‍വം പ്രധാനമന്ത്രിയെ കണ്ടത്. ജല്ലിക്കെട്ട് തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യമാണെന്നത് മനസ്സിലാക്കുന്നുവെന്നും സാധ്യമായ സഹായം നല്‍കാമെന്നും പറഞ്ഞ മോദി, നിലവിലെ സാഹചര്യത്തില്‍ ഇടപെട്ടാല്‍ ഉണ്ടാകുന്ന നിയമപ്രശ്‌നം ചൂണ്ടിക്കാട്ടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss