|    Jul 23 Mon, 2018 7:58 am

ജലോല്‍സവം; തുരുത്തിപ്പുറവും കാശിനാഥനും ജേതാക്കള്‍

Published : 25th September 2017 | Posted By: fsq

 

പറവൂര്‍: കരയിലും പുഴയിലും ആവേശം അലയടിച്ച ഗോതുരുത്ത് ജലോല്‍സവത്തില്‍ എ വിഭാഗത്തില്‍ തുരുത്തിപ്പുറത്തിനും ബി വിഭാഗത്തില്‍ കാശിനാഥനും വിജയിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ ഒപ്പത്തിനൊപ്പം മല്‍സരിച്ച് ഫൈനലില്‍ ഫോട്ടോ ഫിനിഷിങ് വ്യത്യാസത്തിലാണ് തുരുത്തിപ്പുറം വള്ളം ഹനുമാന്‍ നമ്പര്‍ 1 നെ പരാജയപ്പെടുത്തിയത്. ഗോഡ് വിന്‍രാജു ക്യാപ്റ്റനായ ടിബിസി ബോട്ട് ക്ലബ്ബാണ് തുരുത്തിപ്പുറം വള്ളം തുഴഞ്ഞത്. ജിന്റ്റോ മണവാളന്റെ നേതൃത്വത്തില്‍ ടിബിസി കൊച്ചിന്‍ ടൗണ്‍ ക്ലബ്ബാണ് ഹനുമാന്‍ ഓടി വള്ളം തുഴഞ്ഞത്. ബി വിഭാഗത്തില്‍ കൊച്ചിന്‍ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ജിന്റ്റോ മണവാളന്‍ ക്യാപ്റ്റനായ കൊച്ചിന്‍ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ കാശിനാഥന്‍ വിജയിച്ചു. സിബില്‍ ആന്റണി നായരമ്പലം നയിച്ച ബിടിസി കൊച്ചിയുടെ ചെറിയ പണ്ഡിതനാണ് രണ്ടാം സ്ഥാനം. ഹീറ്റ്‌സും ഫൈനലുമടക്കം 12 മത്സരങ്ങള്‍ നടന്നു. കോട്ടപ്പുറത്തു നിന്നും ആരംഭിച്ച്— കൊടുങ്ങല്ലൂര്‍ കായല്‍ കടന്നു പെരിയാറിന്റെ കൈവഴിയിലൂടെ ഗോതുരുത്ത് പള്ളിയുടെയും മൂത്തകുന്നം ക്ഷേത്രത്തിന്റെയും മുന്നിലുള്ള ഫിനിഷിങ് പോയിന്റെത്തുന്നതുവരെ ഒപ്പത്തിനൊപ്പം തുഴഞ്ഞു വന്ന വള്ളങ്ങള്‍ കരയിലും പുഴയിലും ആവേശം വിതറി. ഇരുകരകളിലുമായി ആയിരകണക്കിന് ജനങ്ങളാണ് മല്‍സരം കാണാനെത്തിയത്.  ഗോതുരുത്ത് സ്‌പോര്‍ട്‌സ് ആന്റ്് ആര്‍ട്ട്‌സ് 80ാമത് ജലോത്സവമാണ് നടന്നത്. രാവിലെ മന്ത്രി പി തിലോത്തമന്‍ മല്‍സരം ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി ആശീര്‍വാദകര്‍മ്മം നിര്‍വഹിച്ചു. വി ഡി സതീശന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രഫ കെ വി തോമസ്— എംപി, എസ് ശര്‍മ്മ എംഎല്‍എ ഫാ.ജോണ്‍സണ്‍റോച്ച  സംസാരിച്ചു. വടക്കേക്കര എസ് ഐ ഷോജോ വര്‍ഗീസ്, വോളിബാള്‍ താരം ബിജോയ് ബാബുവും സമ്മാനദാനം നിര്‍വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss