|    Nov 19 Mon, 2018 12:41 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ജലീലിന് കുരുക്ക്; അടിതെറ്റി ഷാജി

Published : 11th November 2018 | Posted By: kasim kzm

രാഷ്ട്രീയ കേരളം  –  എച്ച് സുധീര്‍

ഭരണരംഗത്ത് രണ്ടര വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാര്‍ പല കാരണങ്ങളാല്‍ പേരുദോഷത്തില്‍ ഒട്ടും പിന്നിലല്ലെന്നത് തള്ളിക്കളയാനാവാത്ത വസ്തുതയാണ്. നവകേരള നിര്‍മാണ ലക്ഷ്യത്തിലൂടെയും പ്രളയദുരന്തത്തെ നേരിടാനുള്ള നടപടികളിലൂടെയും അടുത്തിടെ നേടിയെടുത്ത മോശമല്ലാത്ത പ്രതിച്ഛായ സര്‍ക്കാരിന്റെ ജനപ്രതിനിധികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തുകൊണ്ടിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഒരു കോണിലൂടെ വേട്ടയാടുമ്പോള്‍ മറുതലയ്ക്കല്‍ വര്‍ഗീയതയുടെ വാളുമേന്തി സംഘപരിവാരം ജനാധിപത്യ കശാപ്പിന് കോപ്പുകൂട്ടുകയുമാണ്.
കേരളത്തില്‍ ജനപ്രതിനിധികള്‍ക്ക് കണ്ടകശ്ശനിയുടെ കാലമാണ്. പ്രത്യേകിച്ച് എല്‍ഡിഎഫില്‍. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ മാറ്റിവച്ചാല്‍ ഇന്ന് കേരളം പ്രധാനമായും ചര്‍ച്ച ചെയ്യുന്ന രണ്ടു പേരുകളാണ് കെ ടി ജലീലും കെ എം ഷാജിയും. ഒരാള്‍ മന്ത്രി, മറ്റേയാള്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിക്കു ശേഷം 2016ല്‍ പിണറായി വിജയന്റെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ മന്ത്രിമാരുടെ പേരില്‍ വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഒപ്പമുണ്ട്. ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരാണ് ഇതിനു തുടക്കം കുറിച്ചതെന്നു പറയാം. മൂവരും മന്ത്രിസഭയില്‍ നിന്നു പുറത്തേക്കും പോയി.
ഏറെ വൈകാതെ ജയരാജനും ശശീന്ദ്രനും മന്ത്രിസഭയില്‍ തിരിച്ചെത്തിയെങ്കിലും നഷ്ടപ്പെട്ട പ്രതിച്ഛായ ഇപ്പോഴും സര്‍ക്കാരിനു വീണ്ടെടുക്കാനായിട്ടില്ല. ഇതിനിടെ, എംഎല്‍എമാരായ പി കെ ശശി, മുകേഷ് എന്നിവര്‍ക്കെതിരായി ഉയര്‍ന്ന പീഡനപരാതികളും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. ഈ വിവാദങ്ങളുടെ ആഴങ്ങളില്‍ നിന്ന് ഇപ്പോഴും പാര്‍ട്ടിക്ക് കരകയറാന്‍ കഴിഞ്ഞിട്ടുമില്ല. ഇത്തരം പ്രതിസന്ധികള്‍ തലങ്ങും വിലങ്ങും വേട്ടയാടുന്നതിനിടെയാണ് അഴിമതി ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തനായ മന്ത്രി ജലീലിനെ പ്രതിപക്ഷം പ്രതിസ്ഥാനത്താക്കിയത്. മുസ്‌ലിം ലീഗാണ് ജലീലിനെതിരേ ഒന്നിനു പിറകെ ഒന്നായി ആരോപണങ്ങള്‍ ഉന്നയിച്ചത്.
ബന്ധുനിയമനങ്ങള്‍ക്കു പിന്നാലെ, യുജിസി ചട്ടം മറികടന്ന് ബംഗളൂരു ആസ്ഥാനമായ സ്വകാര്യ സര്‍വകലാശാലയ്ക്ക് കൊച്ചിയില്‍ ഓഫ് കാംപസ് അനുവദിച്ചതായാണ് പുതിയ ആരോപണം. യുജിസി ചട്ടങ്ങള്‍ പ്രകാരം സര്‍വകലാശാലകള്‍ക്ക് അതിന്റെ ആസ്ഥാനപരിധിക്ക് അപ്പുറം കാംപസുകളോ പഠനകേന്ദ്രങ്ങളോ തുടങ്ങാനാവില്ല. മന്ത്രി ജലീലിന്റെ പ്രത്യേക താല്‍പര്യപ്രകാരം ചട്ടം മറികടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് അനുമതി നല്‍കിയെന്നാണ് ആക്ഷേപം.
മുസ്‌ലിം ലീഗില്‍ നിന്നു മറുകണ്ടം ചാടി എല്‍ഡിഎഫിലെത്തിയ കെ ടി ജലീലിനോട് ലീഗിനുള്ള വിദ്വേഷം അവര്‍ണനീയമാണ്. എന്നാല്‍, വസ്തുതകള്‍ നിരത്തി മലവെള്ളപ്പാച്ചില്‍ പോലെ ആരോപണങ്ങള്‍ വന്നിട്ടും മന്ത്രി കെ ടി ജലീലിനെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമുള്ളതാണ്. ബന്ധുനിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കാനുള്ള ധൈര്യം മറ്റു മന്ത്രിമാര്‍ക്ക് ലഭിച്ചുവെന്ന് പ്രതിപക്ഷം സംശയിക്കുന്നതില്‍ കഴമ്പില്ലെന്നു പറയാന്‍ പറ്റുമോ?
പിണറായി സര്‍ക്കാരിന്റെ മധുവിധു കാലത്ത് മന്ത്രിസഭയിലെ രണ്ടാമനും പിണറായിയുടെ വലംകൈയുമായ ജയരാജനെ ബന്ധുനിയമന ആരോപണത്തിലൂടെ തെറിപ്പിക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസമാണ് ജലീലിന്റെ കാര്യത്തിലും യൂത്ത്‌ലീഗും യുഡിഎഫും പുലര്‍ത്തുന്നതെന്നു തോന്നുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജലീലിനു പൂര്‍ണ പിന്തുണ നല്‍കി. ജലീലിനെ ലക്ഷ്യമിട്ട് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണ്. യോഗ്യതയുള്ളവര്‍ ഇല്ലാതെവന്നപ്പോള്‍ നടത്തിയ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ പിശകുകളൊന്നുമില്ല. നിയമനത്തില്‍ പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്ന സമീപനം സ്വീകരിക്കാനും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നുമാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പ്രതിപക്ഷം അടുത്ത തുറുപ്പുചീട്ട് ഇറക്കേണ്ടിവരുമെന്നു സാരം. പക്ഷേ, ജലീലിന്റെ പ്രതിരോധം പാളുന്നതിനാല്‍ ഭാവിയില്‍ പ്രശ്‌നമുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടുമാവാം പാര്‍ട്ടി ഔദ്യോഗിക വിശദീകരണത്തിനു മുതിരാത്തത്.
എല്‍ഡിഎഫ് ജനപ്രതിനിധികളേക്കാള്‍ ഒട്ടും പിന്നിലല്ല തങ്ങളെന്നു തെളിയിക്കും പോലെയാണ് പ്രതിപക്ഷവും. ഇത്തവണ ആ കുരുക്കില്‍പ്പെട്ടത് അഴീക്കോട് എംഎല്‍എ കെ എം ഷാജിയാണ്. വര്‍ഗീയ പ്രചാരണം നടത്തിയെന്ന പേരില്‍ കെ എം ഷാജിയുടെ നിയമസഭാംഗത്വം കോടതി റദ്ദാക്കിയത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ക്കു തുടക്കം കുറിക്കുമെന്ന കാര്യം ഉറപ്പാണ്. 1957ലെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ കേരളത്തില്‍ തിരഞ്ഞെടുപ്പു കേസുകളും അംഗത്വം അസാധുവാക്കലും ആരംഭിച്ചിട്ടുണ്ടെങ്കിലും വര്‍ഗീയ പ്രചാരണത്തിന്റെ പേരില്‍ ഇതിനു മുമ്പ് കോടതിവിധി ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ളത് മൂന്നു സാമാജികര്‍ക്കാണ്.
1977ല്‍ കെ എം മാണിയുടെയും സി എച്ച് മുഹമ്മദ് കോയയുടെയും തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടര്‍ന്ന് ഒന്നാം ആന്റണി മന്ത്രിസഭയില്‍ നിന്ന് ഇരുവരും രാജിവച്ചെങ്കിലും സുപ്രിംകോടതി ഇവര്‍ക്ക് അനുകൂല വിധി നല്‍കി. 1987ല്‍ വര്‍ഗീയതയെന്ന ആരോപണവുമായി മട്ടാഞ്ചേരി എംഎല്‍എ മുസ്‌ലിം ലീഗിലെ എം ജെ സകരിയാ സേട്ടിനെതിരേ എതിര്‍ സ്ഥാനാര്‍ഥി എം പി മുഹമ്മദ് കോടതിയിലെത്തി തിരഞ്ഞെടുപ്പ് റദ്ദാക്കി. സകരിയാ സേട്ട് സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
കെ എം ഷാജിക്കെതിരേ അപ്രതീക്ഷിതമായെത്തിയ കോടതിവിധി യുഡിഎഫിനും മുസ്‌ലിംലീഗിനും കനത്ത ആഘാതമായിട്ടുണ്ട്. 89 വോട്ടിനു കഷ്ടിച്ചു കടന്നുകൂടിയ മഞ്ചേശ്വരമായിരുന്നു ലീഗിനെ തിരഞ്ഞെടുപ്പിനു ശേഷം വല്ലാതെ അലട്ടിയിരുന്നത്. അവിടെ ജയിച്ച പി ബി അബ്ദുല്‍ റസാഖിനെതിരേ എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ കെ സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പു കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് റസാഖ് മരിക്കുന്നത്. ഇതോടെ വീണ്ടും തിരഞ്ഞെടുപ്പിനുള്ള സാധ്യത ഉയര്‍ന്നു. എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്താക്കിയ തിരഞ്ഞെടുപ്പായിരുന്നു മഞ്ചേശ്വരത്തേത്. ഇവിടെ ഉപതിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാമെന്ന് യുഡിഎഫ് കരുതിയിരിക്കുമ്പോഴാണ് അഴീക്കോട്ട് മുന്നണിയുടെ കരുത്തനായ യുവനേതാവ് കെ എം ഷാജിയെ കോടതി അയോഗ്യനാക്കുന്നത്. അഴീക്കോട്ട് രണ്ടാം തവണയാണ് കെ എം ഷാജി ജയിക്കുന്നത്. 2011ല്‍ സിപിഎമ്മിലെ എം പ്രകാശനെ 493 വോട്ടുകള്‍ക്ക് തോല്‍പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാജിയെ പിടിച്ചുകെട്ടാന്‍ സാക്ഷാല്‍ എം വി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ നികേഷ് കുമാറിനെ സിപിഎം രംഗത്തിറക്കിയെങ്കിലും ഷാജി ഭൂരിപക്ഷം 2287 വോട്ടായി വര്‍ധിപ്പിച്ചു.
അതീവ താല്‍പര്യത്തോടെയാണ് അഴീക്കോട്ടെ തിരഞ്ഞെടുപ്പു ഫലം കേരളം നോക്കിക്കണ്ടത്. മേല്‍ക്കോടതിയില്‍ പോയി അനുകൂല വിധി ലഭിച്ചില്ലെങ്കില്‍ അഴീക്കോട്ടും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഈ മാസം 27നു നിയമസഭാ സമ്മേളനം തുടങ്ങും മുമ്പ് മേല്‍ക്കോടതിയെ സമീപിക്കാനാണ് മുസ്‌ലിംലീഗിന്റെയും യുഡിഎഫിന്റെയും തീരുമാനം. നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫിന്റെ ശക്തനായ യുവനേതാവിന്റെ നിയമസഭാംഗത്വം നിലനിര്‍ത്തുക, വര്‍ഗീയ പ്രചാരണം നടത്തിയെന്ന ചീത്തപ്പേര് മാറ്റിയെടുക്കുക. ഇതിനായി എത്രയും വേഗം സുപ്രിംകോടതിയെ സമീപിക്കുക മാത്രമാണ് ലീഗിനും യുഡിഎഫിനും മുന്നിലുള്ള വഴി. ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയാണെങ്കില്‍ കെ എം ഷാജിക്ക് നിയമസഭാംഗമായി തുടരാം. പക്ഷേ, അന്തിമ വിധി വരുന്നതുവരെ എംഎല്‍എയുടെ പ്രധാനപ്പെട്ട അവകാശങ്ങള്‍ അദ്ദേഹത്തിന് ഉണ്ടാവില്ല. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss