|    Feb 21 Tue, 2017 11:08 am
FLASH NEWS

ജലീലിന് എന്തറിയാം; സിഎച്ച് മുത്തല്ലേ ചേട്ടാ…

Published : 27th October 2016 | Posted By: SMR

എച്ച് സുധീര്‍

സോണിയ… ഓള്‍ മുത്തല്ലേ ബേബി ചേട്ടാ. മഹേഷിന്റെ പ്രതികാരത്തില്‍ ക്രിസ്പിന്റെ ഈ ഡയലോഗ് ഏറെ കൈയടി നേടിയിരുന്നു. എന്നാലിവിടെ ധനകാര്യബില്ലിന്‍ മേലുള്ള ചര്‍ച്ചയില്‍ താരം ക്രിസ്പിനല്ല, പി കെ ബഷീറാണ്. മന്ത്രി കെ ടി ജലീല്‍ താടി വിവാദത്തിലേക്ക് സിഎച്ചിനെ വലിച്ചിട്ടതാണ് ബഷീറിനെ വേദനിപ്പിച്ചത്. സിഎച്ച് നമ്മടെ മുത്താണ്, തങ്കക്കുടമാണ്. സിഎച്ചിനെക്കുറിച്ച് പറയാനുള്ള ജലീലിന്റെ യോഗ്യത എന്താണെന്നാണ് ബഷീറിന്റെ സംശയം. സിമി, ലീഗ്, ഇപ്പോള്‍ സിപിഎം. ജലീലിന്റെ മൂന്നാമത്തെ സത്രമാണിത്. മെച്ചമുണ്ടെന്ന് തോന്നിയാല്‍ നാലാമത്തെ സത്രമായ ബിജെപിയിലേക്കും പോവും. ജലീലിന്റെ ഓണ്‍ ഫാദറിനും ഗോഡ്ഫാദറിനും താടിയുണ്ടത്രേ. ഓണ്‍ഫാദറിനെ മനസ്സിലായെങ്കിലും ഗോഡ്ഫാദറിനെ മനസ്സിലായില്ലെന്ന് കമന്റുയര്‍ന്നതോടെ കാന്തപുരമെന്ന് ബഷീര്‍ വെളിപ്പെടുത്തി.
ബാപ്പയെ പറഞ്ഞതു സഹിച്ചെങ്കിലും ഉസ്താദിനെ പരാമര്‍ശിച്ചതു ചിലര്‍ക്കത്ര പിടിച്ചില്ല. ഉടന്‍വന്നു ഭരണപക്ഷത്തുനിന്നും പിടിഎ റഹിം വകയൊരു പോയിന്റ് ഓഫ് ഓര്‍ഡര്‍. ഉസ്താദിനെ കുറിച്ചുള്ള പരാമര്‍ശം സഭാരേഖയില്‍ നിന്നും നീക്കണമെന്ന്. വിവരമില്ലാത്ത വക്കീലന്‍മാര്‍ പലതുംപറയും സ്പീക്കര്‍ കാര്യമാക്കേണ്ടെന്നായിരുന്നു ബഷീറിന്റെ മറുപടി. ഇതോടെ ഭരണപക്ഷം ശബ്ദമുയര്‍ത്തിയപ്പോള്‍ വീണ്ടുമെത്തി ബഷീറിന്റെ വെല്ലുവിളി. മര്യാദയ്ക്ക് നിന്നോളിന്‍, അല്ലേല്‍ ഇനി ഒരൊറ്റ കുട്ടീം പ്രസംഗിക്കില്ലെന്ന്. ന്യൂനപക്ഷങ്ങള്‍ക്ക് ലീഗ് ഒന്നും ചെയ്തില്ലെന്ന ഷംസീറിന്റെ പരാമര്‍ശവും ബഷീറിനെ ചൊടിപ്പിച്ചു. 2.45 കോടി മുസ്‌ലിംകളുള്ള ബംഗാളില്‍ 35 വര്‍ഷം ഭരിച്ച സിപിഎം ന്യൂനപക്ഷങ്ങള്‍ക്ക് എന്താണ് നല്‍കിയത്. അവിടെയുള്ളവരെല്ലാം ഇപ്പോള്‍ കേരളത്തിലേക്ക് വരികയാണ്. മുസ്‌ല്യാക്കന്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ലീഗ് തീരുമാനിച്ചപ്പോള്‍ മുല്ല-മുക്രി പെന്‍ഷന്‍ എന്നുപറഞ്ഞ് നാടുനീളെ പരിഹസിച്ചവരാണ് ഭരണപക്ഷത്തുള്ളവര്‍. ഉന്നതവിദ്യാഭ്യാസ ശ്രേണിയിലേക്ക് പാവങ്ങളില്‍ പാവങ്ങളായ ജനവിഭാഗത്തെ കൈപിടിച്ചുയര്‍ത്തിയതും ലീഗാണെന്നും ബഷീര്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി.
ബഷീറിന്റെ ബംഗാള്‍ പരാമര്‍ശത്തിനു പ്രതിരോധം തീര്‍ത്തത് എം എം മണിയാണ്. യുപി, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം മുസ്‌ലിംകള്‍ ധാരാളമുണ്ട്. എന്നാല്‍, വീണപറമ്പില്‍ തലയില്ലെന്നതാണ് സ്ഥിതി. ബംഗാളില്‍ സിപിഎം ഭരിച്ചപ്പോള്‍ ഒരുമുസ്‌ലിമിനെ പോലും നുള്ളി നോവിക്കാന്‍ അനുവദിച്ചിട്ടില്ല. ബഷീര്‍ കൂവിയാല്‍ തനിക്ക് അതിലും വേഗത്തില്‍ കൂവേണ്ടിവരുമെന്നും മണിയാശാന്‍ മുന്നറിയിപ്പ് നല്‍കി.
ധനസ്ഥിതിയെ മാരകമായി പരിക്കേല്‍പ്പിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പടിയിറങ്ങിയതെന്ന് കെ ദാസന്‍ ചൂണ്ടിക്കാട്ടി. തന്റെ നാട്ടില്‍ കുളയട്ടയുണ്ട്. ചോര കുടിച്ചു ചീര്‍ക്കുമ്പോള്‍ മാത്രമാണ് അട്ട കടിച്ച വിവരമറിയുക. പിന്നൊരു പരാക്രമമാണ്. എത്രശ്രമിച്ചാലും അട്ട പിടിവിടൂല്ല. ഉപ്പോ, പുകയിലയോ പ്രയോഗിക്കണം. സമാനമായി കേരളജനത ഉപ്പ് പ്രയോഗിച്ചപ്പോഴാണ് അധികാരത്തില്‍ കടിച്ചുതൂങ്ങിയ യുഡിഎഫ് പിടിവിട്ടതെന്നും ദാസന്‍ പരിഹസിച്ചു. ജെസിബി ഉപയോഗിച്ച് ചെടിയെ മൂടോടെ പിഴുതെടുക്കുന്ന നിലയിലാണ് ധനമന്ത്രിയുടെ നികുതി നിര്‍ദേശങ്ങളെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. എകെജി സെന്ററില്‍ ടെര്‍മിനലുണ്ടാക്കി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച് ഫിറ്റു ചെയ്തുവെന്ന തരത്തിലാണ് ഭരണപക്ഷത്തുനിന്നുള്ള പ്രതികരണങ്ങളെന്ന് സണ്ണി ജോസഫ് പരിഹസിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക