|    Feb 20 Tue, 2018 6:41 pm
FLASH NEWS
Home   >  News now   >  

ജല്ലിക്കെട്ടിനായി തമിഴ്‌നാട്ടില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി

Published : 19th January 2017 | Posted By: G.A.G

JELLYONE

ചെന്നൈ: ജല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ മറീന ബീച്ചില്‍ തടിച്ചുകൂടി. ജല്ലിക്കെട്ടിനു വേണ്ടിയുള്ള പ്രക്ഷോഭം തമിഴ്‌നാട്ടില്‍  പടരുകയാണ്. ജല്ലിക്കെട്ടിന് അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പന്നീര്‍ശെല്‍വം ഇന്നു പ്രധാനമന്ത്രിയെ കണ്ടുവെങ്കിലും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാകില്ലെന്ന് മോഡി അറിയിച്ചു. ജല്ലിക്കെട്ട് നിരോധനത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടാണ് പനീര്‍ശെല്‍വം ഡിഎംകെ എംപിമാരോടൊപ്പം പ്രധാനമന്ത്രിയെ കണ്ടത്..
ജല്ലിക്കെട്ടിന്റെ സാംസ്‌കാരിക പാരമ്പര്യം അംഗീകരിക്കുന്നുവെന്നും എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാകില്ലെന്നും അറിയിച്ച പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി.
പ്രതിഷേധം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. ഐടി ജീവനക്കാരും സിനിമാതാരങ്ങളും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. മധുര, ശിവഗംഗ, പാട്ടുകോട്ടൈ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതീകാത്മകമായി ജല്ലിക്കെട്ട് നടത്തിയതായി റിപോര്‍ട്ടുണ്ട്. ജല്ലിക്കെട്ട് നിരോധിച്ച സുപ്രിംകോടതി ഉത്തരവ് തമിഴ്‌വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. തമിഴ് സംസ്‌കാരത്തിന്റെ പ്രതീകമാണ് ജല്ലിക്കെട്ടെന്നും അവര്‍ പറയുന്നു. രാമേശ്വരത്ത് ജല്ലിക്കെട്ട് അനുകൂലികളായ ഏഴു പേര്‍ പാമ്പന്‍ റെയില്‍വേ പാലത്തില്‍ ധര്‍ണ നടത്തി. ശിവഗംഗയിലെ കാണിപ്പട്ടിയില്‍ ജല്ലിക്കെട്ട് സംഘടിപ്പിച്ചവരെ പിരിച്ചുവിടാന്‍ പോലിസ് ചൂരല്‍ പ്രയോഗിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss